മൂലമറ്റം വൈദ്യുതി നിലയം അടച്ചു; 4 ജില്ലകളിൽ ഒരു മാസത്തേക്ക് ജലവിതരണം തടസപ്പെടും
- Published by:Sneha Reghu
- news18-malayalam
Last Updated:
ഇന്നു രാവിലെ 9 മണിമുതൽ അറ്റകുറ്റപ്പണികൾ ആരംഭിക്കും
ഇടുക്കി: അറ്റകുറ്റപ്പണികൾക്കായി ഇടുക്കിയിലെ മൂലമറ്റം വൈദ്യുതി നിലയം ബുധനാഴ്ച മുതൽ ഒരു മാസത്തേക്ക് അടച്ചു. ഇതിനെ തുടർന്ന്, 4 ജില്ലകളിൽ ഒരു മാസത്തേക്ക് ജലവിതരണം മുടങ്ങും. വൈദ്യുതി ഉത്പാദനം നിർത്തിയെങ്കിലും സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
മൂലമറ്റം വൈദ്യുതി നിലയത്തിലെ ആറ് ജനറേറ്ററുകളുടെയും പ്രവർത്തനം ഇന്നലെ രാത്രി ഒൻപതോടെ നിർത്തിവെച്ചു. തുടർന്ന് കുളമാവിലെ ഇൻടേക് വാൽവിന്റെ ഷട്ടർ അടച്ചു. പുലർച്ചെ 2ന് ഒരു ജനറേറ്റർ പ്രവർത്തിപ്പിച്ച് പെൻസ്റ്റോക്കിലെ വെള്ളം ഒഴുക്കിക്കളഞ്ഞ ശേഷം ഇന്നു രാവിലെ 9ന് അറ്റകുറ്റപ്പണികൾ ആരംഭിക്കും. 5, 6 ജനറേറ്ററുകളുടെ അപ്സ്ട്രീം സീലുകളുടെ അറ്റകുറ്റപ്പണിക്കായാണ് നിലയം അടച്ചിടുന്നത്. പണികൾ തീരാൻ ഏകദേശം ഒരു മാസമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വൈദ്യുതി നിലയം അടച്ചത് നാല് ജില്ലകളിലെ ശുദ്ധജല വിതരണ പദ്ധതികളെ പ്രതികൂലമായി ബാധിക്കും. തൊടുപുഴ നഗരത്തിലും സമീപത്തെ ഏഴ് പഞ്ചായത്തുകളിലും കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം നേരിടാൻ സാധ്യതയുണ്ട്. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ 18 പഞ്ചായത്തുകളിലും ചേർത്തല നഗരസഭയിലും ശുദ്ധജലവിതരണം മുടങ്ങാൻ സാധ്യതയുണ്ടെന്ന് ജല അതോറിറ്റി അറിയിച്ചിട്ടുണ്ട്. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി താഴാൻ സാധ്യതയുള്ളതിനാൽ, ആറിലെ ജലത്തെ ആശ്രയിച്ചു നിൽക്കുന്ന കോട്ടയം ജില്ലയിലെ വൈക്കം മേഖലയിലും എറണാകുളത്തെ വിവിധ പ്രദേശങ്ങളിലും ശുദ്ധജലവിതരണം തടസ്സപ്പെട്ടേക്കാം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
November 12, 2025 8:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂലമറ്റം വൈദ്യുതി നിലയം അടച്ചു; 4 ജില്ലകളിൽ ഒരു മാസത്തേക്ക് ജലവിതരണം തടസപ്പെടും


