ലഹരിമരുന്ന് കൈമാറുന്നതിനിടെ ഇടുക്കി പൊലീസ് അസോസിയേഷൻ നേതാവിനെ ഓടിച്ചിട്ട് പിടികൂടി; സുഹൃത്തും പിടിയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
നിരോധിത ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവും കൈമാറ്റം ചെയ്യുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെയും സുഹൃത്തിനെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഇടുക്കി: ലഹരിമരുന്ന് കൈമാറുന്നതിനിടെ പൊലീസ് അസോസിയേഷൻ നേതാവിനെയും സുഹൃത്തിനെയും എക്സൈസ് സംഘം ഓടിച്ചിട്ട് പിടികൂടി. ഇടുക്കി എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ മുതലക്കോടം പെട്ടേനാട് മുണ്ടയ്ക്കൽ എം.ജെ.ഷാനവാസ് (33), സുഹൃത്ത് കുമാരമംഗലം കല്ലുമാരി കുന്നത്ത് ഷംനാസ് കെ.ഷാജി (33) എന്നിവരാണ് അറസ്റ്റിലായത്. നിരോധിത ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവും കൈമാറ്റം ചെയ്യുന്നതിനിടെയാണ് എക്സൈസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്.
പൊലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും പൈനാവ് എആർ ക്യാംപിലെ അസി. ജിഡി ചുമതലയുള്ള ആളുമാണ് അറസ്റ്റിലായ ഷാനവാസ്. പ്രതികളിൽ നിന്നു 3.6 ഗ്രാം എംഡിഎംഎയും 20 ഗ്രാം ഉണക്കക്കഞ്ചാവും പിടികൂടി. ഷാനവാസ് സഞ്ചരിച്ച കാറും ഷംനാസിന്റെ ബൈക്കും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് ക്യാംപിൽ ലഹരിമരുന്ന് വിൽപന നടത്തുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി എക്സൈസ് സംഘം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.
advertisement
കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥന്റെ കാറിൽവെച്ച് ഷംനാസ്, ഷാനവാസിന് ലഹരിമരുന്നു കൈമാറുന്നതിനിടെയാണു എക്സൈസ് സംഘം വളഞ്ഞത്. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഷംനാസ് ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു.
എ. ആർ ക്യാംപിൽ ലഹരിമരുന്ന് വിൽക്കാൻ ശ്രമിച്ചതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ മുട്ടം ജില്ലാ കോടതിയിൽ ഹാജരാക്കി. എക്സൈസ് ഇൻസ്പെക്ടർ സി. പി. ദിലീപ്, അസി. ഇൻസ്പെക്ടർ ഷാഫി, പ്രിവന്റീവ് ഓഫിസർമാരായ ഒ.എച്ച്.മൻസൂർ, പി.എ.സെബാസ്റ്റ്യൻ, പി.ദേവദാസ്, സാവിച്ചൻ മാത്യു, സിവിൽ എക്സൈസ് ഓഫിസർമാരായ എ.കെ.ദിലീപ്, എ.എൽ.സുബൈർ, ആസിഫ് അലി, അനീഷ് ജോൺ, കെ.സിന്ധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 21, 2022 10:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലഹരിമരുന്ന് കൈമാറുന്നതിനിടെ ഇടുക്കി പൊലീസ് അസോസിയേഷൻ നേതാവിനെ ഓടിച്ചിട്ട് പിടികൂടി; സുഹൃത്തും പിടിയിൽ









