കൊച്ചി: ഇ. പി ജയരാജനെതിരെ കേസെടുത്തില്ലെങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്ന് വി.ഡി സതീശൻ . ജയരാജൻ മുഖ്യമന്ത്രിയുടെ ചീഫ് സെക്യൂരിറ്റി ഓഫിസറാണോയെന്നും അദ്ദേഹം ചോദിച്ചു . വിമാനത്തിൽ മദ്യപിച്ച ഒരാളെ പോലെയാണ് ജയരാജൻ വിമാനത്തിനുള്ളിൽ പെരുമാറിയത്. എന്നാൽ മദ്യപിച്ചെന്ന് താൻ പറയില്ലെന്നും സതീശൻ പറഞ്ഞു. പ്രവർത്തകർ മദ്യപിച്ചുവെന്ന ജയരാജൻ്റെ പ്രസ്താവന കള്ളമാണ്. ജയരാജാണ് പ്രവർത്തകരെ ആക്രമിച്ചത്.
സി പി എം നേതൃത്വത്തിലിരിക്കുന്നതും സി പി എമ്മിനെ നിയന്ത്രിക്കുന്നതും ക്രിമിനലുകളാണ്. വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പാർട്ടി സംരക്ഷിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു. വിമാനത്തിൽ മുദ്രാവാക്യം വിളിച്ചതിൻറെ പേരിൽ ആണ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. ഇതാദ്യമായല്ല മുദ്രാവാക്യം മുഴക്കുന്നത്. എന്നാൽ അതിന് വധശ്രമത്തിന് കേസെടുക്കുന്നത് ആദ്യമായാണ്. ഇതുകൊണ്ടൊന്നും പ്രവർത്തകരുടെ സമരവീര്യം ഇല്ലാതാകില്ലെന്നും സതീശൻ പറഞ്ഞു. താനോ സുധാകരനോ പറഞ്ഞിട്ടല്ല പ്രവർത്തകർ പ്രതിഷേധിച്ചത്. പറഞ്ഞു വിട്ടതാണെങ്കിൽ അത് തുറന്നു പറയാനുള്ള ആർജവം തങ്ങൾക്കുണ്ട്.
മോദിയേക്കാളും യോഗി ആദിത്യനാഥി നേക്കാളും വലിയ ഏകാധിപതി ചമയുന്ന പിണറായി, ഹിറ്റ്ലറെക്കാൾ വലിയ ഏകാധിപതിയാണെന്നും വി.ഡി സതീശൻ പറഞ്ഞു.സംസ്ഥാനത്ത് സി പി എം അക്രമം അഴിച്ചു വിടുകയാണ് കോൺഗ്രസ് എസ് പാർട്ടി ഓഫീസുകൾ കത്തിച്ചു , ഓഫീസുകൾക്ക് നേരെ ബോംബെറിഞ്ഞു , ഗാന്ധി പ്രതിമയുടെ കഴുത്തു വെട്ടി. അപ്പോൾ സി പി എം കാരല്ലേ ഭീകരപ്രവർത്തനം നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. ബോംബ് സ്‌റ്റോക്കുള്ള പാർട്ടികൾ ആർ എസ് എസും സി പി എമ്മുമാണ്.
സമരം വഴിതെറ്റിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എന്നാൽ ഞങ്ങൾ സമരവുമായി മുന്നോട്ടു പോകും.
മുഖ്യമന്ത്രിയുടെ അകമ്പടി കാറിലിരുന്ന ഉദ്യോഗസ്ഥർ അക്രമം കാണിക്കുന്നു. ഇവർക്കെതിരെയാണ് വധശ്രമത്തിന് കേസെടുക്കേണ്ടത്. അമിത വേഗതയിൽ വരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പ്രതിഷേധിക്കുന്നവർക്ക് നേരെയാണ് തിരിയുന്നത്. അതിൽ നിന്നും ലാത്തിവീശി പ്രവർത്തകരെ തല്ലാനാണ് ശ്രമിക്കുന്നത് . സി പി എം, എം എൽ എ മാർ ഭീഷണിയുടെ സ്വരത്തിൽ എഫ് ബി പോസ്റ്റടുന്നു . എന്നാൽ ഇതു കണ്ട് ആരും പേടിക്കില്ല. പിണറായി വിജയൻ നവകേരളം സൃഷ്ടിക്കുകയാണ്. അദ്ദേഹത്തിൻ്റെ താത്പര്യം മാത്രമാണ് നടപ്പാക്കുന്നത്.
സ്വപ്നയുടെ കേസിൽ മുഖ്യമന്ത്രി അറിയാതെ ഉയർന്ന പൊലീസുദ്യോഗസ്ഥർ ഇടനിലക്കാരാകില്ല. ഉദ്യോഗസ്ഥർ പറഞ്ഞിട്ടാണ് ഇടനിലക്കാർ വന്നതെന്ന് അവർ തന്നെ വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ ഇതുവരെയും അവരെ ചോദ്യം ചെയ്തിട്ടുമില്ല. ഇതെല്ലാം ഒത്തുകളിയാണ് സൂചിപ്പിക്കുന്നത്.
കെ റയിലിന് അനുകൂലമായി കേന്ദ്രം ഒരു സമയത്തും നിലപാട് എടുത്തിട്ടില്ല. ഇപ്പോൾ മുഖ്യമന്ത്രി എടുത്തിട്ടുള്ള സമീപനം സമരങ്ങളുടെ പശ്ചാത്തലത്തിൽ ഉള്ളതാണ്. ഇതിന് തൃക്കാക്കരയിലെ ജനങ്ങളോടാണ് നന്ദി പറയേണ്ടതെന്നും വിഡി സതീശൻ പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.