തിരുവനന്തപുരം: സ്വയം വിമര്‍ശനം കോണ്‍ഗ്രസിന്റെ അജണ്ടയിലുണ്ടെങ്കില്‍ ശബരിമലയിലെ നിലപാട് തിരുത്തി പുതിയ തലമുറയോട് മാപ്പ് പറയണമെന്ന് തോമസ് ഐസക്. 2019ലെ പാര്‍ലമെന്റ് ഫലത്തിന്റെ തനിയാവര്‍ത്തനം സ്വപ്നം കണ്ട് ശബരിമല തെരഞ്ഞെടുപ്പു വിഷയമാക്കിയ യുഡിഎഫിനും ബിജെപിയ്ക്കും മുഖമടച്ച പ്രഹരമാണ് കേരളജനത നല്‍കിയതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2019ല്‍ 96 ലക്ഷം വോട്ട് കിട്ടിയ യുഡിഎഫിന്റെ വിഹിതം ഇത്തവണ 82 ലക്ഷമായി ഇടിഞ്ഞെന്നും ബിജെപിയുടെ 31 ലക്ഷം വോട്ടുകള്‍ 26 ലക്ഷമായെന്നും തോമസ് ഐസക് പറഞ്ഞു. അതേസമയം എല്‍ഡിഎഫിന്റെ വോട്ടുകള്‍ 71 ലക്ഷത്തില്‍ നിന്ന് 94 ലക്ഷമായി വര്‍ദ്ധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലഭിച്ച 96 ലക്ഷം വോട്ടിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
'സത്യപ്രതിജ്ഞയ്ക്ക് തീയതി കുറിക്കുന്നു, വകുപ്പു സെക്രട്ടറിമാരെ തീരുമാനിക്കുന്നു, താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നു, വേണ്ടപ്പെട്ട പ്രമാണിമാര്‍ക്ക് സുപ്രധാന ലാവണങ്ങള്‍ മുന്‍കൂട്ടി പറഞ്ഞു വെയ്ക്കുന്നു. അങ്ങനെ സ്വപ്നാടനത്തിനിടയില്‍ എന്തെല്ലാം കാട്ടിക്കൂട്ടി?' അദ്ദേഹം പരിഹസിച്ചു.
തോമസ് ഐസകിന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം2019ലെ പാര്‍ലമെന്റ് ഫലത്തിന്റെ തനിയാവര്‍ത്തനം സ്വപ്നം കണ്ട് ശബരിമല തിരഞ്ഞെടുപ്പു വിഷയമാക്കിയ യുഡിഎഫിനും ബിജെപിയ്ക്കും മുഖമടച്ച പ്രഹരമാണ് കേരളജനത നല്‍കിയത്. വിശ്വാസവും ആചാരവുമൊന്നും രാഷ്ട്രീയക്കളിയ്ക്കുള്ള കരുക്കളല്ലെന്ന് അവര്‍ക്ക് ഇപ്പോള്‍ ബോധ്യമായിക്കാണും. പൊതുബോധത്തില്‍ നഞ്ചുകലക്കി മീന്‍പിടിക്കാനിറങ്ങിയവരെ ജനം ആഞ്ഞു തൊഴിച്ചു. പരിചയ സമ്പത്തും അനുഭവപരിചയവും കൊണ്ട് മാതൃകയാകേണ്ടവരും യൂത്തുകോണ്‍ഗ്രസിലും കെഎസ് യുവിലും പിച്ചവെച്ചു തുടങ്ങിയവരും ഒരുപോലെ തിരഞ്ഞെടുപ്പു വിജയം സ്വപ്നം കണ്ടത് ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരിലാണ്. നമ്മുടെ രാഷ്ട്രീയ പ്രബുദ്ധതയ്ക്കും സാക്ഷരതയ്ക്കും തീരാക്കളങ്കമായി അവരൊക്കെ ചരിത്രത്തില്‍ ഇടം നേടും.
കഴിഞ്ഞ പാര്‍ലമെന്റു തിരഞ്ഞെടുപ്പുഫലവുമായി താരതമ്യം ചെയ്യുമ്പോഴാണ് യുഡിഎഫ് ബിജെപി സംയുക്ത മുന്നണിയുടെ പതനത്തിന്റെ ആഴവും കേരള ജനത നല്കിയ പ്രഹരത്തിന്റെ ഊക്കും മനസിലാവുക. 2019ല്‍ 96 ലക്ഷം വോട്ടു കിട്ടിയ യുഡിഎഫിന്റെ വിഹിതം ഇക്കുറി 82 ലക്ഷമായി ഇടിഞ്ഞു. ബിജെപിയുടെ 31 ലക്ഷം വോട്ടുകള്‍ 26 ലക്ഷമായി.
രണ്ടു കൊല്ലത്തെ ഇടവേളയില്‍ വര്‍ഗീയ മുന്നണിയില്‍ നിന്ന് ചോര്‍ന്നത് പതിനാലും അഞ്ചും പതിനെട്ടു ലക്ഷം വോട്ടുകള്‍. അതേസമയം എല്‍ഡിഎഫിന്റെ വോട്ടുകള്‍ 71 ലക്ഷത്തില്‍ നിന്ന് 94 ലക്ഷമായി കുതിച്ചുയര്‍ന്നു. 23 ലക്ഷം വോട്ടിന്റെ വര്‍ദ്ധന. ഭീമമായ ഈ വോട്ടു വ്യതിയാനമാണ് യുഡിഎഫിന്റെയും ബിജെപിയുടെയും മനക്കോട്ട തകര്‍ത്തത്. കച്ചവടത്തിനുറപ്പിച്ച വോട്ടിന്റെ എത്രയോ മടങ്ങ് ചോര്‍ന്നുപോയി.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലഭിച്ച 96 ലക്ഷം വോട്ടില്‍ കണ്ണുവെച്ചാണ് യുഡിഎഫ് നേതാക്കള്‍ ആത്മവിശ്വാസത്തിന്റെ ഉമിനീരു നുണഞ്ഞത്. വോട്ടെണ്ണലിന്റെ തലേന്നു വരെ എന്തൊരു ആത്മവിശ്വാസമായിരുന്നു. എന്തൊക്കെയായിരുന്നു തയ്യാറെടുപ്പുകള്‍!
സത്യപ്രതിജ്ഞയ്ക്ക് തീയതി കുറിക്കുന്നു, വകുപ്പു സെക്രട്ടറിമാരെ തീരുമാനിക്കുന്നു, താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നു, വേണ്ടപ്പെട്ട പ്രമാണിമാര്‍ക്ക് സുപ്രധാന ലാവണങ്ങള്‍ മുന്‍കൂട്ടി പറഞ്ഞു വെയ്ക്കുന്നു. അങ്ങനെ സ്വപ്നാടനത്തിനിടയില്‍ എന്തെല്ലാം കാട്ടിക്കൂട്ടി?
96 ലക്ഷത്തില്‍ നിന്ന് എത്ര കുറഞ്ഞാലും ജയിക്കാനുള്ള വോട്ടും സീറ്റും ലഭിക്കുമെന്നായിരുന്നു യുഡിഎഫിന്റ് പ്രതീക്ഷ. അഭിപ്രായ സര്‍വെകളെ പുച്ഛിച്ചു തള്ളാന്‍ കുഞ്ഞാലിക്കുട്ടിയ്ക്കും സംഘത്തിനും ആവേശം നല്‍കിയത് ഈ വോട്ടു കണക്കാണ്. ബിജെപിയുടെ കൈസഹായം കൂടിയാകുമ്പോള്‍ ഒന്നും പേടിക്കാനേയില്ലെന്നും മനക്കോട്ട കെട്ടി. അങ്ങനെയാണ് ആചാരസംരക്ഷണ നിയമത്തിന്റെ കരടുമായി ബുദ്ധിശാലകള്‍ രംഗത്തിറങ്ങിയത്.
എന്തൊക്കെയാണ് പിന്നെ കേരളം കണ്ടത്? പത്രസമ്മേളനങ്ങളിലും പ്രസ്താവനകളിലും പ്രസംഗങ്ങളും മൈക്ക് അനൌണ്‍സ്മെന്റുുകളിലും വാട്സാപ്പ് ഫോര്‍വേഡുകളിലും കുടിലത കുലംകുത്തിയൊഴുകി. കേള്‍ക്കാനും പറയാനുമറയ്ക്കുന്ന നുണകളും ആക്ഷേപങ്ങളും പൊതുമണ്ഡലത്തെ മലീമസമാക്കി. യുഡിഎഫിന്റെയും ബിജെപിയുടെയും പ്രചരണവാഹനങ്ങളും അനൌണ്സ്മെന്റും തിരിച്ചറിയാനാവാത്ത വിധം ഒന്നായി. ഈ വര്‍ഗീയ സഖ്യത്തിന്റെ പരസ്യമായ അഴിഞ്ഞാട്ടത്തിനാണ് കേരളത്തിന്റെ തെരുവുകള്‍ സാക്ഷിയായത്. എന്നാല്‍ ഈ നീചരാഷ്ട്രീയത്തിന്റെ കടയ്ക്കല്‍ പ്രബുദ്ധരായ ജനം ആഞ്ഞു വെട്ടുക തന്നെ ചെയ്തു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തന്നെ ചുവരെഴുത്ത് വ്യക്തമായിരുന്നു. പ്രാദേശിക സര്‍ക്കാരുകളെ തിരഞ്ഞെടുക്കുന്ന സമയത്തും യുഡിഎഫും ബിജെപിയും ആചാരസംരക്ഷണവും ശബരിമലയുമൊക്കെത്തന്നെയാണ് കത്തിച്ചത്. പക്ഷേ, അന്നും എല്‍ഡിഎഫിന് 87 ലക്ഷം വോട്ടു ലഭിച്ചു. യുഡിഎഫിന് 78 ലക്ഷവും ബിജെപിയ്ക്ക് 30 ലക്ഷവും. ജനം കൈയൊഴിഞ്ഞു തുടങ്ങിയതിന്റെ ആദ്യലക്ഷണം.
ആ വിജയത്തിന്റെ ശോഭ കെടുത്താന്‍ നിഷേധാത്മരാഷ്ട്രീയം ആളിക്കത്തിക്കുകയാണ് യുഡിഎഫും ബിജെപിയും ചെയ്തത്. തുറുപ്പു ചീട്ടായി ആചാരസംരക്ഷണ നിയമം തട്ടിക്കൂട്ടുകയും ചെയ്തു. അതൊന്നും ഏശിയില്ല. എന്നു മാത്രമല്ല, യുഡിഎഫും ബിജെപിയും കേരളത്തിന്റെ സൈ്വരക്കേടാണ് എന്ന് ജനങ്ങള്‍ക്ക് ബോധ്യമാവുകയും ചെയ്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വീണ്ടും എല്‍ഡിഎഫ് മുന്നോട്ടു കുതിച്ചു. ഏഴു ലക്ഷം വോട്ട് പിന്നെയും കൂടി.
ഈ അനുഭവത്തില്‍ നിന്ന് അവരെന്തെങ്കിലും പാഠം പഠിക്കുമോ? ഇല്ല. അടുത്തത് കസേരകളിയുടെ ഊഴമാണ്. ഏതാനും വ്യക്തികളുടെ ഇളക്കി പ്രതിഷ്ഠ പ്രതീക്ഷിക്കാം. പക്ഷേ, അതുകൊണ്ടുമാത്രം ഈ തകര്‍ച്ചയെ യുഡിഎഫ് അതിജീവിക്കുകയില്ല.
ഈ തകര്‍ച്ചയില്‍ നിന്ന് രക്ഷപെടണമെങ്കില്‍ പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ബാധ്യതയാകുന്ന നിലപാടുകള്‍ ത്യജിക്കാന്‍ യുഡിഎഫ് തയ്യാറാകണം. അപരിഷ്കൃതമായ കാലത്തേയ്ക്കുള്ള പിന്നടത്തത്തിന് ശാഠ്യം പിടിക്കുന്നവരെ തിരുത്താന്‍ യുവാക്കള്‍ മുന്നോട്ടു വരണം. രാഷ്ട്രീയമായ വിയോജിപ്പുകള്‍ വേണം. പക്ഷേ, അതിനും മുകളിലാണ് മനുഷ്യാന്തസ്. അതില്‍ തൊട്ടുകളിക്കുന്നവരോടു സമരസപ്പെടുന്നത് അടുത്ത തലമുറയോടു ചെയ്യുന്ന ചതിയാണ്.
സ്വയംവിമര്‍ശനം കോണ്‍ഗ്രസിന്റെ അജണ്ടയിലുണ്ടെങ്കില്‍ ശബരിമലയിലെ നിലപാട് തിരുത്തി പുതിയ തലമുറയോട് മാപ്പു പറയണം. ആചാരസംരക്ഷണ നിയമവുമായി രംഗത്തിറങ്ങിയവരെ മൂലയ്ക്കിരുത്തണം. അത്തരം തുറന്നു പറച്ചിലുകളാണ് കോണ്‍ഗ്രസിലെ യുവാക്കളില്‍ നിന്ന് നാട് ആഗ്രഹിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.