HOME » NEWS » Kerala » IS KV THOMAS COMING TO LDF THROUGH KERALA CONGRESS MANI GROUP RV TV

കെ.വി.തോമസ് ഇടത്തേക്ക് വരുന്നത് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലൂടെയോ? നേതാക്കളുമായി ചർച്ച നടത്തിയതായി സൂചന

കെ.വി.തോമസ് നാളെ എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇനിയുള്ള നീക്കങ്ങൾ നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

News18 Malayalam | news18-malayalam
Updated: January 22, 2021, 1:53 PM IST
കെ.വി.തോമസ് ഇടത്തേക്ക് വരുന്നത് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലൂടെയോ? നേതാക്കളുമായി ചർച്ച നടത്തിയതായി സൂചന
കെ വി തോമസ്
  • Share this:
കൊച്ചി: ഇടത് മുന്നണിയിലേക്കുള്ള കെ.വി.തോമസിൻ്റെ പാത കേരള കോൺഗ്രസ് (എം) വഴിയാണെന്ന് സൂചന. കോൺഗ്രസിൽ ഇനി തെരഞ്ഞെടുപ്പ് മത്സരത്തിനുള്ള വഴികൾ അടഞ്ഞതോടെയാണ് കെ.വി.തോമസ് പുതിയ മാർഗം തേടുന്നത്. രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുക, സീറ്റ് നേടുക എന്ന രണ്ട് ആവശ്യങ്ങളും കേരള കോൺഗ്രസിലൂടെ സാധിക്കാൻ കഴിയുമെന്നാണ് തോമസ് മാഷ് കരുതുന്നത്. ജോസ് കെ.മാണി വിഭാഗത്തിന് ഒരു മുതിർന്ന നേതാവിൻ്റെ സാന്നിധ്യവും ഗുണം ചെയ്യും. പോരെങ്കിൽ ജോസഫ് ഗ്രൂപ്പുമായുള്ള മത്സരത്തിൽ കരുത്തർ പാർട്ടിയിലേക്ക് എത്തുന്നു എന്ന പ്രതീതി ഉണ്ടാക്കാനും കഴിയും.

കെ.വി.തോമസിൻ്റെ ലക്ഷ്യം

ലീഡറുടെ ചാണക്യ ബുദ്ധി കണ്ടു പഠിച്ച കെ.വി.തോമസിന് കേരള കോൺഗ്രസ് പ്രവേശനം മധുരമായ പകരം വീട്ടലാണ്. കേരള കോൺഗ്രസിൻ്റെ കൈവശം രാജ്യസഭാ സീറ്റുണ്ട്. ഇനി എറണാകുളം നീയമസഭാ സീറ്റ് വേണമെങ്കിൽ അതിനും മാർഗങ്ങളുണ്ട്. സ്ഥിരമായി സി പി എമ്മിന് നഷ്ടപ്പെടുന്ന സീറ്റ് കെ.വി.തോമസിലൂടെ വീണ്ടെടുക്കാൻ കഴിയുമെങ്കിൽ പാർട്ടിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും. ഏതായാലും നീയമസഭയിൽ എത്തുക എന്നതിന് തന്നെയാണ് തോമസ് മാഷ് മുൻതൂക്കം കൊടുക്കുന്നത്. എറണാകുളത്തുകാർക്ക് മാഷിനോളം പരിചിതനായ സ്ഥാനാർത്ഥിയില്ല. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും ഒട്ടും പിന്നിലല്ല. അതു കൊണ്ട് യു.ഡി.എഫിന് മാഷുമായുള്ള ഏറ്റുമുട്ടൽ നിസാരമായി കാണാൻ കഴിയില്ല. കത്തോലിക്ക സമുദായാംഗം ആണെന്നതും കെ.വി.തോമസിന് അനുകൂലമാണ്.

Also Read- സീറ്റ് ഇല്ലെങ്കിൽ കോൺഗ്രസ് വിടാനൊരുങ്ങി കെ വി തോമസ്; സ്വാഗതം ചെയ്ത് സിപിഎം

കോൺഗ്രസിൽ നിന്നു കൊണ്ട് ഇനി ഒരു തെരഞ്ഞെടുപ്പ് മത്സരം അത്ര എളുപ്പമല്ലെന്ന് കെ.വി.തോമസ് തിരച്ചറിഞ്ഞു കഴിഞ്ഞു. പഴയ ബഹുമാനങ്ങൾ മാറ്റിവച്ചു കൊണ്ട് പരസ്യ വിമർശനത്തിനും നേതാക്കൾ തയ്യാറായിത്തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടി പുനഃസംഘടനയിലും സ്ഥാനങ്ങൾ ലക്ഷ്യമിട്ട് പ്രൊഫ.കെ.വി.തോമസ് നടത്തുന്ന നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാൻ ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോൺഗ്രസ് നേതാക്കളുടെ തീരുമാനം. ഇനി സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങേണ്ടതില്ല. 35 വർഷം എംപിയും എംഎൽഎയും ആയ ആൾ ഇനിയും സ്ഥാനമാനങ്ങൾ ചോദിക്കുന്നത് അപാരമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി എൻ.വേണുഗോപാൽ കഴിഞ്ഞ ദിവസം തുറന്നടിച്ചു.

തെരഞ്ഞെടുപ്പ് നടക്കുമ്പോഴൊക്കെ കെ.വി.തോമസ് അസ്വസ്ഥനായിട്ട് കാര്യമില്ലെന്നാണ് എൻ.വേണുഗോപാൽ പറയുന്നത്. കോൺഗ്രസിൽ നിന്നു കൊണ്ട് നിരവധി സ്ഥാനത്ത് കെ.വി.തോമസ് എത്തിയിട്ടുണ്ട്. എംപി, എംഎൽഎ, സംസ്ഥാന മന്ത്രി, കേന്ദ്ര മന്ത്രി, പിഎസി ചെയർമാൻ തുടങ്ങി തോമസ് മാഷ് ഇരിക്കാത്ത രാഷ്ട്രീയ കസേരകൾ കുറവാണ്.
പാർട്ടിയ്ക്കായി കാര്യമായി എന്തെങ്കിലും ഇൻവെസ്റ്റ് ചെയ്തിട്ടല്ല കെ.വി.തോമസിന് സ്ഥാനങ്ങൾ നൽകിയതെന്നും വേണുഗോപാൽ തുറന്നടിക്കുന്നു.

Also Read- പ്രതിപക്ഷത്തിന്റെ എതിർപ്പ് തള്ളി; സിഎജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം നിയമസഭ പാസാക്കി

ഇത്തരം വിമർശനങ്ങൾ സഹിച്ച് പാർട്ടിയിൽ തുടരേണ്ടതില്ലെന്നാണ് കെ.വി.തോമസിൻ്റെ തീരുമാനം. സി പി എം വഴി നേരിട്ട് ഇടതുമുന്നണിയിലേക്ക് എത്തുന്നതിനേക്കാൾ രാഷ്ട്രീയമായി ഗുണം ചെയ്യുക കേരള കോൺഗ്രസ് വഴിയുള്ള മുന്നണി പ്രവേശനമാണ്. അതിനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടത്തുന്നത്. നാളെ എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇനിയുള്ള നീക്കങ്ങൾ നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
Published by: Rajesh V
First published: January 22, 2021, 1:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories