കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഗ്രാമപഞ്ചായത്ത് അധ്യക്ഷൻമാരെ തിരഞ്ഞെടുത്തപ്പോഴാണ് കോട്ടയം ജില്ലയിൽ രാഷ്ട്രീയ നീക്കങ്ങൾ ഏറെ ഉണ്ടായത്. ഒരു മുന്നണിയിലും ഇല്ലാതിരുന്ന പി സി ജോർജ് നേതൃത്വം നൽകുന്ന ജനപക്ഷം സെക്യുലർ പൂഞ്ഞാർ തെക്കേക്കരയിൽ ഇടതുമുന്നണിയെ പിന്തുണച്ചു. സി പി എമ്മിലെ ജോർജ് അത്തിയാലിൽ ആണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. യു ഡി എഫ് അഞ്ച്, എൽ ഡി എഫ് 5, ജനപക്ഷം നാല് എന്നിങ്ങനെയായിരുന്നു കക്ഷിനില. ജനപക്ഷം തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നിരുന്നെങ്കിൽ ഇവിടെ നറുക്കെടുപ്പ് ഉണ്ടാകുമായിരുന്നു. യു ഡി എഫിന് തങ്ങളുടെ പിന്തുണ വേണ്ടെന്നു പറഞ്ഞിരുന്നതായി ജില്ലാ പഞ്ചായത്ത് അംഗവും ജനപക്ഷം നേതാവുമായ ഷോൺ ജോർജ് പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് തങ്ങൾ യു ഡി എഫിന് പിന്തുണ നൽകാതിരുന്നതെന്നും ഷോൺ പറഞ്ഞു.
കേരള കോൺഗ്രസ് ശക്തികേന്ദ്രമായ മുത്തോലിയിൽ ആണ് മറ്റൊരു പ്രധാനപ്പെട്ട രാഷ്ട്രീയനീക്കം ഉണ്ടായത്. മുത്തോലി പഞ്ചായത്തിൽ ബി ജെ പി അധികാരത്തിൽ എത്തി. ജി രഞ്ജിത്താണ് ഇവിടെ പഞ്ചായത്ത് പ്രസിഡന്റ് ആയത്. തെരഞ്ഞെടുപ്പിൽ മുത്തോലി പഞ്ചായത്തിൽ ബി ജെ പി ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നത്. ആറ് അംഗങ്ങളായിരുന്നു ഇവിടെ ബി ജെ പിക്ക്. എൽ ഡി എഫ് സ്ഥാനാർഥി രാജൻ മുണ്ടമറ്റത്തിന് അഞ്ച് വോട്ടുകൾ കിട്ടി. യു ഡി എഫിൽ നിന്നുള്ള രണ്ട് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. മുന്നണിയിലെ ഘടകകക്ഷികളുടെ സഹായമില്ലാതെ തന്നെ ഒറ്റയ്ക്ക് ഭരിക്കാൻ കേരള കോൺഗ്രസ് എമ്മിന് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഇവിടെ ശക്തിയുണ്ടായിരുന്നു. മുത്തോലിക്ക് പുറമേ പള്ളിക്കത്തോട് പഞ്ചായത്തിൽ ബിജെപി അധികാരത്തിൽ എത്തി. ബിജെപിയിലെ ആശാ ഗിരീഷാണ് പ്രസിഡന്റ്. ഇതാദ്യമായാണ് കോട്ടയം ജില്ലയിൽ ബി ജെ പി പഞ്ചായത്തുകളിൽ അധികാരത്തിലെത്തുന്നത്.
You may also like:ഇഎംഎസിന്റെ ജന്മനാട്ടിൽ എൽ ഡി എഫിന് 40 വർഷത്തിനു ശേഷം ഭരണം നഷ്ടമായി; യു ഡി എഫിനെ ഭാഗ്യം കടാക്ഷിച്ചു
[NEWS]Aisha Shah | നമ്മുടെ അയിഷ ഇനി ജോ ബൈഡന്റെ ടീമിൽ; അതും ബൈഡന്റെ ഡിജിറ്റൽ ടീമിൽ സീനിയറായി [NEWS] '2020 എനിക്ക് മടുത്തു; തെണ്ടി തെണ്ടി ഞാൻ വെറുത്തു': വൈറലായി നീരജ് മാധവിന്റെ പുതിയ റാപ് സോംഗ് [NEWS]തെരഞ്ഞെടുപ്പിൽ ഇത് ആദ്യമായി മത്സരിച്ച വൺ ഇന്ത്യ വൺ പെൻഷൻ അംഗങ്ങൾ ഒരു പഞ്ചായത്ത് ഭരണത്തിൽ എത്തി എന്നതാണ് മറ്റൊരു സവിശേഷത. ഉഴവൂർ
പഞ്ചായത്ത് ഭരണത്തിലാണ് വൺ ഇന്ത്യ വൺ അംഗം ജോണിസ് പി സ്റ്റീഫൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഇവിടെ രണ്ട് അംഗങ്ങൾ മാത്രമായിരുന്നു വൺ ഇന്ത്യ വൺ പെൻഷൻ പാർട്ടിക്ക് ഉണ്ടായിരുന്നത്. അഞ്ച് അംഗങ്ങളുള്ള യു ഡി എഫ് പിന്തുണ നൽകിയതോടെയാണ് അധികാരത്തിലെത്തിയത്. എൽ ഡി എഫിന് അഞ്ചും ബി ജെ പിക്ക് ഒരംഗവും ഉഴവൂർ ഗ്രാമപഞ്ചായത്തിൽ ഉണ്ട്. 22 വയസ് മാത്രമുള്ള ജോണിസ് പി സ്റ്റീഫൻ ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ വിദ്യാർത്ഥിയാണ്. ഉഴവൂരിന് പുറമേ കൊഴുവനാൽ മേലുകാവ് പഞ്ചായത്തുകളിൽ വൺ ഇന്ത്യ വൺ പെൻഷൻ അംഗങ്ങൾ വൈസ് പ്രസിഡന്റുമാരായി.
എരുമേലിയിൽ ആണ് അപ്രതീക്ഷിതമായ മറ്റൊരു നീക്കമുണ്ടായത്. ഇവിടെ യു ഡി എഫ് വിമതയായി വിജയിച്ച ആളുടെ വോട്ട് അസാധുവായതോടെ നറുക്കെടുപ്പിലേക്ക് കടക്കുകയായിരുന്നു. എൽ ഡി എഫിന് നറുക്കു വീണതോടെ തങ്കമ്മ ജോർജ്ജുകുട്ടി പ്രസിഡന്റായി. ജില്ലയിൽ നറുക്കെടുപ്പ് നടന്ന നാല് പഞ്ചായത്തുകളിൽ മൂന്നിടത്തും എൽ ഡി എഫ് അധികാരത്തിൽ എത്തി. എരുമേലിക്ക് പുറമേ മാഞ്ഞൂർ മുളക്കുളം പഞ്ചായത്തുകളിലാണ് ഇടതുമുന്നണിക്ക് അധികാരം കിട്ടിയത്. ഭരണങ്ങാനത്ത് ഭാഗ്യം യു ഡി എഫിന് തുണയായി.
ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ സ്ഥാനത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ ഒന്നുമുണ്ടായില്ല. കേരള കോൺഗ്രസ് എം പ്രതിനിധി നിർമ്മല ജിമ്മി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സി പി എമ്മിലെ ടി എസ് ശരത്താണ് വൈസ് പ്രസിഡന്റ്. 22 - 14 അംഗങ്ങളുടെ പിന്തുണയാണ് ഇരുവർക്കും ലഭിച്ചത്. യു ഡി എഫ് പ്രസിഡന്റ് സ്ഥാനാർത്ഥി സുധാ കുര്യൻ ആയിരുന്നു. ജനപക്ഷം അംഗം ഷോൺ ജോർജ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അധ്യക്ഷ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ ഇടതുമുന്നണിയും ജില്ലയിൽ വൻ നേട്ടമാണ് ഉണ്ടാക്കിയത്.
ആകെയുള്ള 71 പഞ്ചായത്തുകളിൽ 51 ഇടത്തും ഇടതുമുന്നണി അധികാരത്തിൽ എത്തി. ഇതിൽ 16 ഇടത്ത് കേരള കോൺഗ്രസ് എം ആണ് ഭരിക്കുന്നത്. 18 പഞ്ചായത്തുകൾ യു ഡി എഫും രണ്ടിടത്ത് ബി ജെ പിയും ഭരണം നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 23 പഞ്ചായത്തുകളിൽ മാത്രമായിരുന്നു ഇടതുമുന്നണി ഭരണം. ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 10 ഇടത്തും ഇടതുമുന്നണി അധികാരത്തിൽ എത്തി. മൂന്നിടത്ത് കേരള കോൺഗ്രസ് എം പ്രതിനിധികളാണ് അധ്യക്ഷപദവിയിൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്ന് ബ്ലോക്ക് പഞ്ചായത്തുകൾ മാത്രമാണ് ഇടതുമുന്നണി ഭരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.