മന്ത്രിസ്ഥാനത്തെച്ചൊല്ലി തർക്കം; ജനതാദൾ എസ് പിളർപ്പിലേക്ക്
Last Updated:
കൊച്ചി: സംസ്ഥാനത്ത് ജനതാദൾ (എസ് ) പിളർപ്പിലേക്ക്. മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് പാർട്ടിയെ പിളർപ്പിലേക്ക് നയിക്കുന്നത്. മാത്യൂ ടി തോമസിനെ മാറ്റി പകരം കെ കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു. ഇക്കാര്യത്തിൽ പാർട്ടി കേന്ദ്ര നേതൃത്വം മന്ത്രി മാത്യു ടി.തോമസിനെ കൈവിട്ടതോടെയാണ് പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നത്. മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയാൽ പാർട്ടി വിടണമെന്ന നിലപാടിലാണ് മാത്യൂ ടി തോമസും അദ്ദേഹത്തെ അനുകൂലിക്കുന്നവരും. വീരേന്ദ്രകുമാറിന്‍റെ ലോക് താന്ത്രിക് ജനതാദളുമായി സഹകരിച്ചു മുന്നോട്ടുപോകാമെന്നാണ് ഈ വിഭാഗം കണക്കു കൂട്ടുന്നത്. മാത്യു ടി തോമസിന് പകരം ചിറ്റൂർ എംഎൽഎ കെ.കൃഷ്ണൻകുട്ടി മന്ത്രിയായേക്കുമെന്നാണ് സൂചന.
മന്ത്രിസഭാ രൂപീകരണ ഘട്ടം മുതൽക്കേ മാത്യൂ ടി തോമസിനെതിരായ നീക്കം പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു. അന്ന് കേന്ദ്രനേതൃത്വം ഇടപെട്ടാണ് മാത്യൂ ടി തോമസിനെ മന്ത്രിയാക്കിയത്. എന്നാൽ രണ്ടു വർഷത്തിനുശേഷം മാത്യൂ ടി തോമസിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാമെന്ന് കേന്ദ്രനേതൃത്വം ഉറപ്പ് നൽകിയതായി സി.കെ നാണി വിഭാഗം പറയുന്നു. പ്രളയമുണ്ടായ സമയത്ത് ജലവിഭവമന്ത്രിയെന്ന നിലയിൽ മാത്യൂ ടി തോമസ് സമ്പൂർണ പരാജയമായിരുന്നുവെന്ന വിലയിരുത്തൽ പാർട്ടിക്കുള്ളിൽ ഉണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി മാത്യൂ ടി തോമസിനെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. ഇക്കാര്യം സംസ്ഥാന നേതൃയോഗങ്ങളിൽ ചർച്ചയായിരുന്നു. കേന്ദ്രനേതൃത്വത്തിന്‍റെ മുന്നിലും വിഷയം എത്തിയിരുന്നു. കൂടാതെ പാർട്ടിയിലെ മൂന്ന് എംഎൽഎമാരിൽ രണ്ടുപേരും മാത്യൂ ടി തോമസിന് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. സംസ്ഥാന ജനതാദളിലെ വലിയൊരു വിഭാഗം ഒറ്റക്കെട്ടായി മന്ത്രിയുടെ രാജി ആവശ്യപ്പെട്ടതോടെയാണ് കേന്ദ്രനേതൃത്വം മാത്യൂ ടി തോമസിനെ കൈവിട്ടത്.
advertisement
ചിറ്റൂർ എംഎൽഎയായ കെ കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാമെന്നാണ് സി.കെ നാണു വിഭാഗത്തിനുള്ളിൽ ധാരണയായിരിക്കുന്നത്. ജനപ്രതിനിധിയെന്ന നിലയിൽ മികച്ച പ്രതിച്ഛായയാണ് കെ കൃഷ്ണൻകുട്ടിക്ക് ഉള്ളത്. നല്ലൊരു കർഷകനായും അദ്ദേഹം അറിയപ്പെടുന്നുണ്ട്. കൃഷിയിൽ ഉൾപ്പടെ കെ. കൃഷ്ണൻകുട്ടി കൊണ്ടുവന്ന നൂതന ആശയങ്ങൾ ഏറെ ചർച്ചയായിരുന്നു. നിയമസഭയിൽ കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നതിൽ നിരവധി തവണ സഹ സാമാജികരുടെ പ്രശംസ അദ്ദേഹം നേടിയിട്ടുണ്ട്. അണക്കെട്ട് പ്രവർത്തനങ്ങളെക്കുറിച്ചും അഴത്തിലുള്ള അറിവ് കെ. കൃഷ്ണൻകുട്ടിക്ക് ഉണ്ട്. അതുകൊണ്ടുതന്നെ ജലവിഭവവകുപ്പ് നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം സിപിഎമ്മിൽ വിഭാഗീയത രൂക്ഷമായിരുന്ന സമയത്ത് വി.എസ് അച്യൂതാനന്ദന് ഉറച്ച പിന്തുണ നൽകിയിരുന്നയാളാണ് കെ.കൃഷ്ണൻകുട്ടി. വി.എസിന്‍റെ മണ്ഡലമായ മലമ്പുഴയോട് ചേർന്നാണ് ചിറ്റൂർ. അതുകൊണ്ടുതന്നെ വിവിധ വിഷയങ്ങളിൽ വി.എസിനൊപ്പം യോജിച്ചുള്ള ഇടപെടൽ കൃഷ്ണൻകുട്ടി നടത്തിയിരുന്നു. ഇത് കൃഷ്ണൻകുട്ടിയുടെ മന്ത്രിസഭാ പ്രവേശനത്തിന് വിലങ്ങ് തടിയാകുമോയെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 10, 2018 10:12 AM IST