Assembly Election 2021 | നേമത്തെ 'ശക്തൻ' കെ.മുരളീധരനോ? ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിൽത്തന്നെ മത്സരിപ്പിക്കും. തൃപ്പൂണിത്തുറയിൽ കെ. ബാബുവും കൊല്ലത്ത് ബിന്ദു കൃഷ്ണയും കുണ്ടറയിൽ പി.സി. വിഷ്ണുനാഥും മൽസരിക്കുമെന്നും വിവരമുണ്ട്.
ന്യൂഡൽഹി/തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിലെ സ്ഥാനാർഥിയെ സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ കെ. മുരളീധരൻ എം.പിയെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. നേമത്ത് കെ. മുരളീധരൻ സ്ഥാനാർഥിയാകുമെന്നാണ് സൂചന. നേരത്തെ ഉമ്മൻ ചാണ്ടി മത്സരിക്കുമെന്ന അഭ്യൂഹം പരന്നതോടെയാണ് നേമം വാർത്തകളിൽ നിറഞ്ഞത്. അതേസമയം ശനിയാഴ്ച രാത്രി നടന്ന ചർച്ചയിലും നിലമ്പൂർ, പട്ടാമ്പി സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായില്ല.
ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിൽത്തന്നെ മത്സരിപ്പിക്കും. തൃപ്പൂണിത്തുറയിൽ കെ. ബാബുവും കൊല്ലത്ത് ബിന്ദു കൃഷ്ണയും കുണ്ടറയിൽ പി.സി. വിഷ്ണുനാഥും മൽസരിക്കുമെന്നും വിവരമുണ്ട്. സംസ്ഥാനത്തെ ഏക ബി.ജെ.പി സിറ്റിങ് സീറ്റായ നേമം പിടിച്ചെടുക്കുന്നതിന് ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പേരുകളും ചർച്ചയായത്.
advertisement
തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് മണ്ഡലം പിടിച്ചെടുത്ത കെ.മുരളീധരനെ രംഗത്തിറക്കുന്നതിലൂടെ ബിജെപിക്കെതിരെ നേമത്തും ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. പാർലമെന്റ് തെരഞ്ഞെടുപ്പിലും സ്ഥാനാർഥി നിർണയത്തിന്റെ അവസാനഘട്ടത്തിലാണ് വട്ടിയൂർക്കാവ് എം.എൽ.എ ആയിരുന്ന കെ. മുരളീധരനെ വടകരയിൽ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.
നേമത്തു മൽസരിക്കാൻ സന്നദ്ധനാണെന്ന് മുരളീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉമ്മൻ ചാണ്ടിയെ നേമത്തു മൽസരിപ്പിക്കുമെന്ന വാർത്തകളെത്തുടർന്ന് ശനിയാഴ്ച പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വീടിനു മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ, ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽത്തന്നെ മൽസരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, പ്രവർത്തകരുടെ വികാരം മാനിച്ച് പുതുപ്പള്ളിയിൽത്തന്നെ മൽസരിക്കുമെന്നും ഹൈക്കമാൻഡിനു തീരുമാനമെടുക്കാമെന്നും ഉമ്മൻ ചാണ്ടിയും വ്യക്തമാക്കിയിരുന്നു.
advertisement
നേമത്ത് കരുത്തനായ ഒരു നേതാവിനെ മൽസരത്തിനിറക്കി കേരളത്തിലാകെ കോൺഗ്രസ് അനുകൂല തരംഗം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവരുടെ പേരുകൾ ഉയർന്നത്. ഉമ്മൻ ചാണ്ടി പിൻമാറിയ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് മുരളീധരനോട് മൽസരിക്കാൻ ആവശ്യപ്പെട്ടത്.
വി. ശിവൻകുട്ടിയാണ് നേമത്തെ എൽഡിഎഫ് സ്ഥാനാർഥി. സിറ്റിങ് എം.എൽ. എ ഒ.രാജഗോപാലിനു പകരം കുമ്മനം രാജശേഖരൻ ബി.ജെ.പി സ്ഥാനാർഥിയാകുമെന്നാണ് സൂചന.
advertisement
ഇതിനിടെ തൃപ്പൂണിത്തുറയിൽ മത്സരിക്കാൻ ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിർദ്ദേശം ലഭിച്ചെന്ന് കെ.ബാബു സ്ഥിരീകരിച്ചു. ബാബുവിനെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന വികാരം പ്രാദേശിക നേതാക്കൾ ശനിയാഴ്ച സംസ്ഥാന നേതാക്കളെ അറിയിച്ചിരുന്നു. കൊല്ലത്ത് മൽസരിക്കാൻ അനുമതി ലഭിച്ചതായി ബിന്ദു കൃഷ്ണയും അറിയിച്ചു ഞായറാഴ്ച മുതൽ പ്രചാരണം തുടങ്ങുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
KERALA ASSEMBLY ELECTION 2021, K MURALEEDHARAN MP, NEMOM, UDF, CONGRESS,
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 14, 2021 7:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021 | നേമത്തെ 'ശക്തൻ' കെ.മുരളീധരനോ? ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്