ഇനി കണ്ണൂരിന്റെ സ്വന്തം ഫെനി അടിക്കാം; കശുമാങ്ങയില്‍ നിന്നുള്ള മദ്യം ഉടൻ വിപണിയിലേക്ക്
- Published by:ASHLI
- news18-malayalam
Last Updated:
ജില്ലയിൽ നിന്നും സംഭരിക്കുന്ന കശുമാങ്ങ നീര് വാറ്റിയാണ് ഈ കേരളാ മോഡൽ വിപണിയിലെത്തിക്കുക
ഫെനി വാങ്ങാൻ ഇനി ഗോവ വരെ പോകണ്ട. കണ്ണൂരിൽ നിന്നും കിട്ടും. കശുമാങ്ങയില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള അന്തിമാനുമതി കണ്ണൂര്‍ പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് ലഭിച്ചു. അടുത്ത കശുവണ്ടി സീസണില്‍ മദ്യം ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കും. ഡിസംബര്‍ മുതല്‍ മേയ് വരെയാണ് സീസണ്‍. കശുവണ്ടിയില്‍ നിന്ന് മാത്രമേ മദ്യം ഉത്പാദിപ്പിക്കാന്‍ ലൈസന്‍സ് അനുവദിക്കുന്നുള്ളു.
പ്രശസ്തമായ ഗോവന്‍ ഫെനിയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് കണ്ണൂര്‍ ഫെനി ഉത്പാദിപ്പിക്കാന്‍ ഒരുങ്ങുന്നത്. ജില്ലയിൽ നിന്നും സംഭരിക്കുന്ന കശുമാങ്ങ നീര് വാറ്റിയാണ് ഈ കേരളാ മോഡൽ വിപണിയിലെത്തിക്കുക. ഇതുമായി ബന്ധപ്പെട്ട ചട്ടം കഴിഞ്ഞ ദിവസം എക്‌സൈസ് വകുപ്പ് പുറത്തിറക്കി.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പദ്ധതി ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.
കശുമാങ്ങയില്‍ നിന്ന് ഫെനി എന്ന ആശയവുമായി പയ്യാവൂര്‍ സഹകരണ ബാങ്ക് 2016-ലാണ് സര്‍ക്കാരിനെ സമീപിച്ചത്. പയ്യാവൂര്‍ മേഖലയില്‍ സമൃദ്ധമായി ലഭിക്കുന്ന കശുമാങ്ങ വാറ്റി തനത് മദ്യമാക്കി മാറ്റാനുള്ളതായിരുന്നു നിര്‍ദ്ദേശം. പദ്ധതിക്ക് 2022-ലാണ് സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. എന്നാല്‍, ചില നിയന്ത്രണങ്ങള്‍ കാരണം പദ്ധതി നിര്‍ത്തിവെച്ചു. മദ്യം നിര്‍മിക്കുന്നതിനുള്ള ചട്ടം രൂപവത്കരിക്കുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കാലതാമസം വന്നതാണ് പദ്ധതി വൈകിപ്പിച്ചത്. ഇപ്പോള്‍ സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കുകയും ധനകാര്യ വകുപ്പ് നികുതി നിരക്ക് നിശ്ചയിക്കുകയും ചെയ്തതോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്.
advertisement
പയ്യാവൂരിലും പരിസരപ്രദേശങ്ങളിലുമായി ധാരാളം കശുമാവ് കൃഷിയുള്ളതിനാൽ 1990-ല്‍ താന്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാലം മുതല്‍ കണ്ണൂര്‍ ഫെനിയെന്ന ആശയം മുന്നോട്ടുവെച്ചിരുന്നതായി ബാങ്ക് പ്രസിഡന്റ് ടിഎം ജോഷി ന്യൂ ഇന്ത്യൻ എക്സ്സ്‌പ്രസിനോട് പറഞ്ഞു. നിയമസഭാ സബ്ജക്ട് കമ്മിറ്റി അംഗീകാരത്തിനായി വളരെ കാലം കാത്തിരിക്കേണ്ടി വന്നെന്നും എക്‌സൈസ് ലൈസന്‍സിനായി അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എക്‌സൈസ് കമ്മീഷണര്‍ ലൈസന്‍സ് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഡിസംബറോടെ ഉത്പാദനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാങ്ക് പ്രസിഡന്റ് അറിയിച്ചു. ഡിസ്റ്റിലറിക്കായി കങ്കിരക്കൊല്ലിയില്‍ നാല് ഏക്കര്‍ ഭൂമി ബാങ്ക് നീക്കിവച്ചിട്ടുണ്ട്.
advertisement
ഒരു ലിറ്റര്‍ ഫെനിയുടെ ഉല്‍പാദനച്ചെലവ് ഏകദേശം 200-250 രൂപ ആകുമെന്നാണ് കണക്കാക്കുന്നത്. അങ്ങനെ എക്‌സൈസ് നികുതിയടക്കം 500-600 രൂപാ നിരക്കില്‍ ഫെനി വിപണിയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രാദേശിക കര്‍ഷകരെ ഒരുമിച്ച് കൊണ്ടുവരുന്നത് ഗുണനിലവാരം ഉറപ്പാക്കാന്‍ സഹായിക്കുമെന്നും ബാങ്ക് പ്രതീക്ഷിക്കുന്നു.
അതേസമയം കണ്ണൂര്‍ ഫെനിയെന്ന പേരിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. ഗോവന്‍ ഫെനിക്ക് പേറ്റന്റ് ഉള്ളതിനാല്‍ ഫെനി എന്ന പദം ഉപയോഗിക്കുന്നതില്‍ നിയമോപദേശം തേടുമെന്നും ടിഎം ജോഷി അറിയിച്ചു.
(നിയമപരമായ മുന്നറിയിപ്പ്: ഈ ലേഖനം മദ്യത്തിന്റെ ഉപഭോഗത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല; മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
June 03, 2025 5:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇനി കണ്ണൂരിന്റെ സ്വന്തം ഫെനി അടിക്കാം; കശുമാങ്ങയില്‍ നിന്നുള്ള മദ്യം ഉടൻ വിപണിയിലേക്ക്