നവീകരണം പൂർത്തിയാക്കി തലശ്ശേരി റെയില്‍വേ സ്‌റ്റേഷന്‍
Last Updated:
യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യം ഇവിടെ സഫലമാകുന്നു. തലശ്ശേരി റെയില്‍വേ സ്റ്റേഷന് യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ നവീകരണ പ്രവര്‍ത്തി പുരോഗമിക്കുകയാണ്. അമൃത് ഭാരതി പദ്ധതിയിലുള്‍പ്പെടുത്തി തലശ്ശേരി റെയില്‍വേ സ്റ്റേഷന് വികസന കുതിപ്പ് തുടരുന്നു.
തലശ്ശേരി റെയില്‍വേ സ്റ്റേഷൻ്റെ മുഖം നാള്‍ക്കുനാള്‍ മാറുകയാണ്. ഇന്ത്യന്‍ റെയില്‍വേയുടെ പാലക്കാട് ഡിവിഷനിലെ ആദ്യ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ് തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍. കേന്ദ്രം അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.35 കോടി രൂപയുടെ സിവില്‍ വര്‍ക്കുകളാണ് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ പുരോഗമിക്കുന്നത്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് കൗണ്ടര്‍ വിപുലീകരിക്കുകയും യാത്രക്കാര്‍ക്ക് ഇറങ്ങാനുള്ള എസ്‌കലേറ്റര്‍ സ്ഥാപിക്കുകയും ചെയ്തു. ദീര്‍ഘ നാളത്തെ യാത്രക്കാരുടെ ആവശ്യമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.
അമൃത് ഭാരത് പദ്ധതിയില്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷൻ്റെ വികസനത്തിനായി 22 കോടി രൂപയുടെ പ്രവൃത്തികളാണ് പ്രഖ്യാപിച്ചത്. ഇതിൻ്റെ ഭാഗമായി ഒന്നാം പ്ലാറ്റ്‌ഫോമില്‍ അടച്ചിട്ടിരുന്ന ടിക്കറ്റ് കൗണ്ടര്‍ നീളംകൂട്ടി വിപുലീകരിച്ച ശേഷം യാത്രക്കാര്‍ക്ക് തുറന്നു കൊടുത്തു. തിരക്കുണ്ടാകുമ്പോള്‍ സ്വയം ടിക്കറ്റെടുക്കാന്‍ യാത്രക്കാര്‍ക്കായി ആറ് വെന്‍ഡിങ് മെഷീനുകളും സ്ഥാപിച്ചു. സ്വയം ടിക്കറ്റ് എടുക്കാന്‍ അറിയാത്തവര്‍ക്ക് എടുത്ത് നല്‍കാനുള്ള സംവിധാനവും ഒരുക്കി.
നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി യായിരിക്കെ ഒരു എസ്‌കലേറ്റര്‍ സ്ഥാപിച്ചിരുന്നു, ഇപ്പോള്‍ താഴേക്ക് ഇറങ്ങാനായി അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി താഴേക്ക് ഇറങ്ങാവുന്ന എസ്‌കലേറ്ററും യാഥാര്‍ഥ്യമാക്കി. പദ്ധതി നവീകരണത്തിൻ്റെ ഭാഗമായി ഒന്നാം പ്ലാറ്റ്‌ഫോമിന് മുന്‍പില്‍ പൂന്തോട്ടം ഒരുക്കും. രണ്ടാം പ്ലാറ്റ്‌ഫോമിനു പിറകില്‍ അലുമിനിയം പാനല്‍, എച്ച്പിഎല്‍ ഷീറ്റ്, ഗ്ലാസ് എന്നിവ ഉപയോഗിച്ചുള്ള ഫേക്കഡ് വാള്‍ നിര്‍മിച്ചു മോടി കൂട്ടും. ഇവിടെയും വാക്ക് വേ നിര്‍മിക്കും. ഇരുഭാഗത്തും ലൈറ്റ് സ്ഥാപിക്കും. രണ്ടാം പ്ലാറ്റ്‌ഫോം ഉയര്‍ത്തി നീളം കൂട്ടി. 24 ബോഗികളുടെ നീളത്തില്‍ പൂര്‍ണമായും പ്ലാറ്റ്‌ഫോമുകളില്‍ മേല്‍ക്കൂരയുണ്ടാവും. ഇതിൻ്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. ആദ്യഘട്ട പ്രവൃത്തി മേയ് മാസത്തോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ.
advertisement

തലശ്ശേരി റെയില്‍വേ സ്‌റ്റേഷന്‍
'എ' ക്ലാസ് റെയില്‍വേ സ്റ്റേഷനാണ് തലശ്ശേരി റെയില്‍വേ സ്റ്റേഷന്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഉത്തരേന്ത്യ എന്നിവയുടെ മറ്റ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന മിക്കവാറും എല്ലാ പ്രധാന ട്രെയിനുകള്‍ക്കും ഇവിടെ സ്റ്റോപ്പുകളുണ്ട്. സ്റ്റേഷന് രണ്ട് പ്ലാറ്റ്‌ഫോമുകളും മൂന്ന് ട്രാക്കുകളുമാണ് നിലവിലുള്ളത്. ഈ സ്റ്റേഷനില്‍ നിന്ന് ട്രെയിനുകളൊന്നും പുറപ്പെടുന്നില്ലെങ്കിലും, സ്റ്റേഷനില്‍ നിര്‍ത്തുന്ന ട്രെയിനുകള്‍ തിരുവനന്തപുരം, കൊച്ചി, ചെന്നൈ, മുംബൈ, ബാംഗ്ലൂര്‍, കോഴിക്കോട്, കോയമ്പത്തൂര്‍, ക്വയിലോണ്‍, ന്യൂഡല്‍ഹി, മംഗലാപുരം, പൂനെ, ജയ്പൂര്‍, ജമ്മു താവി തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുമായി ബന്ധിപ്പിക്കും.
advertisement
എയര്‍പോര്‍ട്ട് സ്റ്റേഷനായി മാറുന്ന റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളമെന്നത് യാത്രക്കാർക്ക് സൗകര്യപ്രദമാകുന്നുണ്ട്. കാസര്‍കോട്, വയനാട് തുടങ്ങിയ കേരളത്തിൻ്റെ വടക്കന്‍ ജില്ലകളിലെയും തമിഴ്നാട്, കര്‍ണാടക, മാഹി തുടങ്ങിയ അയല്‍നാടുകളിലേയും രോഗികള്‍ക്കുള്ള ആശ്രയകേന്ദ്രമായ കോടിയേരി മലബാര്‍ കാന്‍സര്‍ സെൻ്ററിലേക്ക് രോഗികള്‍ക്ക് എത്തിപ്പെടാനുള്ള സൗകര്യം തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ട്. അതിനാല്‍ തന്നെ ദിവസേനെ പതിനായിരങ്ങളാണ് തലശ്ശേരി റെയില്‍വേ സ്റ്റേഷന് ഉപയോഗിക്കുന്നത്.
റെയില്‍വേയുടെ അഭിമാനമായ വന്ദേഭാരതിന് നിലവില്‍ തലശ്ശേരിയില്‍ സ്റ്റോപ്പുകളില്ല. മലബാര്‍ കാന്‍സര്‍ സെൻ്ററിലേക്ക്, വിമാനത്താവളത്തിലേക്ക് എന്നിങ്ങനെ യാത്ര ചെയ്യാനുള്ള സൗകര്യാര്‍ഥം വന്ദേ ഭാരതിന് തലശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
December 10, 2024 4:52 PM IST