ആഴക്കടൽ മത്സ്യബന്ധനം; ഇ.എം.സി.സിക്ക് പള്ളിപ്പുറത്ത് ഭൂമി നല്‍കാനുള്ള തീരുമാനവും സര്‍ക്കാര്‍ റദ്ദാക്കി

Last Updated:

അതേസമയം പ്രാഥമികമായ കരാര്‍ ഒപ്പു വച്ചതല്ലാതെ ഭൂമി കൈമാറിയിട്ടില്ലെന്നാണ് കെ.എസ്.ഐ.ഡി.സിയുടെ വാദം.

തിരുവനന്തപുരം: വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട്  അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിയുമായുള്ള എല്ലാ കരാറുകളും സംസ്ഥാന സര്‍ക്കാര്‍ സർക്കാർ. ഇ.എം.സി.സി കമ്പനിക്ക് പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമി നല്‍കാനുള്ള തീരുമാനമാണ് സർക്കാർ ഇന്ന് റദ്ദാക്കിയത്. ഇഎംസിസിയുമായുളള രണ്ട് ധാരണാപത്രങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ തീരുമാനം. ഭൂമി റദ്ദാക്കാനുള്ള നിർദ്ദേശം വ്യവസായ മന്ത്രി ഇ.പി ജയരാജനാണ് കെ.എസ്.ഐ.ഡി.സിക്ക് നല്‍കിയത്.
ഇ.എം.സി.സിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കണമെന്ന നിർദ്ദേശമാണ് കെ.എസ്.ഐ.ഡി.സിക്ക് മന്ത്രി നൽകിയത്. അതേസമയം പ്രാഥമികമായ കരാര്‍ ഒപ്പു വച്ചതല്ലാതെ ഭൂമി കൈമാറിയിട്ടില്ലെന്നാണ് കെ.എസ്.ഐ.ഡി.സി പറയുന്നത്.
ഫെബ്രുവരി 28ന് അസന്‍ഡ് നിക്ഷേപക സംഗമത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രവും ട്രോളറുകള്‍ ഉണ്ടാക്കാന്‍ കെഎസ്ഐഎന്‍എലും ഇഎംസിസിയും തമ്മിലൊപ്പിട്ട ധാരണാപത്രവും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
പ്രതിപക്ഷന നേതാവ് രമേശ് ചെന്നിത്തലയാണ് ഇ.എം.സി.സി കാരാർ സംബന്ധിച്ച് സർക്കാരിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അങ്ങനെയൊരു സംഭവമെ ഇല്ലെന്ന നിലപാടാണ് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ആദ്യഘട്ടിത്തിൽ സ്വീകരിച്ചത്. എന്നാൽ കരാറുമായി ബന്ധപ്പെട്ട തെളിവുകൾ കൂടി രമേശ് ചെന്നിത്തല പുറത്തുവിട്ടതോടെ സർക്കാർ പ്രതിരോധത്തിലാകുകയായിരുന്നു.
advertisement
ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രത്തിന്‍റെ പകര്‍പ്പും കമ്പനിക്ക് സ്ഥലം അനുവദിച്ചതിന്‍റെ രേഖയും ചെന്നിത്തല കഴിഞ്ഞ ദിവസാണ് പുറത്തുവിട്ടത്. കമ്പനി പ്രതിനിധികളെ കണ്ടെന്ന് മന്ത്രി സമ്മതിച്ചത് താൻ ചിത്രം പുറത്തുവിട്ടപ്പോൾ മാത്രമാണ്  പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചില്ലെങ്കില്‍ സ്ഥലം അനുവദിച്ചതെന്തിനെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ചോദിച്ചിരുന്നു.
മേഴ്സിക്കുട്ടിയമ്മ ഓടിച്ചുവിട്ടയാളെ മന്ത്രി ഇ.പി.ജയരാജന്‍ വിളിച്ചുകൊണ്ടു വരികയായിരുന്നോ ? സർക്കാര്‍ യഥാർഥ കാര്യങ്ങൾ മറച്ചുവയ്ക്കുകയാണ്. കള്ളം കയ്യോടെ പിടിച്ചപ്പോൾ വ്യവസായ മന്ത്രിയുടെ സമനില തെറ്റി. കെഎസ്ഐഎൻസി എംഡിക്ക് ഉത്തരവാദിത്തം ഉണ്ടെങ്കിൽ അദ്ദേഹം അനുഭവിക്കുമെന്നും ചെന്നിത്തല പറ‍ഞ്ഞു.
advertisement
ഇഎംസിസി എന്ന അമേരിക്കന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ പിന്നിലെ യഥാര്‍ഥ വസ്തുതകള്‍ മറച്ചുപിടിക്കാനുള്ള സര്‍ക്കാരിന്റെ വെപ്രാളമാണ് ഇപ്പോള്‍ കാണുന്നത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഫിഷറീസ് വകുപ്പുമന്ത്രി മേഴ്സിക്കുട്ടിയമ്മ, വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ എന്നിവര്‍ ഈ വിഷയത്തില്‍ പ്രതികരിക്കുകയുണ്ടായി. പരസ്പര വിരുദ്ധവും അവ്യക്തവുമായാണ് അവര്‍ പല കാര്യങ്ങളും പറഞ്ഞത്. ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാതെ എനിക്കെതിരെ തിരിച്ച് ആരോപണം ഉന്നയിക്കാനാണ് അവര്‍ ശ്രമിച്ചത്. പച്ചക്കള്ളം പറയാന്‍ പ്രതിപക്ഷനേതാവിന് യാതൊരു ഉളുപ്പുമില്ലെന്നാണ് മന്ത്രി മേഴ്സികുട്ടിയമ്മ പറഞ്ഞത്. ആരാണ് പച്ചക്കള്ളം പറയുന്നതെന്ന് ഇതിനകം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.- ചെന്നിത്തല പറഞ്ഞു.
advertisement
ആദ്യം ഈ വിഷയം ഉന്നയിച്ചപ്പോള്‍ ഏത് ഇഎംസിസി, എന്ത് ഇഎംസിസി, ഞാനങ്ങനെ ഒന്നിനെക്കുറിച്ച് കേട്ടിട്ടേ ഇല്ലെന്നാണല്ലോ മന്ത്രി മേഴ്സിക്കുട്ടിയമ്മ ആദ്യം പറഞ്ഞത്. പിന്നീട് ന്യൂയോര്‍ക്കില്‍ വച്ച് ഇവരെ കണ്ടിട്ടുണ്ടാകാം എന്ന് മന്ത്രിക്ക് സമ്മതിക്കേണ്ടിവന്നു. എന്നാല്‍ കേരളത്തില്‍വച്ച് ഇവരെ കണ്ടിട്ടേ ഇല്ലെന്നും അവരുമായി ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്നുമാണ് പിന്നീട് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞത്. ഫോട്ടോ ഞാന്‍ ഇന്നലെ പുറത്തു വിട്ടതോടെ മന്ത്രി വീണ്ടും മലക്കം മറിഞ്ഞു. അവരെ കണ്ടു, ചര്‍ച്ച ചെയ്തു, എന്നാല്‍, ഈ പദ്ധതി നടപ്പില്ലെന്ന് അപ്പോള്‍ തന്നെ പറഞ്ഞ് അവരെ തിരിച്ചയച്ചു എന്നാണ് മന്ത്രി അപ്പോള്‍ പറഞ്ഞത്.
advertisement
അതും കള്ളമാണ്. ആ പദ്ധതി നടക്കുകയില്ലെന്ന് പറഞ്ഞ് മന്ത്രി അത് തള്ളിക്കളഞ്ഞെങ്കില്‍ എങ്ങനെ നാലേക്കര്‍ സ്ഥലം അവര്‍ക്ക് പള്ളിപ്പുറത്ത് പദ്ധതി നടപ്പാക്കാന്‍ കിട്ടി. സര്‍ക്കാരിന് കീഴിലെ കേരള ഷിപ്പിങ് ആൻഡ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷന്‍ (കെഎസ്ഐഎൻസി) എങ്ങനെ ഇഎംസിസിയുമായി പദ്ധതിയുടെ ഭാഗമായുള്ള രണ്ടാമത്തെ എംഒയു ഒപ്പിട്ടു?
മന്ത്രി മേഴ്സിക്കുട്ടിയമ്മ നടക്കില്ലെന്ന് പറഞ്ഞ് ഓടിച്ചുവിട്ട ഇഎംസിസിയെ വ്യവസായ വകുപ്പും മുഖ്യമന്ത്രിയുടെ വകുപ്പും വിളിച്ചിരുത്തി പദ്ധതി നടപ്പാക്കിച്ചു തുടങ്ങി എന്നാണോ നമ്മള്‍ മനസ്സിലാക്കേണ്ടത്? കള്ളത്തരം മറച്ചുവയ്ക്കാന്‍ എന്തെല്ലാം അഭ്യാസങ്ങളാണ് മേഴ്സിക്കുട്ടിയമ്മ നടത്തുന്നത്. മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞത് രസകരമായ കാര്യമാണ്. ഇഎംസിസിക്കാരെ പറഞ്ഞുവിട്ടത് ഞാനാണ് എന്നാണ് അദ്ദേഹം പറയുന്നത്.
advertisement
അപ്പോള്‍ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതിന് വേണ്ടി, മുന്ന് വര്‍ഷം മുൻപ് തന്നെ,  അതായത് 2018 ല്‍ ന്യൂയോര്‍ക്കില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയെ കാണാന്‍ ഞാന്‍ ഇഎംസിസിക്കാരെ വിമാനടിക്കറ്റെടുത്ത് പറഞ്ഞ് വിട്ടു എന്നാണോ ജയരാജന്‍ പറയുന്നത്? ഒരു വര്‍ഷം മുൻപ് നടന്ന അസന്റില്‍ പദ്ധതി കൊടുപ്പിച്ചതും സര്‍ക്കാരിനെ കൊണ്ട് എംഒയു ഒപ്പിടുവിച്ചതും ഞാനാണ് എന്നാണോ ജയരാജന്‍ പറയുന്നത്?
ഇ.പി.ജയരാജന്റെ കീഴിലുള്ള കെഎസ്ഐഡിസിസിയെ കൊണ്ട് ഇഎംസിസിക്ക് 4 ഏക്കര്‍ സ്ഥലം കൊടുവിച്ചതും ഞാനാണോ? കള്ളം കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ ജയരാജന് സമനില തെറ്റിപ്പോയെന്നാണ് തോന്നുന്നത്. ഇഎംസിസിക്കാര്‍ വളരെ രഹസ്യമായി മന്ത്രി ജയരാജന് നല്‍കിയ അപേക്ഷ എങ്ങനെ പ്രതിപക്ഷ നേതാവിന് കിട്ടി എന്നതിലാണ് മുഖ്യമന്ത്രി ദുരൂഹത കാണുന്നത്. മുഖ്യമന്ത്രി അങ്ങനെ ദുരൂഹത കാണേണ്ട കാര്യമില്ല. ഉണര്‍ന്നിരിക്കുന്ന പ്രതിപക്ഷത്തിന് കിട്ടേണ്ട രേഖകളെല്ലാം കിട്ടും. ഭരണക്കാരുടെ അതിക്രമങ്ങളില്‍നിന്ന് നാടിനെ രക്ഷിക്കുകയാണ് പ്രതിപക്ഷത്തിന്റെ ധര്‍മം. ആ ധര്‍മം നിറവേറ്റാന്‍ സന്നദ്ധത ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന എല്ലാ രേഖകളും പറന്നുവരും.
advertisement
മന്ത്രി ഇ.പി.ജയരാജന്‍ സ്വന്തം ലെറ്റര്‍പാഡില്‍, സ്വന്തം കയ്യക്ഷരത്തില്‍ മരുമകന് ജോലി കൊടുക്കാന്‍ ഇറക്കിയ ഉത്തരവ് എനിക്ക് കിട്ടിയില്ലേ? അങ്ങനെയല്ലേ അന്ന് ഇ.പി.ജയരാജന് രാജിവയ്ക്കേണ്ടിവന്നത്. മുഖ്യമന്ത്രി അത് മറന്നുപോയോ? അതിന് ശേഷം ബ്രൂവറി- ഡിസ്റ്റിലറി ഇടപാട്, മസാല ബോണ്ട്, ട്രാന്‍സ്ഗ്രിഡ്, സ്പ്രിൻക്ലർ തുടങ്ങി എത്രയെത്ര അഴിമതിയുടെ രേഖകള്‍ പ്രതിപക്ഷനേതാവിന് കിട്ടിയിട്ടുണ്ട്.
മുഖ്യമന്ത്രി ഇന്നലെ സത്യം മറച്ചുവയ്ക്കാന്‍ കൗശലപൂര്‍വം ഒരു കാര്യം പറയുകയുണ്ടായി. ഈ മാസം 11ന് ഇഎംസിസിയുടെ പ്രതിനിധികള്‍ എന്ന് അവകാശപ്പെടുന്ന രണ്ടുപേര്‍ വ്യവസായ മന്ത്രിയുടെ ഓഫിസില്‍ ചെന്നെന്നും അസന്റില്‍ സമര്‍പ്പിച്ച ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച ഗവേഷണത്തിനുള്ള പദ്ധതിക്ക്  മന്ത്രിസഭയുടെ  അംഗീകാരം വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ടു എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
ആഴക്കടലിലെ മത്സ്യസമ്പത്തിനെക്കുറിച്ച് ഗവേഷണം നടത്താനല്ല അവര്‍ വന്നത്. മത്സ്യബന്ധനം തന്നെയാണ് പദ്ധതി. ഗവേഷണം എന്ന് വെറുതെ പേരിട്ടിരിക്കുന്നെന്നേയുള്ളൂ. മുഖ്യമന്ത്രി കൗശലപൂര്‍വം അത് ഗവേഷണം മാത്രമാക്കി. ഇ.പി.ജയരാജന് അവര്‍ നൽകിയ അപേക്ഷയാണ് പ്രതിപക്ഷനേതാവിന് കിട്ടിയതെന്നും അതിലെ വിവരങ്ങളാണ് കരാറെന്നമട്ടില്‍ പ്രചരിക്കുന്നതെന്നും സര്‍ക്കാരിന്റെ ഒരു രേഖയും പുറത്തുപോയിട്ടില്ലെന്നും മുഖ്യമന്ത്രി പറയുന്നു.
ഏതായാലും മുഖ്യമന്ത്രിക്ക് ആ ഖേദം വേണ്ട. ഞാന്‍ രണ്ടു രേഖകള്‍ കൂടി ഇന്ന് പുറത്തുവിടുകയാണ്. ഒന്ന് 2020 ല്‍ അസന്റില്‍ വച്ച് ഇഎംസിസിയും സര്‍ക്കാരും തമ്മില്‍ ഒപ്പുവച്ച എംഒയു. രണ്ടാമത്തേത്, ഇഎംസിസിയ്ക്ക് ചേര്‍ത്തല പള്ളിപ്പുറത്ത് 4 ഏക്കര്‍ സ്ഥലം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവ്. എന്താണ് പദ്ധതി എന്ന് രണ്ടു രേഖകളിലും വ്യക്തമായി പറയുന്നുണ്ട്. സ്വയം സംസാരിക്കുന്ന തെളിവുകളാണിവ.
മേഴ്സിക്കുട്ടിയമ്മ പറയുന്നതുപോലെ ഏതോ അസന്റില്‍ ആരോ ഒപ്പുവച്ച എംഒയു ഒന്നും അല്ല. സര്‍ക്കാര്‍തന്നെ ഒപ്പുവച്ച എംഒയു ആണ്. ഇത് അസന്റില്‍ വയ്ക്കുന്നതിന് മുൻപ് ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ഇഎംസിസി ചര്‍ച്ച നടത്തുകയും വിശദമായ കോണ്‍സെപ്റ്റ് ലെറ്റര്‍ നൽകുകയും ചെയ്തിട്ടുണ്ട്.
ഇടതുസര്‍ക്കാരിന്റെ മത്സ്യനയത്തിന് വിരുദ്ധമാണ് ഇതെങ്കില്‍ കോണ്‍സെപ്റ്റ് ലെറ്റര്‍ കിട്ടിയപ്പോള്‍ തന്നെ അത് തള്ളിക്കളയാമായിരുന്നില്ലേ? എന്തിന് അസന്റില്‍ വച്ച് എംഒയു ഒപ്പിട്ടു? യഥാര്‍ഥത്തില്‍ ഈ പദ്ധതിയെപ്പറ്റി മൂന്ന് വര്‍ഷങ്ങളായി നിരന്തരം ചര്‍ച്ച നടക്കുകയായിരുന്നെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മന്ത്രിമാര്‍ ഇപ്പോള്‍ അഭിനയിച്ചുകാണിക്കുന്നത് പോലെ ഇത് ഒരു ദിവസം ആകാശത്തുനിന്ന് പൊട്ടിവീണതല്ല.
സംസ്ഥാനത്തിന്റെ മത്സ്യനയത്തില്‍ 2018 ല്‍ വരുത്തിയ മാറ്റമനുസരിച്ചാണ് ഈ പദ്ധതി കൊണ്ടുവന്നിട്ടുള്ളത്. ആ നയത്തിലെ വകുപ്പ് 2.(9) ആണ് വിവാദമായിട്ടുള്ളത്. പുറംകടലില്‍ ബഹുദിന മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കും എന്നാണ് ഈ പാരഗ്രാഫില്‍ പറയുന്നത്.
ഇത് വിദേശകപ്പലുകളെ ഉദ്ദേശിച്ചുള്ളവയല്ലെന്നും തദ്ദേശീയമായ മത്സ്യത്തൊഴിലാളികളെയും യാനങ്ങളെയും ഉദ്ദേശിച്ചതാണെന്നുമാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറയുന്നത്. അവിടെയാണ് ഈ പദ്ധതിയുടെ കള്ളക്കളി കിടക്കുന്നത്. ഇഎംസിസിയുടെ പദ്ധതിയില്‍ പറയുന്നതും തദ്ദേശീയ മത്സ്യത്തൊഴിലാളികളെ കുറിച്ചാണ്. ഇഎംസിസി തദ്ദേശീയ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചാണ് ആഴക്കടലില്‍ മത്സ്യബന്ധനം നടത്താന്‍ പോകുന്നത്.
ഇഎംസിസി നല്‍കുന്ന ട്രോളറുകളില്‍ നമ്മുടെ മത്സ്യത്തൊഴിലാളികള്‍ പോയി മീന്‍പിടിക്കും. അത് ഇഎംസിസിയുടെ കപ്പലുകള്‍ക്ക് നല്‍കും. അത് കേരളത്തില്‍ ഇഎംസിസിയുടെ സംസ്‌കരണ ശാലകളില്‍ സംസ്‌കരിക്കും. ഇഎംസിസി അത് കയറ്റുമതി ചെയ്യും. മുതല്‍മുടക്കുന്നതും, കച്ചവടം നടത്തുന്നതും അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയാണ്. മത്സ്യബന്ധനം നടത്തുന്നത് നമ്മുടെ മത്സ്യത്തൊഴിലാളികളും. ഇതാണ് പദ്ധതി. മത്സ്യനയത്തില്‍ വരുത്തിയ മാറ്റവും ഇഎംസിസിയുടെ പദ്ധതിയും ഒന്നുതന്നെയാണ്. നമ്മുടെ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് വിദേശകമ്പനി ആസൂത്രണം ചെയ്തിട്ടുള്ള കൊള്ളയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ എംഒയു ഒപ്പിട്ടിരിക്കുന്നത്. ഇത് നടപ്പാവുന്നതോടെ ഗുജറാത്ത് തീരം പോലെ കേരളത്തിലെ മത്സ്യത്തൊഴിലാളികളും വഴിയാധാരമാകും.
സര്‍ക്കാരിന് ദുരുദ്ദേശ്യമില്ലെങ്കില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇതിനകം ഒപ്പുവച്ച രണ്ട് എംഒയുകളും റദ്ദാക്കാന്‍ തയാറാവാത്തത്? അതുപോലെ പള്ളിപ്പുറത്ത് 4 ഏക്കര്‍ സ്ഥലം ഇഎംസിസിക്ക് അനുവദിച്ചത് എന്തുകൊണ്ട് റദ്ദാക്കുന്നില്ല? ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ തലയില്‍ വച്ചുകെട്ടി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആഴക്കടൽ മത്സ്യബന്ധനം; ഇ.എം.സി.സിക്ക് പള്ളിപ്പുറത്ത് ഭൂമി നല്‍കാനുള്ള തീരുമാനവും സര്‍ക്കാര്‍ റദ്ദാക്കി
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement