Lokayukta| ലോകായുക്ത ഓർഡിനൻസ്: പ്രതിപക്ഷ നേതാവിൻ്റെ ആരോപണങ്ങൾ തള്ളി ഗവർണർക്ക് സർക്കാരിൻ്റെ മറുപടി
- Published by:Rajesh V
- news18-malayalam
Last Updated:
ഹൈക്കോടതിയ്ക്ക് ഇല്ലാത്ത അധികാരം ലോകായുക്തയ്ക്ക് നൽകണമെന്ന് പറയുന്നതിലെ യുക്തിയെന്ത് എന്ന മറു ചോദ്യവും മുൻ കേസുകളിലെ വിധികൾ ആധാരമാക്കി സർക്കാർ ഉന്നയിക്കുന്നു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (VD Satheesan) ഗവർണർക്ക് (Kerala Governor) നൽകിയ കത്തിൽ ഒരു പൊതുപ്രവർത്തകൻ്റെ സ്ഥാനം ക്വോ വാറന്റോ റിട്ട് പുറപ്പെടുവിച്ച് ഒഴിയാൻ ആവശ്യപ്പെടാൻ ഹൈക്കോടതിക്ക് ഭരണഘടനാ ദത്തമായ അധികാരമുണ്ടെന്നു പറയുന്നത് വസ്തുതാ വിരുദ്ധമെന്ന് ഗവർണർക്ക് നൽകിയ മറുപടിയിൽ സർക്കാർ.
ഹൈക്കോടതിയുടെ റിട്ട് അധികാരപരിധി ഭരണഘടനയുടെ ആർട്ടിക്കിൾ 226-ന് അനുസൃതമായാണ് നിലനിൽക്കുന്നതെങ്കിലും, ഇതിനെ ഒരു സാധാരണ നിയമത്തിൽ പരിഗണിക്കാനാവില്ല. കാരണം, നിയമ വ്യവസ്ഥയുടെ പ്രത്യാഘാതങ്ങൾ ഭരണഘടനയുടെ അന്തസത്തക്ക് എതിരാകുമ്പോൾ അത് അംഗീകരിക്കാൻ ആകില്ല. ഇവിടെ ഗവർണറുടെ പ്രീതിക്കും മുഖ്യമന്ത്രിയുടെ നിർദേശങ്ങൾക്കും അനുസൃതമായി നിയമിക്കപ്പെട്ട മന്ത്രിയ്ക്ക് എതിരെ റിട്ട് ഓഫ് ക്വൊ വാറൻ്റോ നിലനിൽക്കുന്നതല്ല.
കെ.സി. ചാണ്ടി vs ആർ ബാലകൃഷ്ണപിള്ള (AIR 1986 Ker 116) വിധിയിൽ കേരള ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് ഈ നിലപാട് അംഗീകരിച്ചതാണന്നും സർക്കാർ മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. അതുപ്രകാരം ഗവർണറാൽ നിയമിക്കപ്പെട്ട ഒരു മന്ത്രിയുടെ കാലാവധി അവസാനിപ്പിക്കുന്നതിനു കോടതിയ്ക്ക് അധികാരമില്ല.
advertisement
ഹൈക്കോടതിയ്ക്ക് ഇല്ലാത്ത അധികാരം ലോകായുക്തയ്ക്ക് നൽകണമെന്ന് പറയുന്നതിലെ യുക്തിയെന്ത് എന്ന മറു ചോദ്യവും മുൻ കേസുകളിലെ വിധികൾ ആധാരമാക്കി സർക്കാർ ഉന്നയിക്കുന്നു *(രാമചന്ദ്രൻ vs M.G. രാമചന്ദ്രൻ, on 11 August, 1986**Equivalent citations: AIR 1987 Mad 207* , *Dhronamraju Satyanarayana vs* *N T Rama Rao And Ors.* *on 2 November, 1987**Equivalent citations*: *AIR 1988 AP 69 എന്നീ കേസുകളിലെ സമഗ്രവിധികൾ പരിശോധിക്കാവുന്നതാണ്)*.
advertisement
Also Read- Vava Suresh| ആരാണ് വാവ സുരേഷ്? വിഷപ്പാമ്പുകളെ പിടിക്കുന്ന തിരുവനന്തപുരത്തുകാരൻ ജനകീയനായതെങ്ങിനെ?
പ്രതിപക്ഷ നേതാവിൻ്റെ മറ്റ് ആരോപണങ്ങൾക്കും ഗവർണർക്ക് നൽകിയ മറുപടിയിൽ സർക്കാർ കൃത്യമായ വിശദീകരണം നൽകുന്നുണ്ട്. അതനുസരിച്ച് ലോകായുക്ത നിയമത്തിന്റെ 14-ാം വകുപ്പിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച സർക്കാർ നൽകുന്ന വിശദീകരണം ഇങ്ങനെയാണ് *1999-ലെ കേരള ലോകായുക്ത നിയമത്തിന്റെ 14-ാം വകുപ്പിന്റെ ഭരണഘടനാ സാധുത, കേരള ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ജുഡീഷ്യൽ അവലോകനത്തിന് ഇതുവരെ വിഷയമായിട്ടില്ല. അത്തരമൊരു വ്യവസ്ഥ നിയമത്തിൽ എത്രകാലം നിലനിന്നു എന്നത് അതിന്റെ ഭരണഘടനാ സാധുത വിലയിരുത്തുന്നതിനുള്ള മാനദണ്ഡമേയല്ല*.
advertisement
സ്വാഭാവിക നീതിയുടെ ലംഘനം തടയാൻ ഉദ്ദേശിച്ചുള്ള നിർദ്ദിഷ്ട ഭേദഗതി യഥാർത്ഥത്തിൽ സ്വാഭാവിക നീതി തത്വത്തിന്റെ അടിസ്ഥാനത്തിന് വിരുദ്ധമാണ് എന്ന വാദത്തിൽ കഴമ്പില്ല. മുഖ്യമന്ത്രിയുടെ കാര്യത്തിൽ 1999 ലെ കേരള ലോകായുക്ത നിയമപ്രകാരം ഗവർണർ വിവേചനാധികാരമാണ് വിനിയോഗിക്കുന്നത്. ചട്ടം അസന്നിഗ്ധമായി അങ്ങനെ പറയുമ്പോൾ മുഖ്യമന്ത്രി സ്വന്തം കേസിൽ ജഡ്ജിയാകുന്നു എന്ന വാദം വസ്തുതാവിരുദ്ധവും യുക്തിശൂന്യവുമാകുന്നു എന്നും മറുപടിയിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു.
advertisement
മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും എതിരെയുണ്ടാകാമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രതികൂല വിധികളെ അട്ടിമറിക്കാനാണ് നിർദിഷ്ട ഭേദഗതി ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവിൻറെ ആരോപണത്തിനുള്ള മറുപടി ഇങ്ങനെയാണ് ;*ഇത്രയും അയഥാർത്ഥമായ മറ്റൊരു ആരോപണമില്ല. ലോകായുക്ത എന്ന സ്ഥാപനം നിലനിൽക്കുന്നിടത്തോളം, പൊതുപ്രവർത്തകർക്കെതിരെ പൊതുജനങ്ങൾ നിവേദനം നൽകും. ഇത്തരം വ്യവഹാരങ്ങളിൽ ഈ സർക്കാരിന് അനാവശ്യമായ ആശങ്കയില്ല. പ്രതിപക്ഷ നേതാവിന്റെ ആരോപണം തീർത്തും ഭാവനാത്‌മകമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ ആരോപണം വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ല. നിർദ്ദിഷ്ട ഭേദഗതികളുടെ ലക്ഷ്യങ്ങളും കാരണങ്ങളും സർക്കാർ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. അവ നിയമപരവും യുക്തിസഹവും ന്യായമുള്ളതുമാണ്.*
advertisement
1999-ലെ കേരള ലോകായുക്ത ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്‌ക്കായി സമർപ്പിച്ചത് പരിമിതമായ ഒരു വിഷയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 02, 2022 4:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Lokayukta| ലോകായുക്ത ഓർഡിനൻസ്: പ്രതിപക്ഷ നേതാവിൻ്റെ ആരോപണങ്ങൾ തള്ളി ഗവർണർക്ക് സർക്കാരിൻ്റെ മറുപടി