ബി.ജെ.പിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം; നേതൃമാറ്റം വേണമെന്ന് നേതാക്കൾ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
വി മുരളീധരനും കെ സുരേന്ദ്രനും ചേർന്ന് പാർട്ടിയെ ഒരു പ്രത്യേക ഗ്രൂപ്പിന്റെ ഭാഗത്ത് കെട്ടിയിടുന്നതായും നേതാക്കൾ കുറ്റപ്പെടുത്തുന്നു.
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പാർട്ടിയിൽ പടയൊരുക്കം. സുരേന്ദ്രനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എന്നിവർക്ക് കത്തയച്ചു. ഗ്രൂപ്പുകൾക്ക് ഒപ്പം നിൽക്കാത്ത നേതാക്കളും ഈ ആവശ്യം ഉന്നയിച്ച് നേതൃത്വത്തിന് മെയിൽ അയച്ചിട്ടുണ്ടെന്നാണ് വിവരം. വി മുരളീധരനും കെ സുരേന്ദ്രനും ചേർന്ന് പാർട്ടിയെ ഒരു പ്രത്യേക ഗ്രൂപ്പിന്റെ ഭാഗത്ത് കെട്ടിയിടുന്നതായും നേതാക്കൾ കുറ്റപ്പെടുത്തുന്നു.
സംസ്ഥാന നേതാക്കൾ ഉന്നയിക്കുന്ന നേതൃമാറ്റ വിഷയം ഡോ. സി വി ആനന്ദബോസിന്റെ റിപ്പോർട്ടിലും ഉൾപ്പെട്ടിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് പരാജയം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ ആനന്ദബോസ് പരിശോധിച്ചത്. പാർട്ടിയുടെ എല്ലാ തലങ്ങളിൽ നിന്നും നേതൃമാറ്റമെന്ന ആവശ്യം ഉയർന്നതായാണ് സൂചന. സംസ്ഥാന നേതാക്കൾ, സാധാരണ പ്രവർത്തകർ, നേതാക്കളുടെ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ഇക്കാര്യം ആവശ്യപ്പെട്ടു.
advertisement
അതേസമയം സുരേന്ദ്രൻ തുടരണമെന്നും ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങൾ പരശോധിച്ച് കൃത്യമായ നിർദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആനന്ദബോസ് നൽകിയിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രിയുടെ മുന്നിലുള്ള റിപ്പോർട്ടിലെ ഉള്ളടക്കം സംബന്ധിച്ച് കൃത്യമായി പറയാൻ അദ്ദേഹം തയ്യാറായിട്ടില്ല. നേതൃമാറ്റത്തിനായി ആനന്ദബോസിനും ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയ്ക്കും ഇ-മെയിലുകളുടെ പ്രവാഹമാണ്. ഗ്രൂപ്പ് അടിസ്ഥാനത്തിലല്ലാതെ ഇരുവർക്ക് മുന്നിലും വ്യക്തിപരമായി ഇ-മെയിലുകൾ അയച്ചിട്ടുണ്ടെന്ന് മുതിർന്ന ബിജെപി ഭാരവാഹികൾ വ്യക്തമാക്കി.
advertisement
ആഭ്യന്തര പ്രശ്നങ്ങൾ ഇതായിരിക്കുമ്പോഴും കൊടകര കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രത്യക്ഷ സമരം ബിജെപി ആരംഭിച്ചിട്ടുണ്ട്. നേതാക്കളെയും കുടുംബത്തെയും അതുവഴി പാർട്ടിയെയും അപകീർത്തിപ്പെടുത്തി നശിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നീക്കങ്ങൾക്ക് എതിരെയാണ് സമരം.
സംസ്ഥാനത്തെ 10000 കേന്ദ്രങ്ങളിൽ ഇന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ സമരജ്വാല നടക്കും. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഓൺലൈനിൽ തൃശൂരിലെ പ്രതിഷേധത്തെ അഭിസംബോധന ചെയ്യും. കേന്ദ്രമന്ത്രി വി മുരളീധരൻ കോഴിക്കോട് പരിപാടിയിൽ ഓൺലൈനിൽ പങ്കെടുക്കും. കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ എന്നിവർ സെക്രട്ടേറിയേറ്റിന് മുന്നിലെ പരിപാടിയിലും പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 10, 2021 10:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബി.ജെ.പിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം; നേതൃമാറ്റം വേണമെന്ന് നേതാക്കൾ


