വിഴിഞ്ഞം സ്റ്റേഷൻ ആക്രമണം: ഹിന്ദുഐക്യവേദിയുടെ മാർച്ചിന് അനുമതിയില്ല; മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്
- Published by:Rajesh V
- news18-malayalam
Last Updated:
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് അറുന്നൂറോളം പൊലിസിനെ വിന്യസിച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി ഇന്നു നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. വിഴിഞ്ഞം സമരത്തിനെതിരെയാണ് ഹിന്ദു ഐക്യവേദി മാര്‍ച്ച് സംഘടിപ്പിക്കുന്നത്. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദി സംഘടനയായിരിക്കുമെന്ന് പൊലീസ് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ വൈദികരുടെ നേതൃത്വത്തിലുള്ള സമരത്തിനെതിരെയാണ് ഹിന്ദു ഐക്യവേദി വൈകീട്ട് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ പി ശശികലയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചത്.
വൈകിട്ട് നാലിന് മുക്കോല ജംഗ്ഷനില്‍ നിന്നും മാര്‍ച്ച് തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് അറുന്നൂറോളം പൊലിസിനെ വിന്യസിച്ചു. അതേസമയം വിഴിഞ്ഞം പ്രത്യേക പൊലീസ് സംഘത്തിന്റെ മേധാവിയായി നിയമിച്ച ഡിഐജി ആര്‍ നിശാന്തിനി വിഴിഞ്ഞത്തെത്തി. വിഴിഞ്ഞം സ്‌പെഷല്‍ ഓഫീസറായി കഴിഞ്ഞ ദിവസമാണ് നിശാന്തിനി ഐപിഎസിനെ നിയമിച്ചത്. അഞ്ച് എസ്പിമാരും എട്ട് ഡിവൈഎസ്പിമാരുമടങ്ങുന്ന പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് മദ്യനിരോധനവും പൊലീസിന്റെ കനത്ത ജാഗ്രതയും തുടരുകയാണ്.
Also Read- ‘പാലാ ബിഷപ്പിനോട് സ്വീകരിച്ച അഴകൊഴമ്പന്‍ നിലപാട് ചില പാതിരിമാര്‍ക്ക് വളമായി’: കെ ടി ജലീൽ
അതേസമയം, വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാൻ പൊലീസ് തയാറായിട്ടില്ല. പരിക്കേറ്റ് ആശുപത്രിയിലുള്ളവരേയും പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. പ്രതികളെ പിടികൂടി കൂടുതല്‍ പ്രകോപനം ഉണ്ടാക്കേണ്ടതില്ലെന്ന് പൊലീസുകാര്‍ക്ക് മുകളില്‍നിന്ന് നിര്‍ദേശം ലഭിച്ചതായാണ് സൂചന.
advertisement
പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ മോചിപ്പിക്കാനായി കഴിഞ്ഞ ഞായറാഴ്ചാണ് ജനക്കൂട്ടം സ്റ്റേഷന്‍ വളയുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തത്. ആക്രമണത്തില്‍ 50ഓളം പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും അഞ്ചിലധികം പൊലീസ് വാഹനങ്ങളും ആക്രമികള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതിരേ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും നടപടികളിലേക്ക് നീങ്ങാന്‍ പൊലീസിനായിട്ടില്ല. പ്രതികളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അറസ്റ്റുള്‍പ്പെടെ കൂടുതല്‍ നടപടികള്‍ ധൃതിപിടിച്ചുണ്ടാകില്ല. പൊലീസിന്റെ ഉന്നതതലത്തില്‍നിന്നുള്ള നിര്‍ദേശങ്ങള്‍കൂടി സ്വീകരിച്ചാകും തുടര്‍ നടപടികള്‍. സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പെടെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 30, 2022 12:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിഴിഞ്ഞം സ്റ്റേഷൻ ആക്രമണം: ഹിന്ദുഐക്യവേദിയുടെ മാർച്ചിന് അനുമതിയില്ല; മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്


