'സഹപ്രവർത്തകന്റെ ഫോണിലെ ലോൺ ആപ്പ് വഴി യുവതിക്ക് സംഭവിച്ചത്' മുന്നറിയിപ്പുമായി പൊലീസ്
- Published by:Rajesh V
- news18-malayalam
Last Updated:
സൈബർ ക്രൈം വിഭാഗത്തിന്റെ നേതൃത്വത്തിൽ തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറയുന്നു.
തിരുവനന്തപുരം: ഇൻസ്റ്റന്റ് ലോൺ നൽകുന്ന ആപ്പുകൾ (Instant Loan App) മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുന്നതിൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ് (Kerala Police). പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയുടെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് കേരളാ പൊലീസ് മുന്നറിയിപ്പ് നൽകുന്നത്. യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ വാട്സാപ്പ് വഴി പ്രചരിപ്പിച്ചുവെന്ന പരാതിയെത്തുടർന്നാണ് പൊലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
കുറിപ്പ് ഇങ്ങനെ- പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതി പരാതി അവതരിപ്പിക്കാൻ ബുദ്ധിമുട്ടുന്നത് വനിതാ പോലീസുദ്യോഗസ്ഥയുടെ ശ്രദ്ധയിൽപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥ അവരോട് വിശദമായി സംസാരിച്ച് ധൈര്യം പകർന്നു. 'തന്റെ ഫോട്ടോ അശ്ലീല ഫോട്ടോയോടൊപ്പം മോർഫ് ചെയ്ത് വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നു.' - പരാതിക്കാരി വിവാഹിതയും, ഒരു കുട്ടിയുടെ അമ്മയുമാണ്. പരാതിക്കാരിയുടെ മൊബൈൽഫോൺ വിശദമായ പരിശോധിച്ചതിൽ യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിൽ, ഏതോ ഒരു വിശേഷ ചടങ്ങിനോടനുബന്ധിച്ച് സഹപ്രവർത്തകരോടൊപ്പം എടുത്ത ഫോട്ടോയാണ് വാട്സ് ആപ്പിൽ പ്രൊഫൈൽ ഫോട്ടോയായി ഉപയോഗിച്ചിരുന്നത്. ഓഫീസിലെ വിശേഷദിവസത്തോടനുബന്ധിച്ച് എടുത്ത ഫോട്ടോ ആയതിനാൽ വിവിധ ഗ്രൂപ്പുകളിലും ഫോട്ടോകൾ ഷെയർ ചെയ്തിരുന്നു.
advertisement
Also Read- കുടുംബശ്രീ സ്ത്രീകൾ തമ്മിലുള്ള തർക്കം പുരുഷന്മാര് ഏറ്റെടുത്തു; സംഘര്ഷത്തിൽ 10 പേർക്ക് പരിക്ക്
സഹപ്രവർത്തകനായ ഒരു യുവാവും ചിത്രത്തിൽ ഉണ്ടായിരുന്നു. സംശയം തോന്നിയതിനാൽ ഫോട്ടോയിൽ കാണപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി. അയാളുടെ മൊബൈൽ ഫോണും പരിശോധനക്ക് വിധേയമാക്കി. കൂടെ ജോലിചെയ്യുന്നവരുമായി നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് അയാൾ. മാത്രവുമല്ല, ഇത്തരത്തിൽ, ഒരു ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കത്തക്കതായ യാതൊരു കാരണവും തനിക്കില്ലെന്നും അയാൾ വ്യക്തമാക്കി.
ഇരുവരുടേയും മൊബൈൽ ഫോണുകൾ വീണ്ടും വിശദമായി പരിശോധിച്ചതിൽ യുവാവിന്റെ മൊബൈൽ ഫോണിൽ ഒരു ഇൻസ്റ്റന്റ് ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് പോലീസുദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. പണത്തിന്റെ അത്യാവശ്യം വന്നപ്പോൾ അയാൾ ലോൺ ആപ്പ് വഴി രണ്ടു പ്രാവശ്യമായി പതിനായിരം രൂപ ലോൺ എടുത്തു. പലിശ സഹിതം ഇരട്ടിയോളം തുക തിരിച്ചടച്ചു. ലോൺ ആപ്പ് കമ്പനിക്കാർ പണം ലഭിച്ചില്ലെന്നും, വീണ്ടും വീണ്ടും തുക അടക്കണമെന്നും ആവശ്യപ്പെട്ടു. അയാൾ കണക്കു സഹിതം സമർത്ഥിച്ചിട്ടും ലോൺ ആപ്പുകാർ വേറെ വേറെ മൊബൈൽ നമ്പറുകളിൽ നിന്നും ഭീഷണി തുടർന്നു. നാണക്കേട് ഭയന്ന് യുവാവ് സംഭവിച്ചതൊന്നും പുറത്തു പറയാതിരിക്കുകയായിരുന്നു.
advertisement
യുവാവിന്റെ ഫോണിലേക്ക് ലോൺ ആപ്പ് കമ്പനിക്കാർ അയച്ച മോർഫ് ചെയ്ത ചിത്രങ്ങൾ ഉൾപ്പെടെയുള്ള ഭീഷണി സന്ദേശങ്ങൾ പോലീസുദ്യോഗസ്ഥർരുടെ ശ്രദ്ധയിൽപ്പെട്ടു. യുവതിയുടെ ഫോട്ടോ മോർഫ് ചെയ്തത് ലോൺ ആപ്പ് കമ്പനിക്കാർ തന്നെയായിരിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥർ അവരോട് പറഞ്ഞു മനസ്സിലാക്കി. സൈബർ ക്രൈം വിഭാഗത്തിന്റെ നേതൃത്വത്തിൽ തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറയുന്നു.
ഇൻസ്റ്റന്റ് ലോൺ തട്ടിപ്പുകാർ ചെയ്യുന്നത് : ലോൺ ആപ്പ് മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന സമയം തന്നെ ഫോണിൽ നിന്നും നമ്മുടെ കോൺടാക്ട്സ്, ഗാലറി എന്നിവ ലോൺ ആപ്പ് കമ്പനിക്കാർ കൈക്കലാക്കുന്നു. ലോൺ ലഭിക്കുന്നതിന് വ്യക്തിയുടെ ഫോട്ടോ, ആധാർകാർഡ്, പാൻകാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകളും ആവശ്യപ്പെടും. ഇതെല്ലാം നൽകിക്കഴിയുമ്പോൾ മാത്രമേ ലോൺ എടുക്കുന്നയാളുടെ അക്കൗണ്ടിലേക്ക്, പണം നിക്ഷേപിക്കപ്പെടുകയുള്ളൂ. ലോൺ തുകയിൽ നിന്നും വലിയൊരു തുക കിഴിച്ചതിനുശേഷം ബാക്കി തുകയായിരിക്കും നൽകുന്നത്. കൃത്യമായി ലോൺ തിരിച്ചടച്ചാലും, അത് ലോൺ ആപ്പിൽ വരവു വെക്കുകയില്ല. ലോൺ തുക മുടങ്ങി എന്നപേരിൽ അവർ വീണ്ടും വീണ്ടും പണവും പലിശയും ആവശ്യപ്പെടും. ഇതിൽ ഏറ്റവും പുതിയ തട്ടിപ്പുരീതിയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.
advertisement
ലോൺ തിരിച്ചടവ് മുടങ്ങിയാൽ, ലോൺ വാങ്ങിയയാളുടെ കോൺടാക്ട് ലിസ്റ്റ് ഉപയോഗിച്ച് അതിലെ സ്ത്രീകളുടെ പ്രൊഫൈൽ ചിത്രങ്ങൾ മോർഫ് ചെയ്യുന്നു. ലോൺ വാങ്ങിയയാളോ, ലോൺ നൽകിയ സ്ഥാപനമോ അല്ലാതെ കോൺടാക്ട് ലിസ്റ്റിലുള്ള മറ്റൊരു വ്യക്തിയുടെ ചിത്രമായിരിക്കും മോർഫ് ചെയ്യുന്നത്. അതിനുശേഷം മോർഫ് ചെയ്ത ചിത്രം ലോൺ എടുത്തയാൾക്കും കോൺടാക്ട് ലിസ്റ്റിലുള്ള ആൾക്കും അയച്ചു കൊടുക്കുന്നു. ലോൺ തിരിച്ചടച്ചില്ലെങ്കിൽ ഇത് വ്യാപകമായി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു.
advertisement
ഉപഭോക്താവ് ലോൺ തുക തിരിച്ചടക്കാതാവുന്നതോടെ മോർഫ് ചെയ്ത ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. മിക്കവാറും ഫേക്ക് ഐഡികളിൽ നിന്നും, വ്യാജമായി സൃഷ്ടിച്ച വാട്സ് ആപ്പ് നമ്പറുകളിൽ നിന്നുമായിരിക്കും ഇത്തരക്കാർ മെസേജുകൾ അയക്കുന്നത്. അപകടങ്ങൾക്ക് ഇരയാകുന്നവർ നാണക്കേട് ഓർത്ത് പരാതി പറയുന്നതിന് വിമുഖത കാണിക്കുന്നതോടെ, കുറ്റവാളികൾ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നു- പൊലീസ് മുന്നറിയിപ്പ് നൽകി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 18, 2022 10:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സഹപ്രവർത്തകന്റെ ഫോണിലെ ലോൺ ആപ്പ് വഴി യുവതിക്ക് സംഭവിച്ചത്' മുന്നറിയിപ്പുമായി പൊലീസ്