കൊച്ചി: ശബരിമല കരട് ഓര്‍ഡിനന്‍സില്‍ പാര്‍ട്ടിയില്‍ ആശയ കുഴപ്പമില്ലെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കരട് കെ പി സി സി അംഗീകരിക്കുന്നു. പൊതുസമൂഹവുമായി ചര്‍ച്ച ചെയ്ത ശേഷം അന്തിമ രൂപം നല്‍കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രധാന വിഷയമാകും.
ശബരിമല വിഷയം യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രധാന വിഷയമായി ഇടം പിടിക്കുമെന്നുംമുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. ഡി സി സി അധ്യക്ഷന്മാരുടെയും കെ പി സി സി ഭാരവാഹികളുടെയും യോഗത്തിന് ശേഷം എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു ഡി എഫ് അധികാരത്തിൽ എത്തുമ്പോള്‍ ശബരിമലയുമായി ബന്ധപ്പെട്ട് നിയമ നിര്‍മാണം നടത്തും. വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് മുറിവേൽപ്പിക്കാതെ മുന്നോട്ടു പോകണമെന്നതാണ് തങ്ങളുടെ നിലപാട്. വിഷയത്തില്‍ എന്തു കൊണ്ട് നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നിയമ നിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് നിയമപരമായി കഴിയില്ലെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന ശബരിമല നിയമത്തിന്റെ കരട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുറത്തു വിട്ടത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. അദ്ദേഹത്തോട് വിവരം ആരായുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
You may also like:'ആചാര ലംഘകർക്ക് രണ്ടു വർഷം തടവ്'; നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല ബ്രഹ്മാസ്ത്രമാക്കി യുഡിഎഫ് [NEWS]അശ്ലീല വീഡിയോ കാട്ടി പതിനാലുകാരിയെ ഭീഷണിപ്പെടുത്തിയ 13 കാരനെതിരെ കേസ് [NEWS] 'കാർഷികമേഖലയിൽ സ്വകാര്യ കമ്പനികൾക്ക് വേണ്ടി വാദിച്ച ഈ തിരുവനന്തപുരം എംപിയെ ഓർമ്മയുണ്ടോ?' - തരൂരിനെതിരെ ശോഭ സുരേന്ദ്രൻ [NEWS]
കേരളത്തില്‍ ഭൂരിപക്ഷ വിഭാഗത്തെ പ്രീണിപ്പിച്ചും ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ചും മുന്നോട്ടു പോകാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഇതിന് പിന്നിലെ സി പി എം - ബി ജെ പി ബന്ധത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തില്ലങ്കേരിയിലെ ജില്ല പഞ്ചായത്ത് ഡിവിഷന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് മറിച്ചത് ഒടുവിലെ ഉദാഹരമാണ്. വര്‍ഗീയ ധ്രുവീകരണ ശ്രമം മനസിലാക്കാന്‍ ജനങ്ങള്‍ വൈകിയാല്‍ നാട് വലിയ അപകടത്തിലേക്ക് പോകും. ഓര്‍ത്തഡോക്‌സ് - യാക്കോബായ സഭ തര്‍ക്കം സമവായത്തിലൂടെ പരിഹരിക്കണമെന്നതാണ് തങ്ങളുടെ നിലപാട്. ആര്‍ക്കും വേണ്ടി പക്ഷം പിടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാണ്ടി ഉമ്മന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് വിശദീകരണം ലഭിക്കുമ്പോള്‍ പ്രതികരിക്കും. ജനോപകാരപ്രദമായ ഒരു കാര്യങ്ങളും ചെയ്യാത്ത വെറുക്കപ്പെട്ട സര്‍ക്കാരാണ് കേരളത്തിലേത്. അഭ്യസ്തവിദ്യരായ യുവാക്കള്‍ പി എസ് സിയില്‍ യോഗ്യത നേടി നിയമനത്തിന് കാത്തിരിക്കുമ്പോള്‍ അവ നേതാക്കളുടെ ബന്ധുക്കള്‍ക്ക് ഇഷ്ടദാനം നല്‍കുകയാണ്. മത്സ്യത്തൊഴിലാളികളും അസംഘടിത മേഖലയിലും പരമ്പരാഗത മേഖലയിലും തൊഴിലെടുക്കുന്നവരും അവഗണന നേരിടുകയാണ്.
അതിനാല്‍ യു ഡി എഫിന്റെ നേതൃത്വത്തിലുള്ള ഭരണം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. അത് സാക്ഷാത്കരിക്കാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒറ്റക്കെട്ടാകണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജനുവരി 26ന് 25041 ബൂത്ത് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. അതില്‍ 19349 എണ്ണം പൂര്‍ത്തീകരിച്ചു. ബാക്കി ഈ മാസം 20ന് മുമ്പ് പുനഃസംഘടിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന മണ്ഡലം പ്രസിഡന്റുമാരെ 21ന് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യും. പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന ഡി സി സി ഭാരവാഹികളോ മറ്റ് നേതാക്കളോ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കും. ജനുവരി 30ന് പദയാത്രകള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചിലയിടങ്ങളില്‍ നടന്നില്ല. പാര്‍ട്ടി ഉത്തരവാദിത്തം വേണ്ട വിധം നടപ്പാക്കാത്തവർക്ക് എതിരെ നടപടിയെടുക്കും.
വയനാട് ബഫര്‍ സോണാക്കാനുളള തീരുമാനത്തില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിനെ വിഷയം വേണ്ടവിധം ധരിപ്പിക്കും. ഐശ്വര്യകേരള യാത്രയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം രാഹുൽ ഗാന്ധി നിര്‍വഹിക്കും. ഒരു ലക്ഷം പേരെ കോണ്‍ഗ്രസ് പങ്കെടുപ്പിക്കും. ഇത് കോവിഡ് മാനദണ്ഡം ലംഘിക്കാന്‍ കാരണമാകില്ലേ എന്ന ചോദ്യത്തിന് ആരോഗ്യമന്ത്രി തന്റെ പരിപാടിയില്‍ മാതൃക കാണിക്കട്ടെ എന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.
രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കേരളം കുതിക്കുകയാണ്. പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശ്രമിച്ചത് ആദ്യം തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് വ്യാപനത്തിന് ഒന്നാം സ്ഥാനം നല്‍കുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ പോയി ഏറ്റു വാങ്ങണമെന്നും അദ്ദേഹം പരിഹസിച്ചു. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിൽ ആയിരുന്നു യോഗം. എ ഐ സി സി സെക്രട്ടറി ഐവാന്‍ ഡിസൂസ, പി. വിശ്വനാഥന്‍, പി.വി. മോഹന്‍ എന്നിവരും പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kpcc, Kpcc president mullappally ramachandran, Mullappally ramachandran, Sabarimala