• HOME
 • »
 • NEWS
 • »
 • kerala
 • »
 • K-RAIL | 'മകള്‍ നോക്കി നില്‍ക്കെ ചെന്നായ്ക്കള്‍ ഇരയെ വലിച്ചിഴക്കും പോലെ കൊണ്ടുപോയി, ഇനിയും പോരാടും'; മാടപ്പള്ളിയിലെ റോസ്ലിന്‍ പറയുന്നു

K-RAIL | 'മകള്‍ നോക്കി നില്‍ക്കെ ചെന്നായ്ക്കള്‍ ഇരയെ വലിച്ചിഴക്കും പോലെ കൊണ്ടുപോയി, ഇനിയും പോരാടും'; മാടപ്പള്ളിയിലെ റോസ്ലിന്‍ പറയുന്നു

റോസ്‌ലിനും കുടുംബവും താമസിക്കുന്ന മാടപ്പള്ളി ഇടപ്പള്ളി കോളനിയിലെ വീടും കുറച്ച് അകലെയുള്ള കുടുംബ വീടും ഇവർ നടത്തുന്ന സ്റ്റേഷനറിക്കടയും സിൽവർലൈനു സ്ഥലമേറ്റെടുക്കുമ്പോൾ നഷ്ടമാകും.

റോസ്ലിന്‍ ഫിലിപ്പിനെ പ്രതിഷേധത്തിനിടെ പോലീസ് വലിച്ചിഴച്ചു കൊണ്ടുപോകുന്നു

റോസ്ലിന്‍ ഫിലിപ്പിനെ പ്രതിഷേധത്തിനിടെ പോലീസ് വലിച്ചിഴച്ചു കൊണ്ടുപോകുന്നു

 • Share this:
  കെറെയിലിനെതിരെ ചങ്ങനാശേരി മാടപ്പള്ളിയില്‍ നടന്ന ജനകീയ പ്രതിഷേധത്തിന് നേരെ പോലീസ് നടത്തിയ അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. തങ്ങളുടെ കിടപ്പാടവും സ്വത്തും വരുമാന മാര്‍ഗവും നഷ്ടപ്പെടുമെന്ന ഭയത്തില്‍ നിന്നുമാണ് അവര്‍ പ്രതിഷേധിക്കാന്‍ തയാറായി തെരുവിലറങ്ങിയത്. പ്രതിഷേധക്കാര്‍ക്കിടയിലെ ഒരു സ്ത്രീയെ പോലീസ് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടു പോകുന്നതും ആ കാഴ്ച കണ്ട് 'എന്‍റമ്മയേ..വിടണേ' എന്ന് പറഞ്ഞ് ഒരു പെണ്‍കുട്ടി കരയുന്നതും കണ്ടുനിന്ന ഓരോരുത്തരുടെയും ഉള്ളില്‍ ഒരു വിങ്ങലായി മാറി.

  കോട്ടയം സ്വദേശി ജിജി എന്ന റോസ്ലിന്‍ ഫിലിപ്പിനെയാണ് പോലീസ് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയത്. സ്വന്തം വീടും തറവാടും വരുമാന മാര്‍ഗമായ കടയും നഷ്ടപ്പെടുന്നതിലുള്ള വേദനയാണ് ജിജി പ്രതിഷേധിക്കാന്‍ പ്രേരിപ്പച്ചത്.  ഇതെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെടുന്നത് ഓര്‍ക്കാന്‍ കൂടി കഴിയില്ലെന്ന് റോസ്ലിന്‍ പറയുന്നു.

  'ടാറിട്ട‌ റോഡിലൂടെ എന്നെ വലിച്ചിഴച്ചപ്പോൾ കൈകാലുകളെല്ലാം പൊട്ടി ചോര പൊടിയുകയും വസ്ത്രം സ്ഥാനം മാറിപ്പോവുകയും ചെയ്തു. വനിതാ പൊലീസുകാർക്കും എന്ന സഹായിക്കാൻ തോന്നിയില്ല. എന്റെ ഇളയ മകളും ക്യാമറക്കണ്ണുകളും ഒരു നാട് മുഴുവനും നോക്കി നിൽക്കുമ്പോഴാണ് ഈ അപമാനവും അക്രമവും. ഞാനൊരു സാധാരണ വീട്ടമ്മയാണ്. എന്നാലും കിടപ്പാടത്തിനായി ഇനിയും പൊരുതും. തെരുവിൽ ഇറങ്ങുന്നതിനേക്കാൾ ഭേദം മരണമാണ്'–റോസ്‌ലിൻ പറഞ്ഞു.

  വിദേശത്ത് നഴ്സായി ജോലി ചെയ്തിരുന്ന റോസ്ലിന്‍  അമ്മയ്ക്ക് അസുഖം ബാധിച്ചത് മൂലമാണ് തിരികെ നാട്ടിലെത്തിയത്. മൂന്ന് പെണ്‍കുട്ടികളാണ് റോസ്ലിന്, മൂത്തമകള്‍ സോണിയ സി.എ വിദ്യാര്‍ഥി, രണ്ടാമത്തെ മകള്‍ സാനിയ ഏഴാം ക്ലാസിലും ഇളയ മകള്‍ സോമിയ ഒന്നാം ക്ലാസിലും പഠിക്കുന്നു.സോമിയയുടെ മുന്നില്‍ വെച്ചാണ് റോസ്ലിനെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയത്.

  സോമിയയും മാതാപിതാക്കളായ ഈയാലിൽ തെക്കേതിൽ സണ്ണി ഫിലിപ്പും റോസ്‌ലിനും താമസിക്കുന്ന മാടപ്പള്ളി ഇടപ്പള്ളി കോളനിയിലെ വീടും കുറച്ച് അകലെയുള്ള കുടുംബ വീടും ഇവർ നടത്തുന്ന സ്റ്റേഷനറിക്കടയും സിൽവർലൈനു സ്ഥലമേറ്റെടുക്കുമ്പോൾ നഷ്ടമാകും.

  അറസ്റ്റ് ചെയ്ത റോസ്ലിനെ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ എത്തിച്ച പിന്നീട് വിട്ടയച്ചു. വൈകിട്ടോടെ വീട്ടിലെത്തിയ അവരെ  രക്തസമ്മർദം കൂടിയതിനെത്തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകേണ്ടിവന്നിരുന്നു.

  പ്രതിഷേധത്തിനിടെ കോട്ടയം മാടപ്പള്ളിയിൽ സ്ഥാപിച്ച സർവേക്കല്ലുകൾ അപ്രത്യക്ഷമായി


  കോട്ടയം: ചങ്ങനാശേരി (Chnaganassery) മാടപ്പള്ളിയിൽ (Madappally) പ്രദേശവാസികളുടെ പ്രതിഷേധം അവഗണിച്ച് പൊലീസിന്റെ സാന്നിധ്യത്തില്‍ അധികൃതര്‍ സ്ഥാപിച്ച കെ-റെയിലിന്റെ (K Rail) സര്‍വേ കല്ലുകള്‍ അപ്രത്യക്ഷമായി. കെ-റെയില്‍ അധികൃതര്‍ വ്യാഴാഴ്ച സ്ഥാപിച്ച സര്‍വേക്കല്ലുകളാണ് രാത്രിതന്നെ ആരോ പിഴുതെറിഞ്ഞത്.

  വ്യാഴാഴ്ച കെ-റെയില്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ മാടപ്പള്ളിയിലും റീത്തുപള്ളിയിലും വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. സമരം ചെയ്ത സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പൊലീസിന്റെ മര്‍ദനമേറ്റിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് മാടപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഉദ്യോഗസ്ഥര്‍ കല്ലുകള്‍ സ്ഥാപിച്ചിരുന്നത്.

  കല്ലുകള്‍ പിഴുതുമാറ്റുമെന്ന് അറസ്റ്റ് ചെയ്ത ഘട്ടത്തില്‍ തന്നെ സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഇതിനിടെ കെ-റെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഹർ ത്താല്‍ ആചരിക്കുകയാണ്. ബിജെപിയും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
  Published by:Arun krishna
  First published: