‘പി പി ദിവ്യയുടെ ബിനാമി കമ്പനികൾക്ക് കോടികളുടെ കരാർ; ഭർത്താവിന്റെ പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി’: KSU സംസ്ഥാന വൈസ് പ്രസിഡന്റ് ഷമ്മാസ്
- Published by:Rajesh V
- news18-malayalam
Last Updated:
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോൾ കോടിക്കണക്കിന് രൂപയുടെ കരാറുകൾ നൽകിയത് സ്വന്തം ബിനാമി കമ്പനിക്കാണെന്നും ഷമ്മാസ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ചില രേഖകളും ഷമ്മാസ് വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണം നേരിട്ടതിനെ തുടർന്ന് രാജിവച്ച പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോൾ കോടിക്കണക്കിന് രൂപയുടെ കരാറുകൾ നൽകിയത് സ്വന്തം ബിനാമി കമ്പനിക്കാണെന്നും ഷമ്മാസ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ചില രേഖകളും ഷമ്മാസ് വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.
'കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിനുശേഷം 2021 ജൂലൈ 20നാണ് കമ്പനി രൂപീകരിച്ചത്. ദിവ്യയുടെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ മുഹമ്മദ് ആസിഫാണ് കമ്പനി എം ഡി. ആസിഫിന്റെയും ദിവ്യയുടെ ഭർത്താവ് വി പി അജിത്തിന്റെയും പേരിൽ ഏക്കർകണക്കിന് സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടിൽ ആസിഫിന്റെയും അജിത്തിന്റെയും പേരിൽ വാങ്ങിയത് നാലേക്കറോളം ഭൂമിയാണ്'- ഇരുവരുടെയും പേരിൽ സ്ഥലം രജിസ്റ്റർ ചെയ്ത രേഖകൾ പുറത്തുവിട്ടുകൊണ്ട് മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
advertisement
അനധികൃതമായി സ്വന്തം ബിനാമി കമ്പനിക്ക് ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ കോടിക്കണക്കിനു രൂപയുടെ കരാർ ദിവ്യ നൽകിയെന്ന് ആരോപിച്ച ഷമ്മാസ് അതുമായി ബന്ധപ്പെട്ട രേഖകളും പുറത്തുവിട്ടിട്ടുണ്ട്. ‘‘11 കോടിയോളം രൂപയാണ് രണ്ട് വർഷത്തിനിടയിൽ പ്രീ ഫാബ്രിക്കേറ്റ് ടോയ്‌ലറ്റ് നിർമാണങ്ങൾക്ക് മാത്രമായി കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നൽകിയത്. ഇതിനു പുറമെ പടിയൂർ എബിസി കേന്ദ്രത്തിന്റെ 76 ലക്ഷം രൂപയുടെ നിർമാണ കരാറും ഈ കമ്പനിക്ക് തന്നെ നൽകി. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പ്രീ ഫാബ്രിക് നിർമാണങ്ങളാണ് സിൽക്ക് വഴി ഈ കമ്പനിക്ക് നൽകിയത്. പ്രധാനമായും ബയോ ടോയ്‌ലറ്റുകൾ, മറ്റു കെട്ടിടങ്ങൾ എന്നിവയായിരുന്നു നിർമാണങ്ങൾ. മൂന്ന് വർഷത്തിനിടെ 12 കോടിയിലധികം രൂപയുടെ പ്രവൃത്തികളാണ് ഈ കമ്പനിക്ക് നൽകിയത്. ഒരു കരാർപോലും പുറത്തൊരു കമ്പനിക്കും ലഭിച്ചില്ല.
advertisement
ദിവ്യയുടെ ഉറ്റ സുഹൃത്തും കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി പി ഷാജിറിനും ഈ ബിനാമി ഇടപാടുകളിൽ പങ്കുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ നിർമാണ പ്രവൃത്തികളുടെ കരാറുകളും ഈ കമ്പനിക്ക് ലഭിച്ചിട്ടുണ്ട് – ഷമ്മാസ് പറഞ്ഞു.
ദിവ്യയുടെ അഴിമതികളുടെയും ബിനാമി കൂട്ടുകെട്ടുകളുടെയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരുമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
January 22, 2025 12:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘പി പി ദിവ്യയുടെ ബിനാമി കമ്പനികൾക്ക് കോടികളുടെ കരാർ; ഭർത്താവിന്റെ പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി’: KSU സംസ്ഥാന വൈസ് പ്രസിഡന്റ് ഷമ്മാസ്