Kerala Congress | ജോസ് കെ.മാണി എൽഡിഎഫിലേക്ക് പോകില്ലെന്ന് സുരേന്ദ്രൻ; എൻ.ഡി.എയിലേക്കെന്ന് ജോസഫ്; കേരള രാഷ്ട്രീയത്തിൽ മാറ്റമുണ്ടാക്കുന്നതാകും തീരുമാനമെന്ന് ജോസ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
തുവരെ ആരും ചിന്തിക്കാത്ത ചില സസ്പെൻസുകൾ മുന്നണി മാറ്റത്തിൽ ഉണ്ടാകുമെന്നാണ് നേരത്തെ നടത്തിയ വാർത്താസമ്മേളനത്തിൽ ജോസ് കെ മാണി പറഞ്ഞിരുന്നത്.
കോട്ടയം: ജോസ് കെ. മാണിയുടെ മുന്നണിമാറ്റ ചർച്ചകൾ സജീവമായി തുടരുന്നതിനിടെ നിർണായക സൂചന നൽകി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജോസ് കെ മാണി എൽ.ഡി.എഫിലേക്ക് പോകില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ജോസിന് എൽ.ഡി.എഫിനൊപ്പം പ്രവർത്തിക്കാനാവില്ല. അത്തരത്തിൽ ഒരു തീരുമാനം എടുത്തതായി കരുതുന്നില്ലെന്നും കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ വ്യക്തമാക്കി. ഒരാഴ്ചക്കുള്ളിൽ മുന്നണി മാറ്റപ്രഖ്യാപനം ഉണ്ടാകുമെന്ന് ജോസ് കെ മാണി വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
സുരേന്ദ്രന്റെ പ്രതികരണത്തിനു പിന്നാലെ ജോസ് കെ മാണി ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എൻ.ഡി.എ മുന്നണിയിലേക്ക് ചേരുമെന്ന് പി.ജെ ജോസഫ് പറഞ്ഞു. കേന്ദ്രമന്ത്രി ആകാനാണ് ജോസ് കെ മാണി ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നാണ് കേരള കോൺഗ്രസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജോസഫ് ആരോപിച്ചത്. രണ്ടില ചിഹ്നം ലഭിക്കുന്നതിന് ജോസിനെ ബി.ജെ.പിയുടെ ചില കേന്ദ്രനേതാക്കൾ സഹായിച്ചു. ഒരു ബിജെപി നേതാവ് ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും ജോസഫ് ചൂണ്ടിക്കാട്ടി.
advertisement
അതേസമയം ഇതുവരെ ആരും ചിന്തിക്കാത്ത ചില സസ്പെൻസുകൾ മുന്നണി മാറ്റത്തിൽ ഉണ്ടാകുമെന്നാണ് നേരത്തെ നടത്തിയ വാർത്താസമ്മേളനത്തിൽ ജോസ് കെ മാണി പറഞ്ഞിരുന്നത്. വെള്ളിയാഴ്ചത്തെ വാർത്താസമ്മേളനത്തിലും ചില സൂചനകൾ അദ്ദേഹം നൽകിയിരുന്നു. കേരള രാഷ്ട്രീയത്തിന്റെ ദിശ തന്നെ മാറ്റുന്ന തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം. കർഷകരുടെ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട തീരുമാനമെടുക്കുന്നവർക്കൊപ്പമാകും പാർട്ടി ഉണ്ടാക്കുകയെന്നും ജോസ് വ്യക്തമാക്കി.
കെ സുരേന്ദ്രനും പി.ജെ ജോസഫും ജോസ് കെ. മാണിയും നിലപാടുകൾ വ്യക്തമാക്കിയതോടെ കേരള കോൺഗ്രസ് ജോസ് വിഭാഗം എൻ.ഡി.എ മുന്നണിയിലെത്തുമെന്ന അഭ്യൂഹം ശക്തമായി.
advertisement
വിലങ്ങുതടിയായി പാലയും കാഞ്ഞിരപ്പള്ളിയും
എൽഡിഎഫിലേക്ക് പോകാനുള്ള നീക്കമായിരുന്നു ജോസ് കെ മാണി നടത്തിയത്. എന്നാൽ കെ.എം മാണി അൻപതിലധികം വർഷം മത്സരിച്ചപാലാ സീറ്റ് പൊരുതി നേടിയതാണെന്നും അത് വിട്ടു നൽകാനാകില്ലെന്നും മാണി സി. കാപ്പൻ വ്യക്തമാക്കിയിരുന്നു. പാലക്ക് പുറമേ എൻ. ജയരാജ് എം.എൽ.എയുടെ കാഞ്ഞിരപ്പള്ളി വിട്ടു നൽകാനാകില്ലെന്ന് സി.പി.ഐ നിലപാടെടുത്തതും ജോസിനെ ആശയക്കുഴപ്പത്തിലാക്കി. പാലാ ലഭിക്കാതെ വന്നാൽ കടുത്തുരുത്തിയിൽ നിന്ന് മത്സരിക്കാനായിരുന്നു ജോസ് കെ. മാണിയുടെ നീക്കം. ഇടതുപക്ഷം കടുത്ത വെല്ലുവിളി നേരിടുന്ന കാലത്ത് സിറ്റിംഗ് എം.എൽ.എ മോൻസ് ജോസഫിനെ പരാജയപ്പെടുത്തുക എളുപ്പമല്ലെന്ന് ജോസ് കെ മാണി വിഭാഗം തിരിച്ചറിയുന്നുണ്ട്. ഇവതെല്ലാം ഇടത് മുന്നണി പ്രവേശനത്തിന് വിലങ്ങുതടിയാണ്.
advertisement
ജോസഫ് സൂചിപ്പിച്ച പോലെ ജോസ് കെ മാണി ബി.ജെ.പിക്കൊപ്പം ചേർന്ന് കേന്ദ്രമന്ത്രി ആകുമോയെന്നാണ് ഇനി അറിയേണ്ടത്. അങ്ങനെ വന്നാൽ ഇപ്പോഴുള്ള പല നേതാക്കളും ജോസിനെ കൈവിടും. എന്നാൽ കേരളത്തിൽ നിർണായക പോരാട്ടത്തിനൊരുങ്ങുന്ന ബി.ജെ.പിക്ക് ജോസ് ഒപ്പം വരുന്നത് ഗുണമാണ്. ക്രൈസ്തവസഭകളിലേക്കുള്ള വാതിൽ തുറക്കുന്നത് ബിജെപി പ്രാധാന്യത്തോടെയാണ് കാണുന്നത്. കേരളം പിടിക്കാൻ ക്രൈസ്തവസഭകൾ കൂടിയേ കഴിയൂന്ന് ബി.ജെ.പി നേരത്തെതന്നെ കണക്ക് കൂട്ടിയതാണ്. ഏതായാലും തിങ്കളാഴ്ച ജോസ് കെ മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുത്തോടെ സംശയങ്ങൾക്ക് അറുതിവരുമെന്നാണ് പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 09, 2020 11:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Congress | ജോസ് കെ.മാണി എൽഡിഎഫിലേക്ക് പോകില്ലെന്ന് സുരേന്ദ്രൻ; എൻ.ഡി.എയിലേക്കെന്ന് ജോസഫ്; കേരള രാഷ്ട്രീയത്തിൽ മാറ്റമുണ്ടാക്കുന്നതാകും തീരുമാനമെന്ന് ജോസ്