വേടന്റെ അമ്മയെ കേസുമായി ബന്ധപ്പെടുത്തിയത് തെമ്മാടിത്തവും അസംബന്ധവുമാണ്; ജോൺ ബ്രിട്ടാസ്
- Published by:ASHLI
- news18-malayalam
Last Updated:
ആറ്റംബോംബ് ഒന്നുമല്ലല്ലോ? വേടന്റെ കഴുത്തിൽ പുലിപല്ല് കണ്ടെത്തിയത് മഹാസംഭവം എന്ന നിലയ്ക്കാണ് പ്രചരിപ്പിക്കപ്പെട്ടതെന്നും ജോൺ ബ്രിട്ടാസ്
റാപ്പർ വേടന്റെ അമ്മയെ കേസുമായി ബന്ധപ്പെടുത്തിയത് ശുദ്ധ തെമ്മാടിത്തവും അസംബന്ധവുമാണെന്ന് ജോൺ ബ്രിട്ടാസ് എംപി. വംശീയ യുദ്ധം നടക്കുന്ന സ്ഥലങ്ങളിൽ പോലും ഇത്തരത്തിലുള്ള ഉദ്ഘോഷമുണ്ടാവില്ല. ചില ഉദ്യോഗസ്ഥർ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ലെന്നും ജോൺ ബ്രിട്ടാസ് സോഷ്യൽമീഡിയയിൽ കുറിച്ചു.
നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കട്ടെ. ആറ്റംബോംബ് ഒന്നുമല്ലല്ലോ വേടന്റെ കഴുത്തിൽ പുലിപല്ല് കണ്ടെത്തിയത് മഹാസംഭവം എന്ന നിലയ്ക്കാണ് പ്രചരിപ്പിക്കപ്പെട്ടതെന്നും ജോൺ ബ്രിട്ടാസ് കുറിച്ചു.
ജോൺ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
റാപ്പർ വേടനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിൻറെ സംഗീതശാഖ എനിക്കത്ര പരിചിതവുമല്ല. എന്നാൽ അദ്ദേഹത്തെ മുൻനിർത്തി സൃഷ്ടിക്കപ്പെട്ട വിവാദത്തെക്കുറിച്ച് പറയാതിരിക്കാൻ വയ്യ. നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കട്ടെ. എന്നാൽ ചില ഉദ്യോഗസ്ഥർ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ല. വേടന്റെ കഴുത്തിൽ പുലിപല്ല് കണ്ടെത്തിയത് മഹാസംഭവം എന്ന നിലയ്ക്കാണ് പ്രചരിപ്പിക്കപ്പെട്ടത്. ആറ്റംബോംബ് ഒന്നുമല്ലല്ലോ അത്. എത്രയോ പഴയ വീടുകളിൽ വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങൾ കൊണ്ട് ഉണ്ടാക്കിയ കരകൗശല വസ്തുക്കൾ ഉണ്ടാകും. ഇതിനേക്കാൾ എന്നെ അസ്വസ്ഥനാക്കിയത് മറ്റൊരു വാർത്താ ശകലമാണ്; “വേടന്റെ അമ്മ ശ്രീലങ്കൻ വംശജ, ആ കണക്ഷൻ കേസിൽ ഉണ്ടെന്ന് വനംവകുപ്പ്”. ശുദ്ധ തെമ്മാടിത്തവും അസംബന്ധവുമാണ് ഇത്. വംശീയ യുദ്ധം നടക്കുന്ന സ്ഥലങ്ങളിൽ പോലും ഇത്തരത്തിലുള്ള ഉദ്ഘോഷമുണ്ടാവില്ല. വന്യമൃഗങ്ങളുടെ ശല്യം കാരണം കേരളത്തിലെ പല ഭാഗങ്ങളിലും കൃഷി അസാധ്യമായിരിക്കുകയാണ്. കാട്ടുപന്നിയെയും കുരങ്ങനെയുമൊക്കെ ക്ഷുദ്രജീവികളാക്കണമെന്നാണ് കേരള സർക്കാരിന്റെ ആവശ്യം. എന്നാൽ ഇപ്പോഴും അടുക്കളയിൽ കയറി കറിച്ചട്ടി പൊക്കാൻ വെമ്പുന്ന ചില വനം വകുപ്പ് ഉദ്യോഗസ്ഥരുണ്ട്. ഇത്തരത്തിലുള്ള അത്യുൽസാഹമൊന്നും കേരളസമൂഹം അംഗീകരിക്കുന്നില്ലെന്ന് അവർ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 01, 2025 2:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വേടന്റെ അമ്മയെ കേസുമായി ബന്ധപ്പെടുത്തിയത് തെമ്മാടിത്തവും അസംബന്ധവുമാണ്; ജോൺ ബ്രിട്ടാസ്