വ്രതം മുന്നോട്ടുവെക്കുന്നത് സമത്വപൂർണമായ ഒരു ലോകമെന്ന ആശയമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ (CPM Politburo)അംഗം എംഎ ബേബി (MA Baby). മിക്ക മതാനുഷ്ഠാനങ്ങൾക്കു പിന്നിലും വളരെ മാനവികമായ ചില ആശയങ്ങൾ ഉണ്ടെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ എംഎ ബേബി പറയുന്നു.
വ്രതാനുഷ്ഠാനങ്ങൾ മിക്കതും ശരീരത്തിനേയും മനസ്സിനേയും ശുദ്ധീകരിക്കുന്നതാണ്. ഉത്തരേന്ത്യയിൽ നവരാത്രി വ്രതം നടക്കുന്ന സമയമാണിത്. ക്രിസ്ത്യാനികൾ ഈസ്റ്ററിന് മുമ്പുള്ള നോമ്പ് നോക്കുന്ന കാലവും. ഇസ്ലാം പിന്തുടരുന്ന വ്രതം എന്നത് - വിശപ്പ് മനുഷ്യനെ സംബന്ധിച്ചിടത്തോളം എത്ര പ്രധാനപ്പെട്ടതാണ് എന്ന് ബോധ്യപ്പെടുത്തുന്നു.
സാമ്പത്തിക അസമത്വം സൃഷ്ടിച്ച സാഹചര്യങ്ങൾ പട്ടിണിക്കിട്ട കോടിക്കണക്കിന് മനഷ്യരെയാണ് വ്രതകാലത്ത് നോമ്പെടുക്കുന്നവരെ ഓർമിപ്പിക്കുന്നത്. ഒരു അനുഷ്ഠാനത്തിന്‍റെയും ഭാഗമല്ലാതെ പട്ടിണി കിടക്കേണ്ടി വരുന്ന ദരിദ്രരായ മനുഷ്യരെക്കുറിച്ച് ചിന്തിക്കാൻ വ്രതാനുഷ്ഠാനത്തിന്‍റെ നാളുകൾ വിശ്വാസികളെ പ്രേരിപ്പിക്കുന്നുവെന്നും എംഎ ബേബി. ഇത് സമത്വപൂർണമായ സമൂഹത്തെ കുറിച്ചുള്ള സങ്കൽപമാണ് മനുഷ്യന് പകർന്ന് നൽകുന്നത്.
Also Read-
ശരീരത്തിലെ ജലാംശം നിലനിർത്തുക; ഭക്ഷണത്തിൽ ഉപ്പ് കുറയ്ക്കുക; റമദാൻ വ്രതമനുഷ്ഠിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾജീവലോകത്തിന്റെ അടിസ്ഥാനപ്രശ്നമാണ് വിശപ്പ്. വിശപ്പിനെ നമ്മുടെ ചിന്തയുടെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവരുകയാണ് വ്രതാനുഷ്ഠാനത്തിന്‍റെ നാളുകൾ. ചുറ്റുവട്ടങ്ങളിൽ ആരും വിശന്നിരിക്കുന്നില്ലെന്ന് ഉറക്കെ വിളിച്ചുചോദിച്ച് ഉറപ്പാക്കിയ ശേഷമേ നിങ്ങൾ ഭക്ഷണം കഴിക്കാവു എന്നാണ് നബി തിരുമേനിയുടെ പാഠമെന്നും എംഎ ബേബി ഓർമിപ്പിക്കുന്നു. നബി തിരുമേനിയുടെ പ്രവാചകതുല്യമായ ആശയങ്ങൾ പലതും കമ്യൂണിസ്റ്റ് ആശയങ്ങളോട് അടുത്ത് നിൽക്കുന്നതാണെന്നും എഫ്ബി പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
Also Read-
റമദാന്‍ വ്രതാനുഷ്ഠാനം; തെലങ്കാനയിൽ മുസ്ലീം ജീവനക്കാർക്ക് ഓഫീസുകളിൽ നിന്ന് നേരത്തെ മടങ്ങാൻ അനുമതിപി.കൃഷ്ണപിള്ളയുടെയും എൻ.സി. ശേഖറിന്‍റെയും കെ.ദാമോദരന്റേയും മറ്റും നേതൃത്വത്തിൽ പൊന്നാനി ഭാഗങ്ങളിൽ തൊഴിലാളി സംഘടന പ്രവർത്തനങ്ങൾ വളർന്നുവരുന്ന കാലത്ത് തൊഴിലാളികൾ വിളിച്ച മുദ്രാവാക്യവും കുറിപ്പിൽ എംഎ ബേബി പങ്കുവെച്ചു.
"ജോലി വിയർപ്പുകൾ വറ്റും മുന്നേകൂലി കൊടുക്കണമെന്നരുൾ ചെയ്തോൻ കൊല്ലാക്കൊലയെ എതിർക്കുന്നു നബിസല്ലല്ലാഹു അലൈഹിവസല്ലം. "പ്രവാചകൻമാരെല്ലാം അവരുടെ കാലഘട്ടത്തിൽ സാദ്ധ്യമായ വിധത്തിൽ മനുഷ്യനന്മക്കും മനുഷ്യസമത്വത്തിനും വേണ്ടി നിലകൊണ്ടവരാണ്. ആ നിലയിൽ ആധുനിക കാലഘട്ടത്തിലെ പ്രവാചകൻമാരാണ്
മാർക്സും ഏംഗൽസും ലെനിനും റോസാലക്സംബർഗും മാവോയും ഹോചിമിനും അന്റോണിയോ ഗ്രാംഷിയും ഫിദലും ചെഗുവേരയുമെല്ലാമെന്നും എംഎം ബേബിയുടെ പോസ്റ്റിൽ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:സമത്വപൂർണമായ ഒരു ലോകമെന്ന ആശയമാണ് വ്രതം മുന്നോട്ട് വെക്കുന്നത്.
മതാനുഷ്ഠാനങ്ങളിൽ മിക്കതിനും പിന്നിൽ വളരെ മാനവികമായ ചില ആശയങ്ങൾ ഉണ്ട്. എന്റെ നോട്ടത്തിൽ വ്രതാനുഷ്ഠാനങ്ങൾ മുഖ്യമായും മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കുന്നതാണ്. മിക്ക മതങ്ങളിലും ഇത്തരം വ്രതം ഉണ്ട്. ഉത്തരേന്ത്യയിൽ നവരാത്രി വ്രതം നടക്കുന്ന സമയമാണിത്. ക്രിസ്ത്യാനികൾ ഈസ്റ്ററിന് മുമ്പുള്ള നോമ്പ് നോക്കുന്ന കാലവും. ഇസ്ലാം പിന്തുടരുന്ന വ്രതം എന്നത് - വിശപ്പ് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം എത്ര പ്രധാനപ്പെട്ടതാണ് എന്ന് ബോധ്യപ്പെടുത്തുന്നുണ്ട്. സാമൂഹിക സാമ്പത്തിക അസമത്വം സൃഷ്ടിച്ച അതിദുസ്സഹ സാഹചര്യങ്ങൾ പട്ടിണിക്കിട്ട ലോകത്തെ കോടിക്കണക്കിന് മനഷ്യരെയാണ് വ്രതകാലത്ത് നോമ്പെടുക്കുന്നവരെ ഓർമിപ്പിക്കുന്നത്. ഒരു അനുഷ്ഠാനത്തിന്‍റെയും ഭാഗമല്ലാതെ പട്ടിണി കിടക്കേണ്ടി വരുന്ന ദരിദ്രരായ കോടിക്കണക്കിന് മനുഷ്യരെക്കുറിച്ച് ചിന്തിക്കാൻ ഈ വ്രതാനുഷ്ഠാനത്തിന്‍റെ നാളുകൾ വിശ്വാസികളെ പ്രേരിപ്പിക്കുന്നു. അങ്ങനെയൊന്നും ചിന്തിക്കാൻ മിനക്കെടാത്ത വളരെ ചുരുക്കം പേരും ഒരുപക്ഷേ ഉണ്ടായേക്കാം. അത് പക്ഷേ നമ്മൾ കാര്യമാക്കേണ്ടതില്ല. ചുറ്റുവട്ടങ്ങളിൽ ആരും വിശന്നിരിക്കുന്നില്ലെന്ന് ഉറക്കെ വിളിച്ചുചോദിച്ച് ഉറപ്പാക്കിയ ശേഷമെ നിങ്ങൾ ഭക്ഷണം കഴിക്കാവു എന്നാണ് നബി തിരുമേനിയുടെ പാഠം. അതൊരുതരത്തിൽ സമത്വപൂർണമായ സമൂഹത്തെ കുറിച്ചുള്ള സങ്കൽപമാണ് മനുഷ്യന് പകർന്ന് നൽകുന്നത്.
ഉള്ളത് എല്ലാവരും പങ്കിട്ട് കഴിക്കണം. സക്കാത്ത് വ്രതത്തിന്റെ അവിഭാജ്യ ഘടകമായതും അതുകാരണമാണ്.
അഞ്ചപ്പം അയ്യായിരം പേർക്ക് വിളമ്പിയ യേശുക്രിസ്തുവും ഇന്ത്യൻ ഇതിഹാസത്തിലെ അക്ഷയപാത്രവുമൊക്കെ (യഥാർത്ഥത്തിൽ അക്ഷയപാത്രമെന്നതുകൊണ്ടുദ്ദേശിക്കുന്നത് ഭൂമിയെയാവാം. )
സമത്വപൂർണമായ ഒരു ലോകമെന്ന ആശയം തന്നെയാണ് മുന്നോട്ട് വെക്കുന്നത്.
ജീവലോകത്തിന്‍റെ അടിസ്ഥാനപ്രശ്നമാണ് വിശപ്പ്. ആ വിശപ്പിനെ നമ്മുടെ ചിന്തയുടെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവരുകയാണ് വ്രതാനുഷ്ഠാനത്തിന്‍റെ നാളുകൾ. അത് തന്നെയാണ് വ്രതാനുഷ്ഠാനത്തിന്‍റെ ഏറ്റവും വലിയ മഹത്ത്വവും. അനിയന്ത്രിതമായി ഭക്ഷണം കഴിച്ച്, ഭക്ഷണത്തെ ജീവിതത്തിന്‍റെ അമിതമായ ഒരു ആനന്ദമാർഗമായികാണുന്നവർക്ക് ഈ വ്രതാനുഷ്ഠാന നാളുകളിൽ ശരീരത്തിന്‍റെ അശുദ്ധിയും വൃഥാസ്ഥൂലതയും കുറഞ്ഞ് കിട്ടുമെന്ന മറ്റൊരുവശവുമുണ്ട്. നബി തിരുമേനിയുടെ പ്രവാചകതുല്യമായ ആശയങ്ങൾ പലതും കമ്യൂണിസ്റ്റ് ആശയങ്ങളോട് അടുത്ത് നിൽക്കുന്നതാണ്. ഇ.എം.എസിന്‍റെയും പി.കൃഷ്ണപിള്ളയുടെയും എൻ.സി. ശേഖറിന്‍റെയും കെ.ദാമോദരന്റേയും മറ്റും നേതൃത്വത്തിൽ പൊന്നാനി ഭാഗങ്ങളിൽ തൊഴിലാളി സംഘടന പ്രവർത്തനങ്ങൾ വളർന്നുവരുന്ന കാലം. അക്കാലത്ത് അവിടെ ഉയർന്നകേട്ട ഒരു മുദ്രാവാക്യമുണ്ട്.
ബീഡി തൊഴിലാളികളാണ് അത് ആദ്യം വിളിച്ചത്. കെ ദാമോദരനൊക്കെ ചേർന്നാണ് അത് തയാറാക്കിയത്.
‘‘ജോലി വിയർപ്പുകൾ വറ്റും മുന്നേ
കൂലി കൊടുക്കണമെന്നരുൾ ചെയ്തോൻ
കൊല്ലാക്കൊലയെ എതിർക്കുന്നു നബി
സല്ലല്ലാഹു അലൈഹിവസല്ലം. "
ചെങ്കൊടി പിടിച്ച തൊഴിലാളികളുടെ ജാഥയിൽ ഉയർന്ന മുദ്രാവാക്യമാണത്. പ്രവാചകൻമാരെല്ലാം അവരുടെ കാലഘട്ടത്തിൽ സാദ്ധ്യമായ വിധത്തിൽ മനുഷ്യനന്മക്കും മനുഷ്യസമത്വത്തിനും വേണ്ടി നിലകൊണ്ടവരാണ്. ആ കാലഘട്ടത്തിന്‍റെതായ സ്വാധീനമാണവരിലുള്ളത്. ആ നിലയിൽ ആധുനിക കാലഘട്ടത്തിലെ പ്രവാചകൻമാരാണ് വിപ്ലവകാരികളായ
മാർക്സും ഏംഗൽസും ലെനിനും റോസാലക്സംബർഗും മാവോയും ഹോചിമിനും അന്റോണിയോ ഗ്രാംഷിയും ഫിദലും ചെഗുവേരയുമെല്ലാം. അവരുടെ നാടുകളിൽ സമത്വപൂർണമായ ഒരു സമൂഹം സൃഷ്ടിക്കാൻ പോരാടിയവരാണവർ. ഇങ്ങനെയുള്ള ആശയങ്ങളാണ് ഓരോ റമദാന്‍റെ വ്രതനാളുകളും എന്‍റെ മനസിൽ കൊണ്ടുവരുന്നുണ്ട്.
നോമ്പ് മുറിക്കുമ്പോൾ കിട്ടുന്ന വിഭവങ്ങളുടെ രുചിയും മണവും ഇതിനൊപ്പം പറയേണ്ട മറ്റൊരു അനുഭവമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.