കണ്ണൂർ: ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് പോയ കർഷക സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യനെ മടങ്ങുന്നതിന്റെ തൊട്ടുതലേന്നാണ് കാണാതായതെന്ന് കൂടെ ഉണ്ടായിരുന്നവർ. ആസൂത്രണം ചെയ്താണ് ബിജു കുര്യൻ സംഘത്തിൽ നിന്ന് മുങ്ങിയതെന്ന് സഹയാത്രികർ പറയുന്നു. ഇസ്രായേലിൽ ശുചീകരണ ജോലി ചെയ്താൽ തന്നെ ദിവസം 15,000 രൂപ ലഭിക്കും. കൃഷിപ്പണിക്ക് ഇരട്ടിയാണ് കൂലിയെന്നും ബിജു ഒപ്പമുള്ളവരോട് പറഞ്ഞിരുന്നു. ഇതെല്ലാമറിഞ്ഞ് വളരെ ആസൂത്രിതമായാണ് ബിജു മുങ്ങിയതെന്ന് സഹയാത്രികനായ സുജിത് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ ഇസ്രായേലിൽ തങ്ങുക എന്ന ലക്ഷ്യത്തോടെ വളരെ മുന്നൊരുക്കത്തോടെയും ആസൂത്രണത്തോടെയുമാണ് ബിജു സംഘത്തിനൊപ്പം ചേർന്നതെന്നാണ് അധികൃതരുടെ നിഗമനം.
ഇസ്രായേലിലേക്കും തിരിച്ചും വിമാനടിക്കറ്റിന് 55,000 രൂപ സ്വയം മുടക്കിയാണ് ബിജു സംഘത്തോടൊപ്പം കൂടിയത്. സന്ദര്‍ശനത്തിനിടയിലും യാത്രയിലും ബിജു ഇസ്രായേലിലെ മലയാളി സുഹൃത്തുക്കളുമായി നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നെന്നാണ് കൂടെയുണ്ടായിരുന്ന കര്‍ഷകര്‍ പറയുന്നത്. കർഷക സംഘത്തെ അയയ്ക്കാനുള്ള തീരുമാനം വന്നയുടൻ ബിജു നീക്കങ്ങൾ തുടങ്ങി. പായം കൃഷി ഓഫിസിലാണ് ബിജു കുര്യൻ അപേക്ഷ നൽകിയത്.
ഈ മാസം 12 നാണ് 27 കർഷകർ അടങ്ങുന്ന പരീശീലന സംഘം ഇസ്രയേലിൽ എത്തിയത്. 10 വർഷത്തിലേറെ കൃഷിപരിചയവും ഒരു ഏക്കറിനു മുകളിൽ കൃഷിഭൂമിയും ഉള്ള, 50 വയസ്സ് പൂർത്തിയാകാത്ത കർഷകരിൽ നിന്നുള്ള അപേക്ഷ സ്വീകരിച്ചാണ് ബിജുവിനെ സർക്കാർ സംഘത്തിൽ ഉൾപ്പെടുത്തിയത്. ഒന്നാന്തരം കർഷകനായ ബിജുവിന്റെ കൃഷിയിടം കൃഷി ഓഫിസർ പരിശോധിച്ച് ഉറപ്പ് വരുത്തിയാണ് ബിജുവിനെ തെരഞ്ഞെടുത്തത്. എല്ലാ പരിശോധനകളും കഴിഞ്ഞ് യോഗ്യത ഉറപ്പുവരുത്തിയാണ് ബിജുവിനെ തെരഞ്ഞെടുത്തതെന്നും കൃഷി ഓഫിസർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Israel, Israel missing, Kerala government, Man missing case