HOME » NEWS » Kerala » MAN ELECTROCUTED TO DEATH IN KOLLAM

വീട്ടിലെ ഇരുമ്പുതൂണിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

വരാന്തയിലേക്ക് പോയ വിനോദ് തൂണിൽ നിന്നും ഷോക്കേറ്റ് പിടയുന്നത് കണ്ട് അമ്മ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തെറിച്ചു വീണു

News18 Malayalam | news18-malayalam
Updated: May 17, 2021, 11:07 AM IST
വീട്ടിലെ ഇരുമ്പുതൂണിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
കൊല്ലം: വീട്ടിലെ ഇരുമ്പു തൂണിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. പുനുക്കന്നൂർ ആലുംമൂട് സ്വദേശി കെ.വിനോദ് (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു സംഭവം. അടുക്കളയോട് ചേർന്നുള്ള വരാന്തയിലെ ഇരുമ്പു തൂണിൽ നിന്നാണ് ഷോക്കേറ്റത്.

വരാന്തയിലേക്ക് പോയ വിനോദ് തൂണിൽ നിന്നും ഷോക്കേറ്റ് പിടയുന്നത് കണ്ട് അമ്മ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തെറിച്ചു വീണു. തുടർന്ന് അയൽക്കാരെത്തി ലൈൻ ഓഫാക്കി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈദ്യുതി വയറിന്‍റെ ഇൻസുലേഷൻ ഇളകിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന.

കുറ്റിയിൽ മുക്ക് ആർ.കെ.സദനത്തിൽ ഓമനയമ്മയുടെയും പരേതനായ കേശവൻകുട്ടി പിള്ളയുടെയും മകനാണ് വിനോദ്. റബർ ബോർഡ് കോട്ടയം ഓഫീസ് ജീവനക്കാരനായിരുന്നു. ഭാര്യ അതുല്യ. ഒരു വയസുള്ള മകനുണ്ട്. വിനോദിന്‍റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.

Also Read-കോവിഡ് ബാധിതരായ മാതാപിതാക്കളെ നഷ്ടപ്പെടുമെന്ന ഭയത്തിൽ യുവാവ് ജീവനൊടുക്കി; വിവരം അറിഞ്ഞ് പിതാവും മരിച്ചു

മഴക്കാലം കൂടി ആയതിനാൽ വൈദ്യുതാഘാതം മൂലമുള്ള അപകടങ്ങൾക്ക് സാധ്യത കൂടുതലാണ്. ആ സാഹചര്യത്തില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നു നോക്കാം.

1. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മറുകള്‍, പോസ്റ്റുകള്‍, ലൈനുകള്‍ മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍, പ്രതിഷ്ഠാപനങ്ങള്‍ എന്നിവയുടെ സമീപത്ത് പോകാതിരിക്കുക.

2. ഇലക്ട്രിക് ലൈനുകളിലും ട്രാന്‍സ്‌ഫോര്‍മറുകളിലും മറ്റ് പ്രതിഷ്ഠാപനങ്ങളിലും അപകടകരമായതോ, അസാധാരണമായതോ ആയ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള സെക്ഷന്‍ ഓഫീസില്‍ അറിയിക്കണം.

3. ലൈനുകളില്‍ മുട്ടി നില്‍ക്കുന്നതും, വളരെ സമീപമുള്ള മരങ്ങളിലും, ശിഖരങ്ങളിലും സ്പര്‍ശിച്ചാല്‍ അപകടസാധ്യത ഉണ്ട്. അസ്വാഭാവികമായ എന്തെങ്കിലും ശ്രദ്ധയില്‍ വന്നാല്‍ ഉടന്‍ വൈദ്യുതി ബോര്‍ഡിനെ അറിയിക്കുക.

4. പൊതു നിരത്തുകളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ വളരെയേറെ ശ്രദ്ധിച്ച് മാത്രം നടക്കുക. ശിഖരങ്ങളും മരങ്ങളും വീണ് വൈദ്യുതി കമ്പി പൊട്ടിവീണിരിക്കുവാന്‍ സാധ്യതയുണ്ട്. ജലനിരപ്പ് ഉയരുകയും, ലൈനുകള്‍ താഴ്ന്ന് സുരക്ഷിതമായ അകലം ഇല്ലാത്ത പ്രദേശങ്ങളും ഉണ്ടാവാം. പരിചിതമല്ലാത്ത വഴികളിലും റോഡിലും കൂടിയുള്ള യാത്ര കഴിവതും ഒഴിവാക്കുക.

5. താത്ക്കാലികമായി കെട്ടിടത്തിനകത്തും പുറത്തും നല്‍കിയിരിക്കുന്ന മുഴുവന്‍ താത്ക്കാലിക വൈദ്യുതി കണക്ഷനുകളും വിച്ഛേദിക്കുക. കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നതും, വെള്ളം കയറിയതുമായ സ്ഥലങ്ങളിലെ മോട്ടോറുകള്‍, ലൈറ്റുകള്‍, മറ്റുപകരണങ്ങള്‍ എന്നിവയിലേക്കുള്ള വൈദ്യുതി ബന്ധം ഉടന്‍ തന്നെ വിച്ഛേദിക്കണം.

6. ജനറേറ്ററുകള്‍, ഇന്‍വര്‍ട്ടറുകള്‍, യുപിഎസ് എന്നിവ അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രം പ്രവര്‍ത്തിപ്പിക്കുക. ആവശ്യമെങ്കില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കുവാനും, ഉപയോഗിക്കുവാനും വളരെയേറെ ശ്രദ്ധിക്കുക.

7. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തറനിരപ്പില്‍ വെള്ളം കയറുന്നതിനു മുന്‍പായി തന്നെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക. വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ട് കണക്ഷന്‍ വിച്ഛേദിക്കുക.

8. മൊബൈലും, ചാർജിംഗ് ലൈറ്റും ഉള്‍പ്പെടെ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക. കുറച്ചു ദിവസങ്ങള്‍ വൈദ്യുതി തടസ്സപ്പെടാനാണ് സാധ്യത.

9. കുറച്ച് ദിവസങ്ങള്‍ വൈദ്യുതി ഇല്ലെങ്കിലും നമുക്ക് തുടര്‍ന്ന് ജീവിക്കാന്‍ സാധിക്കും. പക്ഷേ ഒരൊറ്റ അശ്രദ്ധ മതി, നമ്മുടെ ജീവന്‍ പോകാന്‍. അതുകൊണ്ട് സ്വയം കരുതിയിരിക്കുക.
Published by: Asha Sulfiker
First published: May 17, 2021, 11:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories