'മുഖ്യമന്ത്രി 100 കോടിയോളം രൂപ കൈപ്പറ്റി; മകളെ സംശയനിഴലിൽ നിർത്തുന്നത് എന്തിന്?’ മാത്യു കുഴൽ നാടൻ
- Published by:Rajesh V
- news18-malayalam
Last Updated:
മുഖ്യമന്ത്രിയുടെ മകൾ വീണ നടത്തിയ അഴിമതി താരതമ്യേന ചെറുതാണ്. സ്വന്തം മകളെ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ സംശയനിഴലിൽ നിർത്തുന്നതെന്നും കുഴൽനാടൻ ചോദിച്ചു
തിരുവനന്തപുരം: കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സിഎംആർഎൽ കമ്പനിയിൽനിന്ന് നൂറു കോടിയോളം രൂപ കൈപ്പറ്റിയെന്ന ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. മാസപ്പടി കേസിലെ യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണെന്ന് കുഴല്‍നാടൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണ നടത്തിയ അഴിമതി താരതമ്യേന ചെറുതാണ്. സ്വന്തം മകളെ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ സംശയനിഴലിൽ നിർത്തുന്നതെന്നും കുഴൽനാടൻ ചോദിച്ചു. ഈ വിഷയത്തിൽ മന്ത്രിമാരായ പി രാജീവിനെയും എം ബി രാജേഷിനെയും കുഴൽനാടൻ സംവാദത്തിന് വെല്ലുവിളിച്ചു.
സിഎംആർഎല്ലിനും കെആർഎംഇഎലിനുമായി മുഖ്യമന്ത്രി നിയമവിരുദ്ധമായി കൂടുതൽ ഇടപെടലുകൾ നടത്തിയതിന്റെ തെളിവുകൾ കുഴൽനാടൻ പുറത്തുവിട്ടു. റവന്യൂവകുപ്പിന്റെ അധികാര പരിധിയിലുള്ള വിഷയത്തിൽ സിഎംആർഎല്ലിനായി മുഖ്യമന്ത്രി ഇടപെട്ടുവെന്നാണ് കുഴൽനാടൻ ആരോപിക്കുന്നത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കുഴൽനാടൻ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉയർത്തിയത്.
ഭൂപരിധി ചട്ടത്തിൽ ഇളവുതേടിയ കെആർഇഎംഎൽ കമ്പനിക്കായി റവന്യൂവകുപ്പിനെ മറികടന്ന് മുഖ്യമന്ത്രി ഇടപെടൽ നടത്തിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിക്ക് മാസപ്പടി നൽകിയെന്ന് ആരോപിക്കപ്പെടുന്ന സിഎംആർഎൽ പ്രമോട്ട് ചെയ്യുന്ന കമ്പനിയാണ് കെആർഇഎംഎൽ. അവർ വാങ്ങിയ തൃക്കുന്നപ്പുഴയിലെ 51 ഏക്കർ ഭൂമിക്കായി മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെട്ടെന്നാണ് കുഴൽനാടൻ ആരോപിക്കുന്നത്.
advertisement
ആലപ്പുഴ ജില്ലയിൽ കെആർഇഎംഎൽ കമ്പനി 60 ഏക്കർ 20 വർഷമായി കൈവശംവച്ചിരിക്കുകയാണ്. ഭൂപരിഷ്ക്കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്ന ഭൂമി 15 ഏക്കറാണ്. ഭൂമിക്ക് ഇളവ് നൽകണമെങ്കിൽ ജില്ലാതല സമിതി പരിശോധിക്കണം. പൊതുതാൽപര്യം മുൻനിർത്തി മാത്രമേ ഇളവ് നൽകാനാകൂ. ഭൂമിക്ക് ഇളവു നൽകാൻ ജില്ലാ സമിതി ശുപാർശ ചെയ്യാത്തതിനാൽ 2021ൽ റവന്യൂവകുപ്പ് കമ്പനിയുടെ അപേക്ഷ തള്ളി. രണ്ടു തവണകൂടി കമ്പനി തീരുമാനം പുനഃപരിശോധിക്കാൻ അപേക്ഷ നൽകിയെങ്കിലും തള്ളി. കമ്പനി പിന്നീട് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി. ആദ്യം മിനറൽ കോംപ്ലക്സ് തുടങ്ങാനാണ് സിഎംആർഎൽ പദ്ധതി സമർപിച്ചതെങ്കിൽ പിന്നീട് ടൂറിസം, സോളാർ പദ്ധതികൾക്കായാണ് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയത്. ആലപ്പുഴ ജില്ലയിലെ ഭൂമിയിൽ കെആർഇഎംഎൽ കമ്പനിക്ക് പദ്ധതി തുടങ്ങാനായി മുഖ്യമന്ത്രി ഇടപെടൽ നടത്തി. സ്വന്തം വകുപ്പ് അല്ലാതിരുന്നിട്ടും ഭൂമി ഇളവു നൽകാൻ യോഗം വിളിച്ചു. നിയമങ്ങളിൽ ഭേദഗതി ചെയ്യാനുള്ള കുറിപ്പ് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വച്ചു- മാത്യു കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
advertisement
മുഖ്യമന്ത്രി ഇടപെട്ടു തുടങ്ങിയശേഷം കമ്പനി വീണ്ടും ജില്ലാ സമിതിക്ക് അപേക്ഷ നൽകിയതായി മാത്യു കുഴൽനാടൻ പറഞ്ഞു. പുതിയ ജില്ലാ സമിതി പരിശോധിച്ചശേഷം 2022 ജൂണിൽ അപേക്ഷയ്ക്ക് അനുമതി നൽകി. ഭൂമിക്ക് ഇളവ് നൽകിയാൽ ഹെക്ടറിന് 20 പേർക്കാണ് നിയമപ്രകാരം തൊഴിൽ ലഭിക്കേണ്ടത്. 1000 പേർക്ക് തൊഴിൽ ലഭിക്കേണ്ട സ്ഥാനത്ത് കമ്പനി പറഞ്ഞത് 100 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ്. മുഖ്യമന്ത്രി നിയമത്തെ മറികടന്ന് കമ്പനിക്കായി ഇടപെടൽ നടത്തിയെങ്കിലും കേസ് ഉള്ളതിനാൽ ഭൂമി അനുവദിക്കാൻ കഴിയില്ലെന്ന് റവന്യൂവകുപ്പ് നിലപാടെടടുത്തു. കമ്പനിക്ക് ഇതിനെതിരെ കോടതിയിൽ പോകാമെന്നും ജില്ലാ സമിതി ശുപാർശ ചെയ്തതിനാൽ ഭൂമി കൊടുക്കാതിരിക്കാൻ കഴിയില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 26, 2024 3:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഖ്യമന്ത്രി 100 കോടിയോളം രൂപ കൈപ്പറ്റി; മകളെ സംശയനിഴലിൽ നിർത്തുന്നത് എന്തിന്?’ മാത്യു കുഴൽ നാടൻ