'മന്ത്രിയായ ശേഷം എനിക്കും കിട്ടി പിഴ; AI ക്യാമറ നിയമലംഘനം കണ്ടെത്തിയാല്‍ മുഖം നോക്കാതെ നടപടിയെടുക്കും'; മന്ത്രി ആന്‍റണി രാജു
- Published by:Arun krishna
- news18-malayalam
Last Updated:
എഐ ക്യാമറയുടെ മുന്നില്‍ വിഐപി എന്നോ അല്ലാത്തവരെന്നോ ഒരു കാറ്റഗറിയില്ല. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാത്രമാണ് ഇളവുകള്‍ ഉള്ളതെന്ന് മന്ത്രി പറഞ്ഞു
തിരുവനന്തപുരം: എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ നിന്ന് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കില്ലെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. പിഴ ഈടാക്കുന്ന കാര്യത്തിൽ വിഐപി എന്ന പരിഗണന ഉണ്ടാകില്ല. എമർജൻസി വാഹനങ്ങൾക്ക് മാത്രം ഇളവ് അനുവദിക്കും. എഐ ക്യാമറകളുടെ പരിധിയില്‍ നിന്ന് വിഐപികളെ ഒഴിവാക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
എഐ ക്യാമറകള്‍ സ്ഥാപിച്ച ശേഷം പുതുതായി ഒരു നിയമവും കേരളത്തില്‍ വന്നിട്ടില്ല, എഐ ക്യമാറകളില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ നിന്ന് ആരേയും ഒഴിവാക്കാന്‍ കഴിയില്ല. ഒഴിവാക്കപ്പെടേണ്ട വാഹനങ്ങള്‍ ഏതൊക്കെയെന്ന് കേന്ദ്രനിയമത്തില്‍ പറഞ്ഞിട്ടുണ്ട്. അത് അതുപോലെ തന്നെ നടപ്പാക്കും. ഇപ്പോഴും അങ്ങനെയാണ് പോകുന്നതെന്നും മന്ത്രി പറഞ്ഞു.
‘നിയമം ലംഘിച്ചാലേ എഐ ക്യാമറ അത് കണ്ടെത്തുകയുള്ളൂ. അത് കണ്ടെത്തിയാല്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കും. ഞാന്‍ മന്ത്രിയായ ശേഷം എനിക്കും ലഭിച്ചിട്ടുണ്ട് പിഴ’, ആന്റണി രാജു പറഞ്ഞു.
advertisement
അടിയന്തരമല്ലാത്ത ഘട്ടത്തില്‍ താന്‍ എപ്പോഴും കുറഞ്ഞ വേഗതയിലാണ് യാത്രചെയ്യാറുള്ളത്. എഐ ക്യാമറയുടെ മുന്നില്‍ വിഐപി എന്നോ അല്ലാത്തവരെന്നോ ഒരു കാറ്റഗറിയില്ല. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാത്രമാണ് ഇളവുകള്‍ ഉള്ളത്. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് വിഐപികളെ ഇതില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റില്ല. എല്ലാം ഓഡിറ്റിന് വിധേയമാണ്. റോഡില്‍ നിന്ന് ചെയ്യുന്നതുപോലെ ഉദ്യോഗസ്ഥര്‍ക്ക് അത്ര എളുപ്പത്തില്‍ എഐ ക്യാമറയില്‍ ഇളവ് അനുവദിക്കാന്‍ സാധിക്കില്ല. സുതാര്യമായും വിവേചനരഹിതമായും കാര്യങ്ങള്‍ ചെയ്യുന്നതിന് കൂടിയാണ് ഈ സംവിധാനം കൊണ്ടുവന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
അതേസമയം, ഇരുചക്ര വാഹനങ്ങളിൽ മൂന്നാം യാത്രക്കാരനായി കുട്ടികളെ കൂടി ഉൾപ്പെടുത്തുന്നതിന് പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആൻറണി രാജു വ്യക്തമാക്കി. ഇളവ് തേടി കേന്ദ്രത്തിനയച്ച കത്തിന് മറുപടി ലഭിച്ചശേഷം അന്തിമ തീരുമാനമെടുക്കും. AI ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് നാളെ മുതലാണ് പിഴ ഈടാക്കി തുടങ്ങുക. നാലു വയസ്സിനു മുകളിലുള്ള കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമായിരിക്കും.
advertisement
സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണം പ്രവർത്തനസജ്ജമാണ്. നാളെ രാവിലെ എട്ടുമണി മുതൽ ക്യാമറയിൽ പതിയുന്ന എല്ലാ നിയമലംഘനങ്ങൾക്കും പിഴ ഈടാക്കി തുടങ്ങും. പ്രതിദിനം 25000ത്തിൽ കുറയാതെ നോട്ടീസ് അയയ്ക്കാനാണ് തീരുമാനം, തപാൽ മാർഗം അറിയിക്കുമെങ്കിലും മൊബൈൽ ഫോണുകൾ വഴിയുള്ള അറിയിപ്പുകൾ ഉണ്ടാകില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 04, 2023 6:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മന്ത്രിയായ ശേഷം എനിക്കും കിട്ടി പിഴ; AI ക്യാമറ നിയമലംഘനം കണ്ടെത്തിയാല്‍ മുഖം നോക്കാതെ നടപടിയെടുക്കും'; മന്ത്രി ആന്‍റണി രാജു