Gold Smuggling | 'എല്ലാ കുഴപ്പങ്ങൾക്കും കാരണം ശിവശങ്കർ'; സ്വർണക്കടത്ത് വിവാദത്തിൽ പുതിയ പ്രതിരോധ തന്ത്രവുമായി മന്ത്രിമാർ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സ്വർണക്കടത്ത് വിവാദത്തിനു ശേഷം മൗനത്തിലായിരുന്ന മന്ത്രി ജി.സുധാകരനാണ് വിമർശന പരമ്പര തുടങ്ങി വച്ചത്.
തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ പുതിയ പ്രതിരോധ തന്ത്രവുമായി സർക്കാർ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കടന്നാക്രമിച്ച് നിരപരാധിത്വം തെളിയിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി മന്ത്രിമാർ വാർത്താസമ്മേളനങ്ങളിലൂടെ ശിവശങ്കറിനെതിരെ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്.
തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നും ഉപ്പു തിന്നവർ വെള്ളം കുടിക്കും എന്നൊക്കെയായിരുന്നു ആദ്യമൊക്കെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണം. ശിവശങ്കറിനെ പേരെടുത്തു പറഞ്ഞ് വിമർശിക്കാൻ ആരും തയാറായിരുന്നില്ല. എന്നാൽ ഇപ്പോൾ സർക്കാർ തന്ത്രം മാറ്റുകയാണ്. രൂക്ഷ വിമർശനത്തിലൂടെ ശിവശങ്കർ മാത്രമാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണക്കാരനെന്നും ശിവശങ്കറെ സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയില്ലെന്നും സ്ഥാപിക്കാനാണ് ശ്രമം.
സ്വർണക്കടത്ത് വിവാദത്തിനു ശേഷം മൗനത്തിലായിരുന്ന മന്ത്രി ജി.സുധാകരനാണ് വിമർശന പരമ്പര തുടങ്ങി വച്ചത്. ശിവശങ്കർ വഞ്ചകനാണെന്നും സ്വാതന്ത്ര്യവും വിശ്വാസവും ദുരുപയോഗം ചെയ്തെന്നുമായിരുന്നു ജി. സുധാകരൻ പറഞ്ഞത്. സർക്കാരിനെ ശിവശങ്കർ വഞ്ചിച്ചു. സ്വപ്നയുമായി ശിവശങ്കറിനുണ്ടായിരുന്ന സൗഹൃദം അപമാനകരമാണ്. ഒരു സാധാരണ മനുഷ്യൻ പോലും കാണിക്കാൻ പാടില്ലാത്ത വിശ്വാസവഞ്ചനയും സുഖഭോഗ താൽപര്യവുമാണ് ശിവശങ്കർ കാട്ടിയതെന്നും സുധാകരൻ വിമർശിച്ചിരുന്നു.
advertisement
തൊട്ടടുത്ത ദിവസമെത്തിയത് കടകംപള്ളി സുരേന്ദ്രനായിരുന്നു. ശിവശങ്കറെ മുഖ്യമന്ത്രി എറെ വിശ്വസിച്ചു. എന്നാൽ ആ വിശ്വാസം കാത്തു സൂക്ഷിക്കാനായില്ലെന്നായിരുന്നു കടകംപള്ളിയുടെ വിമർശനം. വെള്ളിയാഴ്ചത്തെ ഊഴം മന്ത്രി എ.കെ ബാലൻ്റേതായിരുന്നു. ശിവശങ്കറിനെ തിരിച്ചറിയാൻ വൈകി. ചൂഴ്ന്നു നോക്കാൻ ആകില്ലല്ലോ. യു ഡി എഫിനും തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോയെന്നു പറഞ്ഞ ബാലൻ യുഡിഎഫ് കാലത്ത് ശിവശങ്കർ ഒപ്പിട്ട വൈദ്യുതി കരാറിൽ അഴിമതി ആരോപിക്കാനും തയാറായി.
സ്വർണക്കടത്ത് വിവാദത്തിൻ്റെ ആദ്യ ദിവസങ്ങളിൽ മന്ത്രിമാരിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തിയത് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ മാത്രമായിരുന്നു. പിന്നീട് പാർട്ടി സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിക്ക് പൂർണ പിന്തുണ നൽകുകയും സർക്കാരിനെ പ്രതിരോധിക്കാൻ മന്ത്രിമാർക്ക് നിർദേശം നൽകുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 20, 2020 11:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling | 'എല്ലാ കുഴപ്പങ്ങൾക്കും കാരണം ശിവശങ്കർ'; സ്വർണക്കടത്ത് വിവാദത്തിൽ പുതിയ പ്രതിരോധ തന്ത്രവുമായി മന്ത്രിമാർ