യാസർ എടപ്പാളിനെ തള്ളി മുസ്ലീം ലീഗ്. ഇക്കാര്യത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദും ഫേസ്ബുക്ക് പോസ്റ്റിലൂടെ നിലപാട് വ്യക്തമാക്കി. മജീദിന്റെ പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ
"മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയയിൽ ക്രിയാത്മക ഇടപെടലുകൾ നടത്തുന്നതിന് വ്യവസ്ഥാപിതമായ ഔദ്യോഗിക സംവിധാനം പ്രവർത്തിച്ചു വരുന്നുണ്ട് എന്നും പാർട്ടിക്കു വേണ്ടി പോരാടാൻ സോഷ്യൽ മീഡിയയിൽ ഏതെങ്കിലും സ്വതന്ത്ര വ്യക്തിയെയോ സംഘത്തെയോ ഏൽപിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും പാർട്ടിയുടെ സൈബർ വക്താക്കളായോ ഐ.ടി സെൽ എന്ന പേരിലോ സഭ്യമല്ലാത്ത രീതിയിൽ പെരുമാറുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം പാർട്ടിക്ക് ഏറ്റെടുക്കാനാവില്ല.
"തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ അസഭ്യവർഷം നടത്തി വേട്ടയാടുന്ന സി.പി.എം അണികളുടെ സംസ്‌കാരം മുസ്‌ലിംലീഗ് പ്രവർത്തകർ പിന്തുടരേണ്ടതില്ല. രാജ്യത്തിന്റെ പരമാധികാരവും വ്യക്തികളുടെ സ്വകാര്യതയും മൗലികാവകാശങ്ങളും മാനിച്ചു കൊണ്ടായിരിക്കണം സോഷ്യൽ മീഡിയയിലെ ഇടപെടലുകൾ. മാന്യമായി രാഷ്ട്രീയം പറയാനും സംവദിക്കാനുമുള്ള അവസരമാണ് സാമൂഹ്യ മാധ്യമങ്ങൾ നമുക്ക് തുറന്നു തന്നിരിക്കുന്നത്. അതിനെ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. മജീദ് ഫെസ്ബുക്കിൽ യാസറിന്റെ പേര് പറയാതെ ആണ് ഇക്കാര്യങ്ങൾ കുറിച്ചത്.
യാസർ എടപ്പാൾ മുസ്ലിം ലീഗിൻ്റെയോ, പോഷക സംഘടനയുടെയോ ഭാരവാഹിയല്ലെന്ന് തവനൂർ മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റിയും വാർത്ത കുറിപ്പിൽ വ്യക്തമാക്കി. മുസ്ലീം ലീഗ് സൈബർ വിംഗിൻ്റെ ചുമതലയും അദ്ദേഹത്തിനില്ല. യാസറിൻ്റെ മോശമായ ഫേസ് ബുക്ക് പോസ്റ്റിനെ നാളിത് വരെ പാർട്ടി പിന്തുണച്ചിട്ടില്ലന്നും തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ആർ.കെ.ഹമീദിന്റെ പേരിൽ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കുന്നു.
മുസ്‌ലിംലീഗ് പാർട്ടിക്ക് അന്തസ്സാർന്ന ആശയവും ചരിത്രവും പാരമ്പര്യവുമുണ്ട്. പാർട്ടിയുടെ നയവും നിലപാടും വ്യക്തമാക്കാൻ...
അതേസമയം മന്ത്രിക്ക് എതിരെ നവ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിൻ്റെ പേരിൽ പോലീസിനെ ഉപയോഗിച്ച് വീട് റൈഡ് ചെയ്യിക്കുകയും വിവാദനായിക സ്വപ്ന സുരേഷിനെ ഉപയോഗിച്ച് കോൺസുലേറ്റിൽ സമ്മർദ്ദം ചെലുത്തി യാസറിനെ നാട്കടത്താൻ ശ്രമി ക്കുകയും ചെയ്ത മന്ത്രി ജലീലിൻ്റെ നിയമവിരുദ്ധ വാഴ്ചക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന പൊതു സമൂഹത്തിൻ്റെ അഭിപ്രായത്തോട് ലീഗ് പിന്തുണക്കുന്നുവെന്നും സെക്രട്ടറി വ്യക്തമാക്കി. താൻ ലീഗിന്റെ സാമൂഹ്യ മാധ്യമ വക്താവ് ആണെന്ന് കഴിഞ്ഞ ദിവസം യാസർ എടപ്പാൾ ഒരു ചർച്ചയിൽ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ആണ് മുസ്ലീം ലീഗിന്റെ വിശദീകരണം.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.