കോഴിക്കോട്: വയനാട്ടിലെ മുട്ടില്‍ ഈട്ടിമരം കൊള്ളകേസില്‍ അന്വേഷണം നേരിടുന്ന ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥനെ തലപ്പത്ത് ഇരുത്താനുള്ള നീക്കം തടഞ്ഞെങ്കിലും സമ്മര്‍ദ്ദം ശക്തമായതോടെ വനംമന്ത്രി
എ കെ ശശീന്ദ്രന് ആശയക്കുഴപ്പത്തിലെന്ന് സൂചന. മുട്ടില്‍ വില്ലേജിലെ മരംമുറികേസില്‍ പ്രധാനപ്രതികളുമായി അടുത്തബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജന് വേണ്ടിയുള്ള അണിയറ നീക്കമാണ് വനംമന്ത്രി ഇടപെട്ട് തടഞ്ഞത്.
15 കോടി രൂപയുടെ ഈട്ടിത്തടി കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥനാണ് എന്‍ടി സാജന്. മുട്ടില്‍ മരംകൊള്ള അന്വേഷിക്കുന്ന അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനെയാണ് ഫോറസ്റ്റ് വിജിലന്‍സ് ഉത്തരമേഖലാ കണ്‍സര്‍വേറ്ററാക്കാന്‍ അണിയറ നീക്കമുണ്ടായത്. മുട്ടില്‍മരംകൊള്ള കണ്ടെത്തിയ ഉദ്യോഗസ്ഥന് തലപ്പത്ത് വന്നാല്‍ അന്വേഷണം നേരായ രീതിയില്‍ നടക്കുമെന്ന വാദമുയര്‍ത്തിയും സാജനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് മറച്ചുവെച്ചുമാണ് മന്ത്രിയെ ചില ഉന്നതവനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചത്.
മുട്ടില്‍ ഈട്ടിക്കൊള്ളക്കേസിലെ പ്രധാനപ്രതികളായ റോജി അഗസ്റ്റിയനും ആന്റോ അഗസ്റ്റിയനും വേണ്ടി എന്‍ ടി സാജന് അന്വേഷണം അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഉത്തര മേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ ഫോറസ്റ്റ് ഡി കെ വിനോദ് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് മറച്ചുവെച്ചാണ് സാജനെ ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ നീക്കം നടന്നത്. ഇതാണ് വനംമന്ത്രി ഇടപെട്ട് തടഞ്ഞത്. ആരോപണവിധേയനെ ഒരു കാരണവശാലും ഉന്നത സ്ഥാനത്തേക്ക് കൊണ്ടുവരില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന് ന്യൂസ് 18നോട് പറഞ്ഞു.
എന്നാല്‍ ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം ശക്തമായതോടെ മന്ത്രിയും ആശയക്കുഴപ്പത്തിലായിട്ടുണ്ട്. എന്‍ ടി സാജനും ഇടനിലക്കാരനും മന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ കേസിലെ പ്രധാനപ്രതി കോഴിക്കോട് ഗസ്റ്റ് ഹൗസിന് പുറത്തുണ്ടായിരുന്നെന്നാണ് വിവരം. മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് 42 കേസുകളെത്തിരുന്നു. മരംമുറിക്കെതിരെ രംഗത്ത് വന്ന മേപ്പാടി റെയ്ഞ്ച് ഓഫീസറെ എന്‍ ടി സാജന് മാനസികമായി പീഡിപ്പിച്ചെന്നും ഉത്തരമേഖലാ സിസിഎഫിന്റെ റിപ്പോര്‍ട്ടിലുണ്ട്. കൃഷിഭൂമിയിലെ ഷെഡ്യൂള്‍ ചെയ്യാത്ത മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവിന്റെ മറവിലാണ് വയനാട്ടില്‍ വ്യാപകമരംമുറി നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: A K Saseendran