തിരുവനന്തപുരം: കിഫ്ബിയില്‍ നടക്കുന്ന ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നടപടികളുമായി കൂട്ടിക്കെട്ടി രക്ഷപ്പെടാനുള്ള ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ തന്ത്രം വിലപ്പോകില്ലെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2002ല്‍ 10 കോടിയും 2003ല്‍ 505 കോടിയും രൂപയുമാണ് വന്‍കിട പദ്ധതികള്‍ക്ക് കടമെടുത്തത്. രാജ്യത്തിനകത്തു നിന്നാണ് ഈ തുക സമാഹരിച്ചത്. 2008ല്‍ തിരിച്ചടവ് പൂര്‍ത്തിയായെന്നും ഉമ്മൻ ചാണ്ടി പ്രസ്താവനയിൽ വ്യക്തമാക്കി.
ഇടതുസര്‍ക്കാര്‍ ഭരണഘടനയുടെ 293(1) അനുച്ഛേദം ലംഘിച്ച് 2150 കോടി രൂപയുടെ മസാല ബോണ്ട് 9.773 ശതമാനം പലിശ നിരക്കില്‍ വിദേശത്തു വിറ്റു. 5 വര്‍ഷ കാലാവധി കഴിയുമ്പോള്‍ 3195.23 കോടി രൂപ തിരിച്ചടയ്ക്കണം. യുഡിഎഫ് സര്‍ക്കാര്‍ സമാഹരിച്ച തുക ട്രഷറിയില്‍ അടച്ചപ്പോള്‍ ഇടതുസര്‍ക്കാര്‍ തുക സ്വകാര്യബാങ്കില്‍ നിക്ഷേപിച്ചു. അതു വിവാദമായപ്പോഴാണ് പൊതുമേഖലാ ബാങ്കിലേക്കു മാറ്റിയത്.
60,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്കിയപ്പോള്, കിഫ്ബിയിലുള്ളത് 15,315 കോടി രൂപയാണ്. നാലര വര്‍ഷം ശ്രമിച്ചിട്ട് കിട്ടിയ തുകയാണിത്. ഈ നിരക്കില്‍ 60,000 കോടി സമാഹരിക്കാന്‍ 20 വര്‍ഷമെങ്കിലും വേണ്ടി വരും. പണമില്ലെങ്കിലും പദ്ധതികള്‍ തുടര്‍ച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു.
കിഫ്ബിയില്‍ നിന്ന് വലിയൊരു തുക സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കുന്നു. പിആര്‍ഡിയെ മറികടന്ന് കിഫ്ബിയാണ് ഇപ്പോള്‍ പ്രധാനമായും സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വന്‍കിട പദ്ധതികള്‍ക്ക് ചെലവാക്കേണ്ട തുകയാണിത്.
Also Read സ്വർണക്കടത്ത് സംഘം കിഫ്ബിയിലും ഇടപെട്ടിട്ടുണ്ട്; ഇടപാടുകൾ ഇഡി അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രൻ
കിട്ടുന്നിടത്തുനിന്നൊക്കെ വാങ്ങിക്കൂട്ടി കൊച്ചു കേരളം ഇപ്പോള്‍ വലിയ കടത്തിലാണ്. ഈ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോഴേക്കും കടം മൂന്നു ലക്ഷം കോടി കവിയും. കേരളത്തിലെ ഓരോ പൗരനും പിറന്നു വീഴുന്ന ഓരോ കുഞ്ഞും 90,000 രൂപയുടെ കടത്തിലാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cag report, Cm pinarayi, Dr T. M. Thomas Isaac, Gold Smuggling Case, KIIFB, Oomman chandy, Ramesh chennitala