• HOME
  • »
  • NEWS
  • »
  • kerala
  • »
  • V D Satheesan | സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്; പ്രതികള്‍ക്ക് സഹായം നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; വി.ഡി.സതീശന്‍

V D Satheesan | സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്; പ്രതികള്‍ക്ക് സഹായം നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; വി.ഡി.സതീശന്‍

സ്വന്തം ഓഫിസിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് കളവാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്

വിഡി സതീശൻ

വിഡി സതീശൻ

  • Share this:
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് (Swapna Suresh) നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ (VD Satheesan). സമൂഹത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് സ്വപ്ന സുരേഷ് നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് പ്രതികൾക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്ത് നൽകിയതെന്ന് വ്യക്തമായിരിക്കുകയാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.  സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. സ്വന്തം ഓഫിസിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് കളവാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

ശിവശങ്കറിന്‍റെ ആത്മകഥയിലെ വാദങ്ങളെ ചോദ്യംചെയ്യുന്ന വെളിപ്പെടുത്തലുകൾ ഇന്നലെ  ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് സ്വപ്ന ആദ്യമായി സമൂഹത്തോട് തുറന്ന് പറഞ്ഞത്. ഇത് പിന്നിട് വലിയ വാർത്തയായി മാറുകയും പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പറവൂരിലെ വസതിയിൽ വാർത്ത സമ്മേളനം വിളിച്ച് ചേർക്കുകയുമായിരുന്നു. നിലവിൽ സ്വർണ്ണകടത്ത് കേസിൽ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം അവസാനിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സിപിഎം-ബിജെപി ധാരണപ്രകാരമാണിത് അന്വേഷണം അവസാനിപ്പിച്ചതിന് പിന്നിൽ. ഈ കാര്യങ്ങൾ നേരത്തെ മുതൽ കേരളത്തിലെ പ്രതിപക്ഷം പറയുന്നതാണ്.

പ്രതികൾക്ക് എല്ലാവിധ പിന്തുണയും നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഖ്യമന്ത്രിയെ കേസിൽ നിന്നും രക്ഷപ്പെടുത്താൻ വനിതാ പൊലീസുകാരെയെ ഉപയോഗപ്പെടുത്തി കഥയുണ്ടാക്കി. ഇങ്ങനെ മൂടിവെച്ച സത്യങ്ങൾ ഒരോന്നായി പുറത്ത് വരുകയാണ്. ഇനിയും സത്യങ്ങൾ പുറത്തു വരാനുണ്ട്.  ലൈഫ് മിഷനിലെ ആഴിമതി കഥകളും പുറത്ത് വരുകയാണ്. വലിയ കമ്മീഷൻ തട്ടിപ്പാണ് ലൈഫ് മിഷൻ്റെ ഭാഗമായി നടന്നത്. അങ്ങനെ ലഭിച്ച കമ്മീഷൻ എല്ലാവരും കൂടി വീതം വെക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ വകുപ്പിൽ പിൻവാതിലൂടെ സ്വപ്നയ്ക്ക് നിയമനം നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചത്. ഇതിന് ശിവശങ്കർ ബന്ധപ്പെട്ടിരുന്നതായി സ്വപ്ന പറഞ്ഞിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥവും, ഇന്തപ്പഴവും കള്ളക്കടത്തിനായി ഉപയോഗിച്ചു. പക്ഷേ അന്വേഷണം നിലച്ചു. ഇപ്പോൾ സർക്കാർ ശിവശങ്കറിനെ സംരക്ഷിക്കുകയാണ്. അദ്ദേഹം എന്തെങ്കിലും വെളിപ്പെടുത്തലുകൾ നടത്തുമോയെന്ന ഭയമാണ് സർക്കാരിനുള്ളത്.അതിനാലാണ് അദ്ദേഹത്തെ ജോലിയിൽ തിരിച്ചെടുത്തതെന്നും  വി. ഡി സതീശൻ വ്യക്തമാക്കി.

Also Read-Reporter's Account; സ്വപ്ന സുരേഷിന്റെ News18Kerala Exclusive അഭിമുഖം വന്ന വഴി

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിപക്ഷം ഉന്നയിച്ചതെല്ലാം ശരിയാണെന്ന് തെളിഞ്ഞെന്നായിരുന്നു മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കള്ളക്കടത്തിന് സഹായം ചെയ്തു എന്ന് ഇപ്പോൾ വ്യക്തമായെന്നും ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടു എന്നും സ്വപ്നയുടെ മൊഴിയോടെ  തെളിഞ്ഞെന്നും പറഞ്ഞ ചെന്നിത്തല ഇപ്പോൾ ഉയർന്ന വിവാദങ്ങൾക്കെല്ലാം മുഖ്യമന്ത്രി പറയണമെന്നും ആവശ്യപ്പെട്ടു.

കടുത്ത ആരോപണങ്ങൾ നേരിടുമ്പോഴും കേന്ദ്ര ഏജൻസിയെ നിശ്ചയിക്കാൻ ശിവശങ്കർ ഇടപെട്ടുവെന്നാണ് വിശ്വസനീയ വിവരമെന്നാണ് സ്വപ്ന സുരേഷ് അവകാശപ്പെടുന്നത്.  കേസിൽ തനിക്ക് അറിയാവുന്നത് എല്ലാം ശിവശങ്കറിനും അറിയാം. കേസുമായി ബന്ധപ്പെട്ട ചാറ്റുകൾ എല്ലാം സത്യം ആണ്. ശിവശങ്കർ അടക്കമുള്ളവരുടെ നിർദ്ദേശപ്രകാരമാണ് ഒളിവിൽ പോയതെന്നും ശബ്ദരേഖ പുറത്ത് വിട്ടതെന്നും സ്വപ്ന വെളിപ്പെടുത്തി. ബാഗേജ് വിട്ടുകിട്ടാൻ താൻ സഹായിച്ചില്ലെന്ന ശിവശങ്കറിന്‍റെ വാദവും സ്വപ്ന പൂർണമായി തളളി. നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ വാദം ശരിയല്ലെന്നും ബാഗിൽ എന്തായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു.

Also Read-Reporter's Account രാത്രി എട്ടു മണിക്ക് കടയടച്ചിട്ടും ശിവശങ്കറിന്റെ പുസ്തകം രണ്ടു മണിക്കൂറിൽ വാർത്ത ആയതെങ്ങിനെ?

‌‌മൂന്നുവർഷത്തിലേറെയായി ശിവശങ്കർ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിലാണ് പരിചയം തുടങ്ങുന്നത്. തന്നെ നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്കുണ്ട്. ഐ ടി വകുപ്പിൽ നിയമനം നേടിത്തന്നത് ശിവശങ്കറാണെന്നും സ്വപ്ന പറയുന്നു. എന്നാൽ നിയമനത്തിൽ പങ്കില്ലെന്ന് ശിവശങ്കർ പുസ്തകത്തിൽ പറഞ്ഞിരുന്നു. കോൺസുലേറ്റിൽ നിന്ന് രാജിവച്ചത് ശിവശങ്കർ പറഞ്ഞിട്ടാണെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു
Published by:Jayesh Krishnan
First published: