ഈരാറ്റുപേട്ടയിൽ വോട്ടു ചോദിക്കാൻ എത്തിയ പി സി ജോർജിനെ കൂവി; സൗകര്യമുള്ളവൻ വോട്ട് ചെയ്താൽ മതിയെന്ന് എം എൽ എ
Last Updated:
കെ എസ് സി പ്രവർത്തകനായി പൊതു പ്രവർത്തനം ആരംഭിച്ച പി സി ജോർജ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ വൈസ് ചെയർമാൻ ആയിരുന്നു.
ഈരാറ്റുപേട്ട: പൂഞ്ഞാർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ജനപക്ഷം സ്ഥാനാർഥി പി സി ജോർജിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇടയിൽ കൂവി നാട്ടുകാർ. പി സി ജോർജിന്റെ വാഹനപര്യടനം ഈരാറ്റുപേട്ടയിൽ എത്തിയപ്പോൾ ആയിരുന്നു സംഭവം. വാഹന പ്രചരണത്തിനിടെ ഈരാറ്റുപേട്ടയിൽ പ്രസംഗിക്കാൻ വാഹനം നിർത്തിയ സമയത്ത് ആയിരുന്നു നാട്ടുകാരിൽ ചിലർ കൂവിയത്.
പൂഞ്ഞാറിലെ സിറ്റിംഗ് എം എൽ എ ആയ പി സി ജോർജ് എൽ ഡി എഫിനും യു ഡി എഫിനും എതിരെയാണ് ഇത്തവണ മത്സരിക്കുന്നത്. എന്നാൽ, കൂവി പ്രതിഷേധിച്ചവരോട് മറുപടി പറഞ്ഞാണ് പി സി ജോർജ് മടങ്ങിയത്.
'ഞാൻ നിയമസഭ തെരഞ്ഞെടുപ്പിൽ ജനപക്ഷം സ്ഥാനാർഥി ആയിട്ടാണ് മത്സരിക്കുന്നത്. എന്റെ ചിഹ്നം തൊപ്പിയാണ്. നിങ്ങളിൽ സൗകര്യമുള്ളവർക്ക് തൊപ്പിയിൽ വോട്ട് ചെയ്യാം. വോട്ട് ചെയ്തില്ലെങ്കിലും എനിക്ക് വിരോധമില്ല. മനസിലായല്ലോ? നിന്റെയൊക്കെ വീട്ടിൽ കാർന്നോൻമാർ ഇങ്ങനെയാണ് പഠിപ്പിച്ച് വിട്ടതെന്ന് ഞാൻ ഇപ്പോഴാ അറിഞ്ഞത്. സ്വൽപം കൂടെ മാന്യത പഠിപ്പിച്ചു വിടുമെന്നാ ഞാൻ ഓർത്തത്. കാർന്നോൻമാര് നന്നായാലേ മക്കളെ നന്നാകൂ. അതുകൊണ്ട് ഞാൻ അള്ളാഹുവിനോട് ദുആ ചെയ്യാം. നിന്നെയൊക്കെ നന്നാകാൻ വേണ്ടി. വേറൊന്നും പറയുന്നില്ല. സൗകര്യമുണ്ടെങ്കിൽ വോട്ട് ചെയ്താൽ മതി. മനസിലായില്ലേ? ഇതാണ് രാഷ്ട്രീയം. എടാ, ഒരു സ്ഥാനാർഥിക്ക് വോട്ട് ചോദിക്കാൻ അവകാശമില്ലേ? ഇലക്ഷൻ കമ്മീഷനിൽ പരാതി കൊടുത്താൽ നീയൊക്കെ ജയിലിൽ പോയി കിടക്കും. എന്റെ മര്യാദ കൊണ്ടാ അത് ചെയ്യാത്തേ. മനസിലായോ? (ഈ സമയത്ത് ജനക്കൂട്ടത്തിൽ നിന്ന് പോടാ എന്നു ചേർത്ത് മോശം പദപ്രയോഗം). വർത്തമാനം പറയുന്നു. എന്നെയാ പേടിപ്പിക്കുന്നേ. ഞാൻ ഈരാറ്റുപേട്ടയിൽ ജനിച്ചു വളർന്നവനാടാ. ഞാൻ എവിടെ പോകാനാ. ഈരാറ്റുപേട്ടയിൽ ജനിച്ചു വളർന്ന ഞാൻ എവിടെ പോകാനാടാ. ഇവിടെ തന്നെ കിടക്കും മനസിലായോ? നീ അല്ല ആര് തെറി പറഞ്ഞാലും ഓടുന്നവനല്ല, ആര് കൂവിയാലും ഓടുന്നവനല്ല ഞാൻ (വീണ്ടും ആൾക്കൂട്ടത്തിന് ഇടയിൽ നിന്ന് മോശം പദംപ്രയോഗം). ഇങ്ങനെ തന്നെ പോകും, മനസിലായില്ലേ? നീ വല്യ വർത്തമാനം പറയുന്നു. പോടാ അവിടുന്ന്. (മോശം പദപ്രയോഗം) വർത്തമാനം പറയുന്നു. അപ്പോ നല്ലവരായ നിങ്ങള്, സന്മനസളളവര് എനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് ഞാൻ എളിയ വാക്കുകൾ ഉപസംഹരിക്കുന്നു. നന്ദി നമസ്കാരം' - ഇത്രയും പറഞ്ഞതിന് ശേഷം പി സി ജോർജിന്റെ വാഹന പ്രചരണ യാത്ര മുന്നോട്ട്. അതേസമയം, ഈരാറ്റുപേട്ടയിലെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
advertisement
1996 മുതൽ കഴിഞ്ഞ അഞ്ചു തവണയും തുടർച്ചയായി നിയമസഭയിൽ പൂഞ്ഞാർ മണ്ഡലത്തിന്റെ പ്രതിനിധിയാണ് പി സി ജോർജ്. 2016ൽ സ്വതന്ത്ര സ്ഥാനാർഥി ആയി മത്സരിച്ചാണ് പി സി ജോർജ് നിയമസഭയിൽ എത്തിയത്. 1996ലും 2001 ലും കേരള കോൺഗ്രസ് സ്ഥാനാർഥി ആയിട്ടായിരുന്നു മത്സരം. 2006ൽ കേരള കോൺഗ്രസ് സെക്യുലർ സ്ഥാനാർഥി ആയപ്പോൾ 2011ൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ആയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 1980ലാണ് പൂഞ്ഞാർ മണ്ഡലത്തിൽ നിന്ന് പി സി ജോർജ് ആദ്യമായി ജനവിധി തേടിയത്. 1980ലും 1982ലും കേരള കോൺഗ്രസ് ജോസഫിന് ഒപ്പമായിരുന്നു പി സി ജോർജ്. രണ്ടു തവണയും വിജയം പി സി ക്ക് ഒപ്പമായിരുന്നു. എന്നാൽ 1987ൽ ഇടതുമുന്നണിയുടെ ജനതാ പാർട്ടി സ്ഥാനാർഥി ആയി എത്തിയ എൻ എം ജോസഫിന് മുമ്പിൽ ഹാട്രിക്കിനായെത്തിയ പിസിക്ക് അടി പതറി. നാലു പതിറ്റാണ്ടിനിടയിലെ ഏക തോൽവി.
advertisement
കെ എസ് സി പ്രവർത്തകനായി പൊതു പ്രവർത്തനം ആരംഭിച്ച പി സി ജോർജ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ വൈസ് ചെയർമാൻ ആയിരുന്നു. 1977 ൽ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായ വി ജെ ജോസഫിനെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്ന് കേരള കോൺഗ്രസ് എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട്, കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ ചേർന്ന് ആ പാർട്ടിയുടെ ലീഡർ സ്ഥാനം വഹിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 23, 2021 9:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഈരാറ്റുപേട്ടയിൽ വോട്ടു ചോദിക്കാൻ എത്തിയ പി സി ജോർജിനെ കൂവി; സൗകര്യമുള്ളവൻ വോട്ട് ചെയ്താൽ മതിയെന്ന് എം എൽ എ