കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് കർദിനാൾ ജോർജ് ആലഞ്ചേരി. വിജയിച്ച രാഷ്ട്രീയ നേതാവാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ നല്ലനിലയിൽ നയിക്കാൻ മോദിക്ക് കഴിയുന്നുവെന്ന് കർദിനാൾ ആലഞ്ചേരി പറഞ്ഞു. ബിജെപി ഭരണത്തിൽ രാജ്യത്ത് ക്രിസ്ത്യാനികൾ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.
പൂർണമായി ബിജെപി ആധിപത്യം വരുന്നത് ന്യൂനപക്ഷങ്ങൾക്കു ആശങ്കയാകുമെന്ന് തനിക്കറിയില്ല. മുസ്ലിം രാജ്യങ്ങളിൽ നിന്ന് മറ്റുമതക്കാരെ തുരത്താറുണ്ട്. ആ ചിന്തയാകാം ന്യൂനപക്ഷങ്ങൾക്ക് ഭീഷണയാകും എന്ന മുസ്ലിങ്ങളുടെ ആശങ്കയ്ക്ക് പിന്നിലെന്നും കർദിനാൾ ആലഞ്ചേരി പറയുന്നു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കർദിനാൾ ആലഞ്ചേരി ഇക്കാര്യങ്ങൾ പറയുന്നത്.
ബിഷപ്പുമാരും വൈദികരും രാഷ്ട്രീയ തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച സന്ദേശം പരോക്ഷമായി കൈമാറുന്നില്ലേ എന്ന ചോദ്യത്തിന് ചില സംഭവവികാസങ്ങളോടും രാഷ്ട്രീയ നിലപാടുകളോടും ബിഷപ്പുമാരും വൈദികരും എങ്ങനെ പ്രതികരിക്കുന്നുവെന്നുവെന്ന് ചിലർ നിരീക്ഷിക്കുന്നുണ്ടാകും. എന്നാൽ അത്തരം നിലപാടുകൾ തെരഞ്ഞെടുപ്പു സമയങ്ങളിലല്ല സ്വീകരിക്കുന്നതെന്നും കർദിനാൾ ആലഞ്ചേരി പറഞ്ഞു.
‘നമ്മുടെ ജനങ്ങൾ വളരെ രാഷ്ട്രീയ ബോധമുള്ളവരാണ്. ഇക്കാലത്ത് അവർക്ക് ആരുടെയും നിർദ്ദേശങ്ങൾ ആവശ്യമില്ല. ഞങ്ങൾ ഒരിക്കലും ജനങ്ങളോട് ആർക്ക് വോട്ട് ചെയ്യണമെന്ന് പറയില്ല’ കർദിനാൾ പറയുന്നു. കേരളത്തിൽ മൂന്നു മുന്നണികൾക്കും സാധ്യതയുണ്ടെന്നും ബിജെപി ജനപിന്തുണ നേടുന്നതിൽ വിജയിക്കുന്നെന്നും കർദിനാൾ ആലഞ്ചേരി പറഞ്ഞു. ഉത്തരേന്ത്യയിൽ ബിജെപിയും കേരളത്തിൽ എൽഡിഎഫും വിജയിച്ചത് ജനങ്ങൾക്ക് നന്മ ചെയ്തതുകൊണ്ടാണ്. ജനങ്ങൾക്ക് നല്ല കാര്യങ്ങൾ ചെയ്യുന്ന ഏത് പാർട്ടിയുമായും ആളുകൾ കൂടുതൽ അടുക്കും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.