കറങ്ങാനിറങ്ങിയത് കുതിരയുടെ മാനസിക ഉല്ലാസത്തിന്; മലപ്പുറത്ത് യുവാവ് പിടിയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ഉല്ലാസം റോഡിൽ വേണ്ടെന്നും വീട്ടു പറമ്പിൽ മതിയെന്നും പറഞ്ഞു പൊലീസ് യുവാവിനെ മടക്കിയയച്ചു
മലപ്പുറം: ട്രിപ്പിള്‍ ലോക്ഡൗണിന്‍റെ ഭാഗമായി നിയന്ത്രണങ്ങൾ ശക്തമാക്കിയ മലപ്പുറത്ത് കുതിരയുമായി കറങ്ങാനിറങ്ങിയ യുവാവിനെ പൊലീസ് പൊക്കി. മലപ്പുറം താനൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പോലീസിന്റെ വാഹന പരിശോധന്ക്കിടെയാണ് യുവാവ് കുതിരയുമായി എത്തിയത്. പൊലീസ് ചോദിച്ചപ്പോൾ കുതിരയുടെ മാനസിക ഉല്ലാസത്തിനുവേണ്ടിയാണ് താൻ പുറത്തിറങ്ങിയതെന്നാണ് യുവാവിന്‍റെ വിശദീകരണം.
ട്രിപ്പിള്‍ ലോക്ഡൗൺ ആയിട്ടും എന്തിനാണ് പുറത്തിറങ്ങിയതെന്ന് പൊലീസ് ചോദിച്ചപ്പോൾ, കുതിരയ്ക്ക് വേണ്ടിയാണ് പുറത്തിറങ്ങിയത് എന്നായിരുന്നു യുവാവിന്‍റെ മറുപടി. വീട്ടില്‍ ഇരിക്കാന്‍ കുതിര സമ്മതിക്കുന്നില്ലെന്നും മാനസിക ഉല്ലാസത്തിന് വേണ്ടിയാണ് പുറത്തിറങ്ങിയത് എന്നും ഇയാള്‍ പറഞ്ഞു. ലോക്ക്ഡൌൺ ലംഘിച്ചതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തു. പിന്നീട് താക്കീത് നൽകി വിട്ടയയ്ക്കുകയായിരുന്നു. ഉല്ലാസം റോഡിൽ വേണ്ടെന്നും വീട്ടു പറമ്പിൽ മതിയെന്നും പൊലീസ് യുവാവിനോട് നിർദേശിച്ചു.
കോവിഡ് വ്യാപനത്തിൽ കുറവില്ലാതായതോടെ മലപ്പുറത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കുന്നു. ട്രിപ്പിൾ ലോക്ക്ഡൗണ്‍ നിലവിലുള്ള മലപ്പുറത്ത് ഇന്നു കൂടുതല്‍ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള മെഡിക്കല്‍ സേവനങ്ങള്‍ മാത്രമേ ഞായറാഴ്ച ജില്ലയില്‍ പ്രവര്‍ത്തിക്കുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. അതേസമയം തിങ്കളാഴ്ച മുതൽ സാധാരണഗതിയിലുള്ള നിയന്ത്രണങ്ങളാകും ഉണ്ടാകുക.
advertisement
ഞായറാഴ്ച അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ആര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത നിയന്ത്രണമാണ് ഞായറാഴ്ച ഏർപ്പെടുത്തുന്നത്. രൂക്ഷമായ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ജില്ല ദുരന്തനിവാരണ ചെയര്‍മാൻ കൂടിയായ കലക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് നിലവില്‍ മലപ്പുറത്ത് മാത്രമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ളത്. മലപ്പുറമടക്കം നാല് ജില്ലകളിലായിരുന്നു ആദ്യഘട്ടത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയായിരുന്നു. അതേസമയം ട്രിപ്പിൾ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിട്ടും മലപ്പുറത്തെ രോഗവ്യാപനം കുറയാത്തത് ആശങ്കയോടെയാണ് അധികൃതർ കാണുന്നത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മലപ്പുറത്ത് നേരിട്ടെത്തി സ്ഥിതി വിലയിരുത്തും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ ജില്ലയിലെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് ശരാശരി 33 ശതമാനമാണ്.
advertisement
അതേസമയം സംസ്ഥാനത്ത് ലോക്ക്ഡൗൺ മെയ് 30വരെ നീട്ടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി കുറയാത്ത മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും. ഇവിടെ കർശന നടപടികളിലേക്ക് പോകേണ്ടിവരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതേസമയം, എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ നേരത്തെ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്ഡൗൺ ഇന്നലെ അവസാനിച്ചു.
advertisement
എല്ലാ ജില്ലകളിലും ആക്ടീവ് കേസുകൾ കുറയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മുന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 23. 3 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഇത് 23.18 ആയി. മലപ്പുറം ഒഴികെയുള്ള ജില്ലകിൽ ടി പി ആർ കുറയുകയാണ്. മലപ്പുറത്ത് ട്രിപ്പിൾ ലോക് ഡൗണിലും ടി പി ആർ കറഞ്ഞില്ല. അവിടെ ശക്തമായ നിലപാട് വേണ്ടി വരും. എഡിജിപി വിജയ് സാഖറെ മലപ്പുറത്ത് കാര്യങ്ങൾ വിലയിരുത്തും. ഐജി ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 23, 2021 3:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കറങ്ങാനിറങ്ങിയത് കുതിരയുടെ മാനസിക ഉല്ലാസത്തിന്; മലപ്പുറത്ത് യുവാവ് പിടിയിൽ


