HOME » NEWS » Kerala » QUARREL WITH DRUNKEN HUSBAND WOMAN HANGED IN KOTTAYAM NJ TV

മദ്യപിച്ചെത്തിയ ഭർത്താവുമായി വഴക്ക്; കോട്ടയം കീഴൂരിൽ യുവതി തൂങ്ങി മരിച്ചു

രാത്രി ഒന്നരയോടെ മക്കൾ വിളിച്ചു ഉണർത്തി പറഞ്ഞപ്പോഴാണ് ദീപയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത് എന്ന് ഭർത്താവ് സന്തോഷ് പറയുന്നു

News18 Malayalam | news18-malayalam
Updated: June 25, 2021, 11:26 AM IST
മദ്യപിച്ചെത്തിയ ഭർത്താവുമായി വഴക്ക്; കോട്ടയം കീഴൂരിൽ യുവതി തൂങ്ങി മരിച്ചു
ദീപ
  • Share this:
കോട്ടയം: സംസ്ഥാനത്ത് ഭർതൃവീടുകളിലെ പീഡനങ്ങളെ തുടർന്ന് യുവതികൾ  മരിക്കുന്നത് തുടർക്കഥയാകുന്നതിനിടെ ആണ് കോട്ടയം കീഴൂരിൽ നിന്ന്  മറ്റൊരു മരണ വാർത്ത കൂടി പുറത്ത് വരുന്നത്. കോട്ടയം കടുത്തുരുത്തി കീഴൂർ മാവടിയിൽ ദീപ(35)യെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.

സംഭവത്തിൽ വെള്ളൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവ് സന്തോഷുമായി ഇന്നലെ വാക്കുതർക്കം ഉണ്ടായിരുന്നതായി പൊലീസിന് ഭർത്താവ് നൽകിയ മൊഴിയിൽ പറയുന്നു. കാര്യമായ പ്രശ്നങ്ങളൊന്നും കുടുംബത്തിൽ ഉണ്ടായിരുന്നില്ല എന്ന് ഭർത്താവ് സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ രാത്രി ജോലി കഴിഞ്ഞു വന്നപ്പോൾ ചെറിയ രീതിയിൽ വാക്കുതർക്കം ഉണ്ടായിരുന്നു.

എന്നാൽ അതിനുശേഷം പ്രശ്നങ്ങളെല്ലാം അവസാനിച്ചതാണ്. ദീപ തന്നെ ആണ് എനിക്ക് ചോറുവിളമ്പി തന്നത്. തുടർന്ന് മക്കൾക്കൊപ്പം മറ്റൊരു മുറിയിൽ പോയി കിടന്ന് ഉറങ്ങുകയായിരുന്നു. രാത്രി ഒന്നരയോടെ മക്കൾ വിളിച്ചു ഉണർത്തി പറഞ്ഞപ്പോഴാണ് ദീപയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത് എന്ന് സന്തോഷ് പറയുന്നു. അഞ്ച്, മൂന്ന് ക്ലാസുകളിൽ പഠിക്കുന്ന രണ്ട് ആൺകുട്ടികളാണ് ഇവർക്ക് ഉള്ളത്.

മുതിർന്ന കുട്ടിയും അമ്മയും ആണ് ദീപയെ ആദ്യം തൂങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ സന്തോഷിനെ വിവരമറിയിക്കുകയായിരുന്നു. കെട്ടഴിച്ച് ദീപയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 13 വർഷം മുൻപാണ് സന്തോഷം ദീപയും തമ്മിൽ വിവാഹം കഴിക്കുന്നത്.

You may also like:ദൃശ്യയെ 22 തവണ കുത്തി കൊലപ്പെടുത്തി; ഒടുവിൽ ജയിലിൽ കൊതുകുതിരി കഴിച്ച് വിനേഷിന്റെ ആത്മഹത്യാശ്രമം

ബന്ധുക്കളായിരുന്നു ഇരുവരുടെയും പ്രണയവിവാഹമായിരുന്നു എന്ന് സന്തോഷ് പോലീസിന് മൊഴി നൽകി. കോട്ടയം വെള്ളൂർ പോലീസ് ആണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്. സന്തോഷ് പലപ്പോഴും മദ്യപിച്ച് വീട്ടിൽ എത്തുന്നത് പ്രശ്നങ്ങൾക്ക് കാരണം ആയിരുന്നതായി  അയൽവാസികൾ പോലീസിനെ അറിയിച്ചു. എന്നാൽ ശാരീരിക മർദ്ദനം ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് സന്തോഷ് നൽകിയ മൊഴി.

You may also like:അപകടത്തിൽപ്പെട്ട കാറിൽ കഞ്ചാവ്; പരിക്കുപറ്റിയ യാത്രക്കാർ ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടു

അയൽവാസികളും ഇത് പോലീസിനോട് സ്ഥിരീകരിച്ചു. പെട്ടെന്നുണ്ടായ വഴക്കിനെത്തുടർന്ന് ആകാം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ വ്യക്തത കൈവരൂ. വൈക്കത്ത് സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു ദീപ.

ദീപയോട് ഇനി ജോലിക്ക് പോകണ്ട എന്ന് ഭർത്താവ് സന്തോഷ് ഇന്നലെ പറഞ്ഞിരുന്നു. ഇതും മാനസിക വിഷമം ഉണ്ടാക്കിയിരുന്നതായി ആണ് പോലീസ് വിലയിരുത്തൽ. അതേസമയം സന്തോഷിന് എതിരെ ബന്ധുക്കളാരും ഇതുവരെ മൊഴി നൽകിയിട്ടില്ല. മക്കളും സന്തോഷിന് അനുകൂലമായ മൊഴിയാണ് പ്രാഥമികമായി നൽകിയിരിക്കുന്നത് എന്നാണ് വിവരം.

വെള്ളൂരിൽ നിന്ന് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. പരിശോധനയിൽ അസ്വാഭാവികതകൾ ഒന്നുമില്ല എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള പരിശോധനാഫലങ്ങൾ കൂടി വന്നശേഷം കൂടുതൽ അന്വേഷണം നടത്തി സന്തോഷിന് എതിരെ കേസ് എടുക്കണോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by: Naseeba TC
First published: June 25, 2021, 11:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories