'ഓണക്കാലത്ത് ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി ക്രിസ്മസ് കാലത്ത് അതേ തന്ത്രവുമായി രംഗത്തിറങ്ങി': രമേശ് ചെന്നിത്തല
- Published by:user_49
Last Updated:
അന്ന് പ്രഖ്യാപിച്ച നൂറുദിന പദ്ധതികളെല്ലാം നടപ്പാക്കികഴിഞ്ഞുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്നും പക്ഷേ എവിടെ നടപ്പാക്കിയെന്ന് മാത്രം ആര്‍ക്കും അറിയില്ലെന്നും ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്തിയുടെ ക്ഷേമപദ്ധതികളുടെ പ്രഖ്യാപനങ്ങളെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ഓണക്കാലത്ത് പ്രഖ്യാപിച്ച നൂറുദിന കര്‍മ്മപരിപാടിയിലൂടെ ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി ക്രിസ്മസ് കാലത്ത് അതേ തന്ത്രവുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അരലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും, അഞ്ച് ലക്ഷം കുട്ടികള്‍ക്ക് ലാപ്ടോപ്പ് നല്‍കും, കയര്‍ മേഖലയില്‍ ഓരോ ദിവസവും ഓരോ യന്ത്രവല്‍കൃത ഫാക്ടറികള്‍ തുറക്കും, രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കും, ഒന്നരലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കും തുടങ്ങിയ മോഹന വാഗ്ദാനങ്ങളാണ് പഴയ നൂറുദിനകര്‍മ്മ പരിപാടിയില്‍ പെടുത്തിയിരുന്നത്. അന്ന് പ്രഖ്യാപിച്ച നൂറുദിന പദ്ധതികളെല്ലാം നടപ്പാക്കികഴിഞ്ഞുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്നും പക്ഷേ എവിടെ നടപ്പാക്കിയെന്ന് മാത്രം ആര്‍ക്കും അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
advertisement
വീണ്ടും 50000 പേര്‍ക്കുകൂടി തൊഴില്‍ നല്‍കുമെന്ന് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ആരെ കബളിപ്പിക്കാനാണെന്നും ചെന്നിത്തല ചോദിച്ചു. റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാതെ പിഎസ്‌സിയുടെ ലിസ്റ്റുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ ശേഷം പിന്‍വാതില്‍ വഴി ഇഷ്ടക്കാരെയും സ്വന്തക്കാരെയും തിരുകി കയറ്റിയ സര്‍ക്കാരാണിത്. അങ്ങനെയുള്ള സര്‍ക്കാരാണ് ജനങ്ങളെ കബളിപ്പിക്കുവാന്‍ വീണ്ടും വീരവാദം മുഴക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
2000 കോടി രൂപയുടെ തീരദേശ പാക്കേജ്, 5000 കോടി രൂപയുടെ ഇടുക്കി പാക്കേജ്, 2000 കോടി രൂപയുടെ വയനാട് പാക്കേജ്, 1000 കോടി രൂപയുടെ കുട്ടനാട് പാക്കേജ് തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം കഴിഞ്ഞ ബജറ്റില്‍ നടത്തിയതാണ്. അവ ഒന്നും നടപ്പാക്കിയിട്ടില്ലെന്നും അതേപോലെ തട്ടിപ്പാണ് പുതിയ 100 ദിന കര്‍മ്മ പദ്ധതികളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 24, 2020 10:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഓണക്കാലത്ത് ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി ക്രിസ്മസ് കാലത്ത് അതേ തന്ത്രവുമായി രംഗത്തിറങ്ങി': രമേശ് ചെന്നിത്തല


