തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.ഐയെ വിലക്കാനുള്ള സർക്കാർ തീരുമാനം അധാർമ്മികമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് കേസിൽ സി.ബി.ഐ മുഖ്യമന്ത്രി ലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ആ ഘട്ടത്തിലാണ് വിലക്കാനുള്ള തീരുമാനനെടുക്കുന്നത്.  മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ തീരുമാനമെന്നും ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയ പകപോക്കൽ കേസുകളിലാണ് മറ്റ് സംസ്ഥാനങ്ങളിൽ സിബിഐയെ വിലക്കുന്നത്. എന്നാൽ ലൈഫ് അഴിമതിക്കേസാണെന്നും ചെന്നിത്തല പറഞ്ഞു.

വടക്കാഞ്ചേരി ലൈഫ് അഴിമതി മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടി നടന്നതാണ്. കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്ന ഘട്ടമെത്തിയപ്പോൾ ഹാലിളകിയിരിക്കുകയാണ്. സിബിഐയെ വിലക്കാനുള്ള തീരുമാനം ആത്മഹത്യാപരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. ഈ നീക്കത്തിൽ നിന്നും പിന്തിരിയാൻ സർക്കാർ തയാറാകണം.


അഴിമതി കാർക്ക് കുടപിടിക്കുന്ന മുന്നണിയായി ഇടതു മുന്നണി മാറി. മുഖ്യമന്ത്രി തന്നെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതി സിബിഐയെ ക്ഷണിച്ചു കൊണ്ടു വന്നത്. സിപിഎമ്മിന്റെ ആജ്ഞ അനുസരിച്ചു പ്രവർത്തിക്കുന്ന സിപിഐയും ഇതിനെ പിന്താങ്ങുന്നു.  അഴിമതി മൂടിവയ്ക്കാനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.