തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചു സംസാരിച്ചതിന് പുറത്തു പോയ സിപിഎം നേതാവ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് വീണ്ടും പരിഗണിക്കുന്നതായി സൂചന. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ചുവെന്ന കേസ് അവസാനിപ്പിക്കാൻ പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയ സാഹചര്യത്തിലാണ് സിപിഎം നീക്കം.
ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ സിപിഎം ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നാണ് സൂചന. അതേസമയം പൊലീസ് റിപ്പോർട്ട് നൽകിയെങ്കിലും കോടതി വിധി പറഞ്ഞിട്ടില്ല. ക്രിസ്തുമസിന് മുന്‍പ് മന്ത്രിസഭയിൽ സജി ചെറിയാന്‍ തിരികെയെത്തുമാണ് സൂചന.
നിയമപരമായ പ്രശ്നത്തിലല്ല, ധാർമ്മിക ഉത്തരവാദിത്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സജി ചെറിയാന്റെ രാജിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. ‘അതായിരുന്നു അന്നത്തെ പാർട്ടിയുടെ തീരുമാനം. പുതിയ സാഹചര്യത്തിൽ വിഷയം പാർട്ടി പരിശോധിക്കും. ഇതുവരെ പാർട്ടി വിഷയം പരിശോധിച്ചിട്ടില്ല,’ എംവി ഗോവിന്ദൻ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.
പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന സിപിഎം പ്രാദേശിക സമ്മേളനത്തിൽ ‘കുന്തവും കുടച്ചക്രവുമല്ല ഭരണഘടന’ എന്നു പരാമർശിച്ച പ്രസംഗമായിരുന്നു വിവാദമാവുകയും സജി ചെറിയാനെ രാജിയിലേക്ക് നയിച്ചതും.
പ്രസംഗത്തിൽ മനപ്പൂർവം ഭരണഘടനയെ അവഹേളിക്കാൻ സജിചെറിയാൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ നടന്ന സിപിഎം പ്രാദേശിക സമ്മേളനത്തിൽ ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം സജി ചെറിയാൻ നടത്തിയത്. 50 മിനിട്ട് 12 സെക്കൻഡാണ് സജി ചെറിയാൻ പ്രസംഗിച്ചത്. ഇതിൽ രണ്ടുമിനിറ്റ് വരുന്നഭാഗത്താണ് ഭരണഘടനയെപ്പറ്റി പരാമർശം ഉണ്ടായത്.
എന്നാൽ മന്ത്രി സ്ഥാനത്ത് രാജിവെച്ച സജി ചെറിയാന്റെ എംഎൽഎ സ്ഥാനം അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഹർജി തള്ളിയത്. സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.
‘കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടന’ എന്ന് സജി ചെറിയാൻ പറഞ്ഞത് ഭരണഘടനയെ അവഹേളിക്കുന്ന രീതിയിൽ മനഃപൂർവം പ്രസംഗിച്ചിട്ടില്ലെന്നും വിമർശനമാണെന്നുമാണ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് നൽകിയ അപേക്ഷയിൽ പറയുന്നത്. ഇതു നിലനിൽക്കുന്ന കുറ്റമല്ലെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്.
‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാം പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടിഷുകാരന്‍ പറഞ്ഞ് തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാരൻ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല, ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും. ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം’ ഇതായിരുന്നു മല്ലപ്പള്ളിയിൽ സജി ചെറിയാന്‍ ചെറിയാൻ നടത്തി പ്രസംഗത്തിലെ വിവാദ പരാമര്‍ശം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.