തിരുവനന്തപുരം: അർഹതയുള്ള ചെറുപ്പക്കാരെ നിരാശയുടെ പടുകുഴിയിലേക്കാണ് സർക്കാർ എത്തിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ. മുഖ്യമന്ത്രിയുടെയും പി.എസ്.സി ചെയർമാന്റെയും ധാർഷ്ട്യത്തിന്റെ ഇരാണ് ജോലി ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അനു എന്ന ചെറുപ്പക്കാരൻ. ഈ ചെറുപ്പക്കാരന്റെ മരണത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി പി.എസ്.സി ചെയർമാനുമാണ്. ജോലി ഇല്ലെന്നു മാത്രമല്ല, ആ ചെറുപ്പക്കാരന്റെ ജീവൻ തന്നെ സർക്കാർ ഇല്ലാതാക്കിയിരിക്കുകയാണ്. മറ്റൊരു ലിസ്റ്റും നിലവിലില്ലാത്ത കാലത്താണ് സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതെന്നും ഷാഫി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

പി.എസ്.സി ചെയർമാൻ ബക്കറ്റില്‍ തൊഴില്‍ എടുത്ത് വച്ചിട്ടില്ലായെന്ന് പറഞ്ഞാണ് ചെറുപ്പക്കാരെ വെല്ലുവിളിച്ചത്. കേരളം മുഴുവന്‍ അതിശക്തമായ പ്രതിഷേധ സമരങ്ങളുമായി, അനുവിനു നീതി തേടി യൂത്ത് കോണ്‍ഗ്രസ് ഉണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

സിവില്‍ എക്‌സൈസ് ഓഫീസറുടെ റാങ്ക് പട്ടികയിലേക്ക് ഈ ചെറുപ്പക്കാരന്‍ കുറുക്കുവഴിയിലൂടെയോ പിന്‍വാതിലിലൂടെയോ അല്ല ഈ ചെറുപ്പക്കാരൻ കടന്നുവന്നത്. പഠിച്ചു പാസായി കഷ്ടപ്പെട്ട് അധ്വാനിച്ചു കടന്നുകയറിയതാണ്. ആ ചെറുപ്പാക്കരനെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടുപ്രതി പി.എസ്.സി ചെയര്‍മാനുമാണ്.

റാങ്ക് ലിസ്റ്റ് നീട്ടി നല്‍കണമെന്ന് കേരളത്തിലെ മാധ്യമങ്ങളടക്കം നിരന്തരം ആവശ്യപ്പെട്ടതാണ്. എന്നാല്‍ ധാർഷ്ട്യമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ലിസ്റ്റ് നീട്ടിനല്‍കാന്‍ തയ്യാറാകാത്തതിന്റെ പിന്നില്‍ എന്താണ് കാരണം. മറ്റൊരു ലിസ്റ്റ് തയ്യാറായിട്ടുണ്ടെങ്കില്‍ അത് മനസ്സിലാക്കാം. എന്നാല്‍ അങ്ങനെയൊന്നില്ലായിരുന്നു. 400 ഓളം ഒഴിവുകള്‍ ഈ പോസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. നാലാ അഞ്ചോ സ്ഥാനത്തിന് ജോലി നഷ്ടമായി മനസ്സ് വേദനിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പാക്കാരെ ആശ്വസിപ്പിക്കുന്നതിന് പകരം ഇവിടെ ബക്കറ്റില്‍ ജോലി എടുത്ത് വെച്ചിട്ടുണ്ടോയെന്നാണ് പി.എസ്.സി ചെയര്‍മാന്‍ ചോദിച്ചത്. സ്വപ്‌ന സുരേഷിന് ഏത് ബക്കറ്റില്‍ നിന്നാണ്  ജോലി എടുത്ത് നല്‍കിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.

പി.എസ്.സി റാങ്ക് ലിസ്റ്റുള്ളവര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ ഒന്ന് പ്രതിഷേധിക്കാന്‍ പോലും സാധ്യമല്ല. അപ്പോള്‍ വിലക്ക് വരികയാണ്. കേരളം ഭരിക്കുന്നത് ഹിറ്റ്‌ലറാണോ. വിമര്‍ശിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് മൂന്ന് ചെറുപ്പാക്കാരെ ഇതിനകം വിലക്കി. റാങ്ക് ലിസ്റ്റിന് കുറച്ചുകൂടി കാലാവധി നല്‍കിയിരുന്നെങ്കില്‍ ആത്മഹത്യ ചെയ്ത അനു ഉള്‍പ്പടെയുള്ള നിരവധി ചെറുപ്പക്കാര്‍ക്ക്‌ തൊഴില്‍ ലഭിച്ചേനെയെന്നും ഷാഫി പറഞ്ഞു. .