• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'യൂണിഫോം സിവില്‍കോഡ് എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട; ഭരണഘടനാ വിരുദ്ധരായ രാഷ്ട്രീയ ശക്തികള്‍ക്ക് ഇതില്‍ റോളില്ല': ഷുക്കൂർ വക്കീൽ

'യൂണിഫോം സിവില്‍കോഡ് എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട; ഭരണഘടനാ വിരുദ്ധരായ രാഷ്ട്രീയ ശക്തികള്‍ക്ക് ഇതില്‍ റോളില്ല': ഷുക്കൂർ വക്കീൽ

'ഇസ്ലാമിസ്റ്റുകളും സംഘ്പരിവാറും കളംവിട്ടുപോകണം. വേണ്ടത് യൂണിഫോം സിവിൽ കോഡ‍ല്ല, നിയമനവീകരണം'

 • Share this:

  കാസർഗോഡ്: മുസ്ലിം പിന്തുടർച്ചവകാശ നിയമപ്രകാരം പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായി സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതനായ അഭിഭാഷകനും സിനിമാ താരവുമായ അഡ്വ. പി ഷുക്കൂർ യൂണിഫോം സിവിൽ കോഡ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്ത്. തങ്ങളുടെ ഇടപെടലിനെ യൂണിഫോം സിവിൽ കോഡിന് വേണ്ടിയുള്ള പോരാട്ടമായി ചിത്രീകരിച്ചത് രണ്ടുവിഭാഗമാണ്, ഒന്ന് ഇസ്ലാമിസ്റ്റുകളും രണ്ട് സംഘ്പരിവാറും. വേണ്ടത് യൂണിഫോം സിവിൽ കോഡ‍ല്ല, നിയമനവീകരണമെന്നും ഷുക്കൂർ ഫേസ്ബുക്കിൽ കുറിച്ചു.

  കുറിപ്പിന്റെ പൂർണരൂപം

  മുതലെടുക്കുന്നവരോടും
  മുദ്രകുത്തുന്നവരോടും
  പറയാനുള്ളത്….
  ഞാനും എന്റെ ജീവിത പങ്കാളി ഷീനയും സ്‌പെഷ്യല്‍ മാരേജ് ആക്ട് വകുപ്പ് 15 പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുവാൻ തീരുമാനിച്ചത് ഏതെങ്കിലും വ്യക്തിഗത താത്പര്യങ്ങളുടെ പുറത്തല്ല. അതിലൂടെ സാമൂഹികവും രാഷ്ട്രീയവുമായ ചില സന്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നതിനും തുല്യനീതിക്ക് വേണ്ടിയുള്ള മുസ്‌ലിം സ്ത്രീകളുടെ പോരാട്ടങ്ങള്‍ക്കൊപ്പം ഐക്യപ്പെടുന്നതിനും വേണ്ടിയാണ്.
  ഞങ്ങള്‍ യൂനിഫോം സിവില്‍കോഡിന് പൂര്‍ണമായുമെതിരാണെന്നത് സാധ്യമായ എല്ലാ വേദികളിലും ആവര്‍ത്തിച്ചിട്ടും, ഞങ്ങള്‍ നടത്തിയ ഇടപെടലിനെ യൂനിഫോം സിവില്‍കോഡിന് വേണ്ടിയുള്ള പോരാട്ടമായി ചിത്രീകരിച്ചത് രണ്ടുവിഭാഗം ആളുകളാണ്.
  ഒന്ന് ഇസ്ലാമിസ്റ്റുകളും
  രണ്ട് സംഘ്പരിവാറും.

  Also Read- ഷുക്കൂർ വക്കീലിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം; ആക്രമിക്കപ്പെടാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്


  സാധാരണക്കാരായ മതവിശ്വാസികള്‍, അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട സങ്കോചങ്ങളില്‍ നിന്നുകൊണ്ട് ഞങ്ങളുടെ ഇടപെടലിനെ വിമര്‍ശിക്കുന്നത് മനസ്സിലാക്കാനും അവയോട് സംവാദാത്മകമായി ഇടപെടാനും ഞങ്ങള്‍ക്ക് സാധിക്കും. കാലങ്ങളായി പിന്തുടരുന്ന, വിശ്വാസങ്ങളുടെ പക്ഷത്ത് നിന്നുകൊണ്ട് സാധാരണക്കാരായ മുസ്ലിങ്ങള്‍ അവരുടെ വേവലാതികള്‍ പങ്കവെക്കുന്നതിനെ എതിര്‍പ്പോടെ കാണുന്നുമില്ല. വിശ്വാസികളായ ധാരാളം മുസ്ലിങ്ങള്‍ ഞങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതുകൊണ്ട് തന്നെ നിലനില്‍ക്കുന്ന അനീതിയെക്കുറിച്ചുള്ള തുറന്ന സംവാദങ്ങള്‍ സംഭവിക്കട്ടെ, മുസ്ലിം സ്ത്രീകള്‍ക്ക് അവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കട്ടെ എന്നിങ്ങനെയുള്ള പ്രത്യാശകള്‍ മാത്രമാണുള്ളത്.

  എന്നാല്‍ ഇതിലൂടെ രാഷ്ട്രീയ ലക്ഷ്യം നിറവേറ്റുന്ന വിഭാഗങ്ങളെ അങ്ങനെ കാണാന്‍ കഴിയില്ല. സോഷ്യല്‍ മീഡിയയിലൂടെ ഞങ്ങളെ സംഘ്പരിവാര്‍ തത്പരരായി മുദ്രകുത്താന്‍ ഏതാനും ഇസ്ലാമിസ്റ്റ് പ്രൊഫൈലുകള്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. അതേ സമയം ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിലുള്ള പ്രമുഖരടക്കം ഞങ്ങള്‍ക്ക് പരസ്യ പിന്തുണയര്‍പ്പിച്ചുകൊണ്ട് യൂനിഫോം സിവില്‍കോഡ് എന്ന അവരുടെ താത്പര്യത്തിലേക്ക് ഇതിനെ കണ്ണിചേര്‍ക്കാനും ശ്രമിക്കുന്നുണ്ട്.‌

  ഇരുകൂട്ടരോടും പറയാനുള്ളത് നിങ്ങള്‍ കളം വിട്ട് പോകണം എന്നാണ്. നിങ്ങളുടെ അടച്ചിട്ട മുറികളിലെ രഹസ്യസംഭാഷണങ്ങള്‍ നടപ്പാക്കുന്നതിനുള്ള പ്രായോഗികവേദിയായി ഇത്തരം അവസരങ്ങളെ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ അവയെ തിരിച്ചറിയാനും പ്രതിരോധിക്കാനും ജനാധിപത്യ മതേതര പക്ഷത്ത് നില്‍ക്കുന്നവര്‍ക്ക് കേരളത്തിൽ എളുപ്പം സാധിക്കും.

  Also Read- ഫത്വ കൗൺസിലിന്റെ ഭീഷണി; അക്രമിക്കപ്പെട്ടാൽ ഉത്തരവാദിത്തം പ്രതിരോധിക്കാൻ ആഹ്വാനം ചെയ്തവർക്കെന്ന് ഷുക്കൂർ വക്കീൽ

  നൂറുകണക്കിന് മുസ്ലീം സ്ത്രീകളെ കൊന്നും ബലാല്‍സംഗത്തിന് വിധേയമാക്കിയും ഇന്ത്യന്‍ മതേതരത്വത്തെ കളങ്കപ്പെടുത്തിയ, മനുഷ്യരെ മതാടിസ്ഥാനത്തില്‍ മാത്രം കാണുന്ന, ചരിത്രത്തിലെന്നും ഭരണഘടനാ മൂല്യങ്ങളോട് ശത്രുത മാത്രം പുലര്‍ത്തിയ സംഘ്പരിവാര്‍, മുസ്ലിം സ്ത്രീകളുടെ കണ്ണീരൊപ്പുവാന്‍ കൂടുന്നതില്‍ പരം അശ്ലീലം വേറെയില്ല.

  ഞങ്ങള്‍ രാജ്യത്തെ ഭരണഘടനയിലും നിയമവാഴ്ചയിലും നീതിന്യായ വ്യവസ്ഥകളിലും വിശ്വാസം അര്‍പ്പിച്ചാണ് ഈ പ്രശ്‌നം സമൂഹത്തിന് മുന്നിലേക്ക് വെക്കുന്നത്. മനുസമൃതി ഭരണഘടയായി മാറുന്ന കാലത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ക്കിവിടെ റോളില്ല. ദയവുചെയ്ത് അനുമോദനത്തിന്റെ പൂച്ചെണ്ടുകളുമായി ഇതുവഴി വരരുത്.
  അടിസ്ഥാനപരമായി ഈ പോരാട്ടം ഭരണഘടനയ്ക്ക് വേണ്ടിയാണ്. അതിനര്‍ത്ഥം ഈ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളുടെ പ്രാഥമിക ശത്രുക്കളായ നിങ്ങള്‍ക്കെതിരാണ് ഈ പോരാട്ടം എന്നതാണ്.
  ഹിന്ദു, കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ പിന്തുടര്‍ച്ചാവകാശവുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന അനീതികള്‍ തിരുത്തിയത്, യൂനിഫോം സിവില്‍കോഡ് നടപ്പിലാക്കിക്കൊണ്ടല്ല. മറിച്ച്, നിയമത്തിലുള്ള പിഴവുകള്‍ തിരുത്തിക്കൊണ്ടാണ്.

  Also Read- ‘വിശ്വാസികൾ പ്രതിരോധിക്കും’; ഷുക്കൂർ വക്കീലിനെതിരെ ഭീഷണിയുമായി ഫത്വ കൗൺസിൽ

  മുസ്‌ലിങ്ങള്‍ക്കിടയിലും സ്ത്രീകള്‍ക്ക് തുല്യത ഉറപ്പ് വരുത്താന്‍ 1937 ലെ മുസ്ലിം പേഴ്‌സനല്‍ ലോ (ശരീഅ ) ആപ്ലിക്കേഷന്‍ ആക്ടില്‍ ആവശ്യമായ ഭേദഗതി വരുത്തിയാല്‍ മതി. 1986 മുസ്ലിം വിവാഹ മോചിത സംരക്ഷണ നിയമം ഇത്തരം ഒരു സാധ്യത നമ്മിലേക്ക് തുറക്കുന്നുണ്ട് .
  അങ്ങേയറ്റം ന്യായമായ ഈ ആവശ്യം മുന്നോട്ടുവെക്കുമ്പോള്‍ യൂണിഫോം സിവില്‍കോഡിലേക്ക് ഇതിനെ ബന്ധിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല.

  രാജ്യം ഭരിക്കുന്നത് സംഘ്പരിവാറാണ്, അവരുട ലക്ഷ്യം യൂനിഫോം സിവില്‍കോഡാണ് അതുകൊണ്ട് മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് നിങ്ങള്‍ മിണ്ടിപ്പോകരുത് എന്ന ഇസ്ലാമിസ്റ്റ് യുക്തിയ്ക്കും, മുസ്ലിങ്ങള്‍ക്കിടയില്‍ നിന്നുള്ള ആഭ്യന്തര തിരുത്തല്‍ മുന്നേറ്റങ്ങളെ ഹൈജാക്ക് ചെയ്ത് യൂനിഫോം സിവില്‍കോഡ് ഡിമാന്റിലേക്ക് കൊണ്ടെത്തിക്കാം എന്ന സംഘ് തന്ത്രങ്ങള്‍ക്കുമിടയില്‍ നിന്നുകൊണ്ട് തുല്യാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള രാഷ്ട്രീയ സമരങ്ങള്‍ നടത്തുക എന്നതാണ് നമുക്ക് മുന്നിലുള്ള വഴി.

  Also Read- മൂന്ന് പെൺമക്കളുടെ സാന്നിധ്യത്തിൽ ഒരിക്കൽ കൂടി വിവാഹിതരായി ഷുക്കൂർ വക്കീലും ഷീനയും

  ഒരിക്കല്‍ കൂടി പറയുന്നു, യൂനിഫോം സിവില്‍കോഡ് ഒരു പരിഹാരമല്ല എന്ന് മാത്രമല്ല, രാജ്യത്തെ അവസാനത്തെ മുസ്ലിമിനെയും ഉന്മൂലനം ചെയ്ത് ഹിന്ദുരാഷ്ട്രം പണിയാനുള്ള സംഘ്പരിവാര്‍ പദ്ധതിയുടെ തുടക്കമാണത്. രാജ്യത്തിന്റെ ബഹുസ്വരതയിലും വൈവിധ്യത്തിലും ജനാധിപത്യത്തിനും വിശ്വസിക്കുന്ന ഓരോ മനുഷ്യരും സംഘം ചേര്‍ന്ന് ചെറുത്തുതോല്‍പിക്കേണ്ട ആശയമാണത്. രാജ്യത്ത് യൂനിഫോം സിവില്‍കോഡ് നടപ്പാക്കുന്ന ഘട്ടം വന്നാല്‍ അതിനെതിരായ ചെറുത്തുനില്‍പുകളില്‍ ആദ്യം തെരുവിലിറങ്ങുന്നവരുടെ കൂട്ടത്തില്‍ മുന്നിൽ ഞാനുണ്ടാകും.

  കാസർകോഡ് ജില്ലയിൽ ജീവിക്കുന്നവർക്ക് 2016 മുതൽ ഞാൻ എടുത്തു വരുന്ന സംഘ് വിരുദ്ധ രാഷ്ട്രീയം ഒരു അഭിഭാഷകൻ എന്ന നിലയിലും പൊതു പ്രവർത്തകൻ എന്ന നിലയിലും എന്റെ ട്രാക്കുകൾ പരുശോധിച്ചാൽ ബോധ്യമാകും .

  രാജ്യത്തെ ഓരോ സാമൂഹ്യവിഭാഗങ്ങള്‍ക്കും അവരുടേതായ സംസ്‌കാരം, വിശ്വാസം, ഭാഷ, വസ്ത്രം, ഭക്ഷണം, ആചാരം എന്നിവയുമായി നിലകൊള്ളാനുള്ള അവസരം ഉണ്ടാവുക തന്നെയാണ് വേണ്ടത്. തീര്‍ച്ചയായും മുസ്ലിങ്ങളുടെ സവിശേഷമായ എല്ലാ അവകാശങ്ങളും ഇതുപോലെ തന്നെ നിലനില്‍ക്കണം. എന്നാല്‍ പല കാരണങ്ങളാല്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കിടയില്‍ ചരിത്രപരമായി നിലനില്‍ക്കുന്ന പിന്തുടര്‍ച്ചാവകാശ നിയമത്തിലെ ചില അനീതികളെ മാറുന്ന കാലത്തിനനുസരിച്ച് പരിഷ്‌കരിക്കണം എന്ന ആവശ്യം മാത്രമാണ് നമ്മള്‍ മുന്നോട്ടുവെക്കുന്നത്.

  മറ്റൊരു കാര്യം കൂടി, ഞാനും ഷീനയും തമ്മിലുള്ള (രണ്ടാം) വിവാഹത്തിന്റെ പ്രഖ്യാപനത്തോടു കൂടി മുസ്ലിം പിന്തുടര്‍ച്ചാവകാശവുമായി ബന്ധപ്പെട്ട ധാരാളം ചര്‍ച്ചകളുയര്‍ന്നുവന്നത് സാന്ദര്‍ഭികമായാണ്. അതുകാരണം, ഞങ്ങള്‍ സവിശേഷമായി ഉയര്‍ത്തിക്കൊണ്ടുവന്ന എന്തോ ഒരു ആവശ്യം എന്ന നിലയ്ക്കാണ് പലരും ഇക്കാര്യത്തെ കണക്കിലെടുത്തിരിക്കുന്നത്. എന്നാല്‍ വാസ്തവം അങ്ങനെയല്ല.

  മുസ്ലിം സ്ത്രീകളുടെ മുന്‍കൈയില്‍ തന്നെയുള്ള മൂവ്‌മെന്റുകള്‍ കഴിഞ്ഞ കുറേ പതിറ്റാണ്ടുകാലമായി ഈ വിഷയമുയര്‍ത്തിക്കൊണ്ട് സമര രംഗത്തുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ച് വി.പി. സുഹ്‌റയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നിസ എന്ന സംഘടനയുടെ മുന്‍കൈയില്‍ നിയമയുദ്ധം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. നിസ നല്‍കിയ ഹരജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസില്‍ കക്ഷി ചേരുമെന്നറിയിച്ചുകൊണ്ട് താനൂരിലെ ആയിഷുമ്മയെയും മൂവാറ്റുപുഴയിലെ റൂബിയയെും കോഴിക്കോട്ടെ സജ്‌നയെയെും പോലെ അനേകം മുസ്ലിം സ്ത്രീകള്‍ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്.
  ഫോറം ഫോര്‍ മുസ്ലിം വിമന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിരവധി മുസ്ലിം സ്ത്രീകളുടെ മുന്‍കൈയിലാണ് ഈ പോരാട്ടം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. അവരോട് ഐക്യപ്പെടുക മാത്രമാണ് ഞാനും ഷീനയും ചെയ്തിട്ടുള്ളത്.

  ഒരു അഭിഭാഷകൻ എന്ന നിലയിൽ മുസ്ലിം സമുദായത്തിലെ സ്ത്രീകൾ ഈ വിഷയത്തിൽ നേരിടുന്ന ദുരിതങ്ങൾ നിത്യേന എന്നോണം നേരിട്ടു സ്പർശിക്കുന്നതു അവഗണിക്കുക അത്ര എളുപ്പവുമല്ല.
  കേരളത്തിന്റെ നാനാഭാഗങ്ങളിലായി മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമത്തിലെ നിലവിലെ അനീതികളുടെ ഇരകളായി കഴിയുന്ന സ്ത്രീകളെ കേള്‍ക്കാന്‍ തയ്യാറാവുകയാണ്, അവരെത്തിപ്പെട്ട ജീവിത പ്രതിസന്ധികള്‍ക്ക് കാരണമായ സാഹചര്യങ്ങളെ മനസ്സിലാക്കുകയാണ് മതനേതൃത്വം ഉടന്‍ ചെയ്യേണ്ടത്.
  ഒരിക്കല്‍കൂടി പറയുന്നു, ഭരണഘടനാ വിരുദ്ധരായ രാഷ്ട്രീയ ശക്തികള്‍ക്ക് ഇതില്‍ റോളില്ല. നിങ്ങളുടെ ലക്ഷ്യം നടപ്പിലാവുകയുമില്ല.
  യൂനിഫോം സിവില്‍കോഡ് എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കാമെന്ന് ആരും കരുതേണ്ട… യൂണിഫോം സിവിൽ കോഡിനെ പ്രതിരോധിക്കുവാനുള്ള മികച്ച മാർഗ്ഗമാണ് നിയമ നവീകരണം .

  Published by:Rajesh V
  First published: