'സഭയിലെ ഗൗരവമേറിയ ചർച്ചകളിൽ താത്പര്യമില്ല'; പി പി ചിത്തരഞ്ജൻ എംഎൽഎയ്ക്ക് സ്പീക്കറുടെ വിമർശനം
- Published by:Rajesh V
- news18-malayalam
Last Updated:
സഭയില്‍ നടക്കുന്ന ഗൗരവമായ ചര്‍ച്ചകളില്‍ താത്പര്യം പ്രകടിപ്പിക്കാതിരിക്കുകയും രാഷ്ട്രീയ വിവാദങ്ങളില്‍ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി
തിരുവനന്തപുരം: നിയമസഭയില്‍ നിരുത്തരവാദപരമായി പെരുമാറിയതിന് ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്ജന്റെ പേരെടുത്ത് വിമര്‍ശിച്ച് സ്പീക്കര്‍ എം ബി രാജേഷ്. സഭയില്‍ നടക്കുന്ന ഗൗരവമായ ചര്‍ച്ചകളില്‍ താത്പര്യം പ്രകടിപ്പിക്കാതിരിക്കുകയും രാഷ്ട്രീയ വിവാദങ്ങളില്‍ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
സഭയില്‍ ചര്‍ച്ച നടക്കുന്നതിനിടെ ചില സാമാജികര്‍ ഇറങ്ങി നടക്കുന്നതും സംഘം ചേര്‍ന്ന് സംസാരിക്കുന്നതുമാണ് സ്പീക്കറെ ചൊടിപ്പിച്ചത്. രണ്ടുതവണ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതിനിടെ, മന്ത്രി പി രാജീവ് സംസാരിക്കുന്നതിനിടെ തൊട്ടുപിന്നിലിരുന്ന ചിത്തരഞ്ജന്‍ എഴുന്നേറ്റ് പോകുന്നതും പുറംതിരിഞ്ഞ് നില്‍ക്കുന്നതും സ്പീക്കറുടെ ശ്രദ്ധയില്‍പ്പെട്ടു. മന്ത്രിയുടെ പ്രസംഗം തടഞ്ഞ് ചിത്തരഞ്ജന്റെ പേര് പറഞ്ഞുകൊണ്ട് തന്നെ സ്പീക്കര്‍ വിമര്‍ശനം നടത്തി.
advertisement
'രണ്ടു തവണ പറയേണ്ടി വന്നു. സഭയില്‍ അംഗങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നതും ചെയറിന് പിന്തിരിഞ്ഞ് നില്‍ക്കുന്നതും ശരിയായ നടപടിയല്ല. വളരെ ഗൗരവപ്പെട്ട പ്രശ്‌നം സഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ താത്പര്യം പ്രകടിപ്പിക്കാതിരിക്കുകയും രാഷ്ട്രീയ വിവാദമുള്ള കാര്യങ്ങളില്‍ മാത്രം ശ്രദ്ധയും താത്പര്യവും പുലര്‍ത്തുന്നത് ഉത്തരവാദിത്തോടെയുള്ള സമീപനം അല്ല. അത് കര്‍ക്കശമായി പറയേണ്ടി വരികയാണ്' - സ്പീക്കര്‍ എം ബി രാജേഷ് മുന്നറിയിപ്പ് നല്‍കി.
advertisement
മുൻ ധനമന്ത്രി തോമസ് ഐസക്കിന്‍റെ പിൻഗാമിയായി ആലപ്പുഴ നിയോജക മണ്ഡലത്തിൽ നിന്ന് കന്നി വിജയം നേടിയാണ് പി പി ചിത്തരഞ്ജൻ പതിനഞ്ചാം നിയമസഭയിലെത്തിയത്. സി പി എം നേതാവായ ചിത്തരഞ്ജൻ മത്സ്യഫെഡ് ചെയർമാൻ സ്ഥാനം വഹിച്ചിട്ടുണ്ട്.
എകെജി സെന്റര്‍ ആക്രമണം: നിയമസഭയില്‍ അടിയന്തര പ്രമേയത്തിന്മേൽ ചർച്ച
എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ അടിയന്തര പ്രമേയ ചർച്ച തുടങ്ങി. ലക്ഷക്കണക്കിന് പേര്‍ക്ക് വേദന ഉണ്ടാക്കിയ സംഭവമാണ് എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ഭീതിയോടെ മാത്രമേ എകെജി സെന്റര്‍ ആക്രമണം നോക്കിക്കാണാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
advertisement
കോണ്‍ഗ്രസിലെ പി സി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എ കെ ജി സെന്‍ററിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കപ്പെട്ടതായി വിഷ്ണനുനാഥ് ചൂണ്ടിക്കാട്ടി. അതിഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ഈ സാഹചര്യം നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഈ നിയമസഭ സമ്മേളനത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യുന്ന രണ്ടാമത്തെ അടിയന്തര പ്രമേയമാണിത്. നേരത്തെ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണക്കടത്തുകേസില്‍ അടിയന്തരപ്രമേയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 04, 2022 1:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സഭയിലെ ഗൗരവമേറിയ ചർച്ചകളിൽ താത്പര്യമില്ല'; പി പി ചിത്തരഞ്ജൻ എംഎൽഎയ്ക്ക് സ്പീക്കറുടെ വിമർശനം


