വിവാഹം നിശ്ചയിച്ചു കഴിഞ്ഞപ്പോൾ ലോക്ക്ഡൗൺ പ്രഖ്യാപനം; പിന്നെ വിവാഹം അപ്പോൾ തന്നെ നടത്തി
Last Updated:
ഭക്ഷണം കഴിക്കുന്നതിനിടയിൽ ആയിരുന്നു ലോക്ക്ഡൗൺ വാർത്ത എത്തിയത്. തുടർന്ന് വീട്ടുകാർ തമ്മിൽ നടത്തിയ ചർച്ചയിൽ വൈകുന്നേരം വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.
സീതത്തോട്:വിവാഹ തീയതി നിശ്ചയിച്ച് കഴിഞ്ഞപ്പോഴാണ് ആ വാർത്തയെത്തിയത്. സംസ്ഥാനത്ത് മെയ് എട്ടുമുതൽ ലോക്ക് ഡൗൺ ആണെന്ന പ്രഖ്യാപനം. പിന്നെയൊന്നും നോക്കിയില്ല ഉള്ള സൗകര്യത്തിൽ അപ്പോൾ തന്നെ കല്യാണത്തിന് ഒരുക്കങ്ങൾ തുടങ്ങി. നിശ്ചയം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ വിവാഹവും നടന്നു. കുമ്പനാട് സെന്റ് തോമസ് മാർത്തോമാ പള്ളിയാണ് പെട്ടെന്നുള്ള ഈ വിവാഹത്തിന് സാക്ഷിയായത്.
കുമ്പനാട് സ്വദേശി ജോയലിന്റെയും സീതത്തോട് സ്വദേശി ഡെല്ലയുടെയും വിവാഹമാണ് നിശ്ചയദിവസം തന്നെ നടന്നത്. അപ്രതീക്ഷിതമായിട്ടാണെങ്കിലും നിശ്ചയദിവസം തന്നെ വിവാഹം മംഗളമായി നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വധുവരൻമാർ.
വ്യാഴാഴ്ച രാവിലെ ആയിരുന്നു ഡെല്ലയുടെയും ജോയലിന്റെയും വിവാഹനിശ്ചയം നടന്നത്. ശനിയാഴ്ച വിവാഹം നടത്താൻ ആയിരുന്നു തീരുമാനം. എന്നാൽ, വിവാഹം നിശ്ചയിച്ചതിനു പിന്നാലെയാണ് കേരളത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് വാർത്തയെത്തിയത്. ഇതോടെ ഇരു വീട്ടുകാരും എന്തു ചെയ്യണമെന്ന ചർച്ചയിലായി. ശനിയാഴ്ച ലോക്ക്ഡൗൺ തുടങ്ങുന്നതിനാൽ വ്യാഴാഴ്ച തന്നെ വിവാഹം നടത്താൻ ഇരു വീട്ടുകാരും ചേർന്ന് തീരുമാനിക്കുകയായിരുന്നു.
advertisement
തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം 05.50ഓടെ കുമ്പനാട് സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ വിവാഹവേദി ഒരുങ്ങി. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് വിവാഹ ചടങ്ങുകളുടെ കാർമികനായി. കുമ്പനാട് കല്ലേത്ത് ജേക്കബ് എബ്രഹാം - സിസിലി ജേക്കബ് ദമ്പതികളുടെ മകനാണ് വരനായ ജോയൽ. കാനഡയിലാണ് വരൻ ജോയൽ.
സീതത്തോട് കാരംവേലിമണ്ണിൽ ദാനിയേൽ വർഗീസ് - ജോളി ദമ്പതികളുടെ മകളാണ് സോഫ്റ്റ് വെയർ എഞ്ചിനിയറായ ഡെല്ല കെ ദാനിയേൽ. ഇന്നലെ രാവിലെ 11 മണിയോടെ സീതത്തോട് കൊച്ചുകോയിക്കൽ ട്രിനിറ്റി മാർത്തോമ്മാ പള്ളിയിൽ ആയിരുന്നു വിവാഹ നിശ്ചയം. ഭക്ഷണം കഴിക്കുന്നതിനിടയിൽ ആയിരുന്നു ലോക്ക്ഡൗൺ വാർത്ത എത്തിയത്. തുടർന്ന് വീട്ടുകാർ തമ്മിൽ നടത്തിയ ചർച്ചയിൽ വൈകുന്നേരം വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.
advertisement
നേരത്തെ, കോവിഡ് പ്രോട്ടോക്കോളിനെ തുടർന്ന് രണ്ടു തവണ വിവാഹം മാറ്റി വെച്ചിരുന്നു. നിശ്ചയത്തിനു ഭക്ഷണം ഒരുക്കിയ കേറ്ററിങ് സർവീസുകാർ വിവാഹത്തിനും ഭക്ഷണം ഒരുക്കി. വിവാഹത്തിനുള്ള മറ്റ് ഒരുക്കങ്ങൾ പൂർത്തിയായിരുന്നതിനാൽ മംഗളകരമായി വിവാഹം നടന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 07, 2021 9:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിവാഹം നിശ്ചയിച്ചു കഴിഞ്ഞപ്പോൾ ലോക്ക്ഡൗൺ പ്രഖ്യാപനം; പിന്നെ വിവാഹം അപ്പോൾ തന്നെ നടത്തി