ക്ഷേത്രോല്പത്തി ഇന്നും അജ്ഞാതമായ ചിറത്തല മഹാദേവ ക്ഷേത്രം
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
മകരമാസത്തിൽ നാല് ദിവസങ്ങളിലായി നടക്കുന്ന പ്രതിഷ്ഠാവാർഷികമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം.
തിരുവനന്തപുരം നഗരത്തിൻ്റെ തിരക്കുകളിൽ നിന്ന് മാറി, ഏകദേശം ഏഴു കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന പേയാട് ഗ്രാമത്തിലാണ് ചിറത്തല ശ്രീ മഹാദേവ ക്ഷേത്രം തലയുയർത്തി നിൽക്കുന്നത്. ശ്രീ മഹാദേവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. തന്നെ ആശ്രയിക്കുന്ന ഭക്തജനങ്ങൾക്ക് സന്താനസൗഭാഗ്യം, ഐശ്വര്യം, ആരോഗ്യം, ദീർഘായുസ്സ്, മോക്ഷം എന്നിവ നൽകി ഭഗവാൻ അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം.
ക്ഷേത്രത്തിൻ്റെ ഉൽപ്പത്തിയെക്കുറിച്ചുള്ള വ്യക്തമായ രേഖകൾ ലഭ്യമല്ലെങ്കിലും, വായ്‌മൊഴിയായും ഐതിഹ്യമായും പകർന്നു കിട്ടിയ അറിവുകളിൽ നിന്ന് ഈ ക്ഷേത്രത്തിന് ഒരു സുവർണ്ണ കാലഘട്ടം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. ഇടക്കാലത്ത് സാമ്പത്തികമായ ബുദ്ധിമുട്ടുകൾ കൊണ്ടോ നടത്തിപ്പിന് ആളില്ലാതെയോ ക്ഷേത്രം ജീർണ്ണാവസ്ഥയിലേക്ക് നീങ്ങിയിരുന്നു. എന്നാൽ പിന്നീട് കേരള ക്ഷേത്ര സംരക്ഷണ സമിതി ക്ഷേത്രം ഏറ്റെടുക്കുകയും നവീകരണ പ്രവർത്തനങ്ങൾ നടത്തി പൂർവാധികം ഭംഗിയോടെ നിലനിർത്തുകയും ചെയ്തുവരുന്നു.
മകരമാസത്തിൽ നാല് ദിവസങ്ങളിലായി നടക്കുന്ന പ്രതിഷ്ഠാവാർഷികമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. കൂടാതെ കുംഭമാസത്തിലെ ശിവരാത്രിയും ധനുമാസത്തിലെ തിരുവാതിരയും അതിവിശേഷമായി ആചരിക്കുന്നു. ഉത്സവത്തോടനുബന്ധിച്ച് വിശേഷാൽ പൂജകൾ, യാമപൂജ, ഘൃതധാര, അന്നദാനം, പൊങ്കാല, കളമെഴുത്തും പാട്ടും, വിവിധ കലാ സാംസ്‌കാരിക പരിപാടികൾ എന്നിവ നടക്കാറുണ്ട്. തിരുനടയിൽ ക്ഷേത്രാചാരങ്ങൾ പാലിച്ചുനടത്തുന്ന ഭക്തിസാന്ദ്രമായ ചടങ്ങുകൾ ദർശിക്കാനും ഭഗവാൻ്റെ അനുഗ്രഹം നേടാനും നിരവധി ഭക്തരാണ് ഇവിടെ എത്തിച്ചേരുന്നത്.
advertisement
ധാര, മൃത്യുഞ്ജയഹോമം, രുദ്രധാര, കരിക്ക്, എണ്ണ അഭിഷേകം, മുഴുക്കാപ്പ്, നീരാഞ്ജനം, പാല്‍പ്പായസം, ശംഖാഭിഷേകം എന്നിവയാണ് ഭഗവാന് സമർപ്പിക്കാവുന്ന പ്രധാന വഴിപാടുകൾ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Dec 10, 2025 2:38 PM IST










