വിവാദത്തിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ വീണ്ടും RSS സേവാഭാരതി കേന്ദ്രത്തിൽ; ശബരിമല വിവാദം മറക്കരുതെന്ന് സിപിഎമ്മിനോട്
- Published by:Asha Sulfiker
- news18-malayalam
Last Updated:
തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ പ്രതിഷേധ പരിപാടികൾ ഒരുക്കിയിരിക്കുകയാണ് സിപിഎം. കോട്ടയം നിയോജക മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും നാളെ പ്രതിഷേധം നടത്തും.
കോട്ടയം: വിവാദങ്ങളും പ്രതിഷേധങ്ങളും ചൂട് പിടിക്കുന്നതിനിടെ വീണ്ടും ആർഎസ്എസ് സേവാഭാരതി കേന്ദ്രത്തിലെത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പനച്ചിക്കാട് ആർഎസ്എസ് കാര്യാലയത്തിൽ തെരഞ്ഞെടുപ്പിനായി തിരുവഞ്ചൂർ രഹസ്യ ചർച്ച നടത്തി എന്നായിരുന്നു സിപിഎം ആരോപണം. ഇതിനായി ചിത്രങ്ങളും സിപിഎം പ്രതിനിധികൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. വിവാദം കോട്ടയം ജില്ലയിൽ ആളികത്തിക്കാൻ ആണ് സിപിഎം ശ്രമം.

ഇതിനിടെയാണ് വിജയദശമി ദിവസം വീണ്ടും തിരുവഞ്ചൂർ രാധാകൃഷ്ണൻ പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിലെ വിദ്യാ മണ്ഡപം അടക്കം സന്ദർശിച്ച ശേഷമാണ് സേവാഭാരതിയുടെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ വീണ്ടും എത്തിയത്. തുടർന്ന് ഭക്ഷണ വിതരണത്തിലെ ക്രമീകരണങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ കെട്ടിടത്തിനുള്ളിലെ കലവറയിലും എംഎൽഎ എത്തി.
advertisement
തുടർന്ന് മാധ്യമങ്ങളെ കണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. അമ്പലത്തിൽ പോകാത്തതിനാൽ ആണ് സിപിഎം നേതാക്കൾ ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നത് എന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. ശബരിമല വിവാദവും തുടർ സംഭവങ്ങളും സിപിഎം മറക്കരുത്. പനച്ചിക്കാട് ക്ഷേത്രത്തെ ആണ് സിപിഎം വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത്. ക്ഷേത്രത്തെ വിവാദങ്ങളിൽ നിന്നും ഒഴിവാക്കാൻ സിപിഎം തയ്യാറാകണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

മതമൈത്രിക്ക് പേരുകേട്ട സ്ഥലമാണ് പനച്ചിക്കാട്. വിവിധ മതങ്ങളിലെ ദേവാലയങ്ങൾ തമ്മിൽ വലിയ മൈത്രി ആണ് ഇവിടെയുള്ളത്. അതുപോലും പരിഗണിക്കാതെയാണ് സിപിഎം വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.കോൺഗ്രസ് പനച്ചിക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബാബു കുട്ടി ഈപ്പൻ,പഞ്ചായത്ത് അംഗം എബിസൺ കെ എബ്രഹാം എന്നിവർക്കൊപ്പമാണ് തിരുവഞ്ചൂർ ക്ഷേത്രത്തിലെത്തിയത്. വിവാദം ഉണ്ടായ ദിവസവും ഇരുവരും ഒപ്പമുണ്ടായിരുന്നു.
advertisement

*തിരുവഞ്ചൂർ പറഞ്ഞത് ശരി- ക്ഷേത്രം ഭാരവാഹികൾ*
ആർഎസ്എസ് കാര്യാലയം സന്ദർശിച്ച് എന്ന് വിവാദത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞ വാദങ്ങൾ സത്യമാണെന്ന് പനച്ചിക്കാട് സരസ്വതി ക്ഷേത്ര ഭാരവാഹികളും പറയുന്നു. ക്ഷേത്രം ഭാരവാഹി ഗോപിനാഥ വാര്യർ പറയുന്നതിങ്ങനെ.. ക്ഷേത്രത്തിൽ ഇത്തവണ അന്നദാന വഴിപാട് ഉണ്ടായിരുന്നില്ല. കോവിഡ് മാനദണ്ഡം പാലിക്കുന്നത് ഉറപ്പുവരുത്താനാണ് ഇത് ഒഴിവാക്കിയത്. ക്ഷേത്രം പഴയപോലെ അന്നദാനം നടത്തിയാൽ വലിയ ആൾക്കൂട്ടം ഉണ്ടാകുമായിരുന്നു. ഇതിനെ തുടർന്ന് ആർഎസ്എസ് ഇത് ഏറ്റെടുക്കുകയായിരുന്നു. ആർഎസ്എസിന്റെ സന്നദ്ധ സംഘടനയായ സേവാഭാരതി ഈമാസം 15നാണ് ക്ഷേത്രത്തിനു മുൻപിലെ കെട്ടിടം വാടകയ്ക്ക് എടുത്തത്. നവരാത്രി വ്രതം ആരംഭിച്ച പതിനേഴാം തീയതി മുതൽ എല്ലാദിവസവും അന്നദാനം നടത്തിവരുന്നു.
advertisement
കോവിഡ് മുൻകരുതലായി ഉത്സവം ക്രമീകരിക്കുന്നതിന്റെ ഭാഗമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ക്ഷേത്രം സന്ദർശിച്ചിരുന്നു. അങ്ങനെയാണ് ക്രമീകരണങ്ങൾ എല്ലാം വിലയിരുത്താൻ ഭാരവാഹികൾ ക്ഷണിച്ചത്. സേവാഭാരതി നടത്തുന്ന അന്നദാനം മണ്ഡപത്തിലേക്ക് ക്ഷണിച്ചത് താനാണെന്നും ഗോപിനാഥ വാര്യർ പറയുന്നു. ക്ഷേത്രം അസിസ്റ്റന്റ് മാനേജർ ശ്രീകുമാറും ഇത് സ്ഥിരീകരിക്കുന്നുണ്ട്.
ഏതായാലും തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ പ്രതിഷേധ പരിപാടികൾ ഒരുക്കിയിരിക്കുകയാണ് സിപിഎം. കോട്ടയം നിയോജക മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും നാളെ പ്രതിഷേധം നടത്തും. ഒരു സ്ഥലത്ത് അഞ്ചുപേർ എന്ന നിലയിലാണ് പ്രതിഷേധം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 26, 2020 11:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിവാദത്തിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ വീണ്ടും RSS സേവാഭാരതി കേന്ദ്രത്തിൽ; ശബരിമല വിവാദം മറക്കരുതെന്ന് സിപിഎമ്മിനോട്







