'കെഎസ്ആർടിസി നാളെ നിരത്തിലിറങ്ങില്ല, ഇറക്കിയാൽ അപ്പോൾ കാണാം', മന്ത്രി ഗണേഷിനെ തള്ളി എൽഡിഎഫ് കൺവീനർ
- Published by:Rajesh V
- news18-malayalam
Last Updated:
കെ എസ് ആർ ടി സി, ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും ജീവനക്കാർ നിലവിൽ സന്തുഷ്ടരാണെന്നും മന്ത്രി ഗണേഷ് കുമാർ അഭിപ്രായപ്പെട്ടിരുന്നു
തിരുവനന്തപുരം: കെഎസ്ആർടിസി യൂണിയനുകൾ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തിൽ ബസുകൾ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി എൽഡിഎഫ് കൺവീനർ കൂടിയായ സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ. കെഎസ്ആർടിസിയും നാളെ നിരത്തിലിറങ്ങില്ലെന്നും ദേശീയ പണിമുടക്കിൽ കെഎസ്ആർടിസി യൂണിയനുകളും പങ്കെടുക്കുമെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. ആരെങ്കിലും നാളെ കെ എസ് ആർ ടി സി ബസ് നിരത്തിൽ ഇറക്കിയാൽ അപ്പോൾ കാണാമെന്നും ടി പി വെല്ലുവിളിച്ചു.
കെ എസ് ആർ ടി സി ജീവനക്കാർ നാളെ പണിമുടക്കുമെന്നും തൊഴിലാളികൾ നേരത്തെ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗതാഗത മന്ത്രിയുടെ പ്രസ്താവന പണിമുടക്കിനെ ബാധിക്കുന്നതാണെന്നും മന്ത്രിയുടെ ഓഫീസിനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകുമെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. കേന്ദ്ര തൊഴിൽ നയങ്ങൾക്ക് എതിരെയാണ് സമരമെന്നും അത് കെ എസ് ആർ ടി സി ജീവനക്കാരെയും ബാധിക്കുന്നതാണെന്നും അദ്ദേഹം വിവരിച്ചു. സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറക്കാതെ സഹകരിക്കണമെന്നും കടകൾ തുറക്കരുതെന്നും ടി പി രാമകൃഷ്ണൻ അഭ്യർത്ഥിച്ചു.
advertisement
ഇതും വായിക്കുക: അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി
അതേസമയം, നോട്ടീസ് നൽകിയിട്ടില്ലെന്ന മന്ത്രിയുടെ വാദം യൂണിയനുകൾ തള്ളുന്നു. സി ഐ ടി യു അടക്കമുള്ള യൂണിയനുകൾ നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകൾ നേതാക്കൾ പുറത്തുവിട്ടു.
ദേശീയ പണിമുടക്കിന് കെഎസ്ആർടിസി യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്നാണ് നേരത്തെ ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞത്. അതുകൊണ്ടുതന്നെ നാളെ കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കെ എസ് ആർ ടി സി, ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും ജീവനക്കാർ നിലവിൽ സന്തുഷ്ടരാണെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ജീവനക്കാരുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുന്നുവെന്നും മന്ത്രി രാവിലെ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
July 08, 2025 1:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കെഎസ്ആർടിസി നാളെ നിരത്തിലിറങ്ങില്ല, ഇറക്കിയാൽ അപ്പോൾ കാണാം', മന്ത്രി ഗണേഷിനെ തള്ളി എൽഡിഎഫ് കൺവീനർ