കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകൾ കൈവശം വെച്ചുവെന്ന പേരിൽ സിപിഎം പ്രവർത്തകരെ യു എ പി എ ചുമത്തി പൊലീസ് അറസ്റ്റ് സംഭവത്തിൽ യുവാക്കളുടെ കുടുംബങ്ങൾക്ക് പിന്തുണയുമായി സിപിഎം പന്നിയങ്കര ലോക്കൽ കമ്മിറ്റി. യുഎപിഎ പിൻവലിക്കണമെന്ന് ലോക്കൽ കമ്മിറ്റി പ്രമേയം പാസാക്കി. കുടുംബങ്ങൾക്ക് പൂർണ പിന്തുണ നൽകുവാനും ലോക്കൽ കമ്മറ്റിയിൽ തിരുമാനം.
ഇന്നലെ വിഷയം ചർച്ച ചെയ്യുവാൻ ചേർന്ന അടിയന്തര ലോക്കൽ കമ്മിറ്റിയുടെതാണ് തീരുമാനം. സംഭവത്തിൽ സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റിയും പൊലീസിനെതിരെ പ്രമേയം പാസാക്കിയിരുന്നു. പൊലീസിന്റെ നടപടി ജനാധിപത്യാവകാശങ്ങളെ കവർന്നെടുക്കുന്നതാണെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തിയിരുന്നു.
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ രണ്ട് വിദ്യാർഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് വൻ രാഷ്‌ട്രീയ വിവാദമായിരിക്കുകയാണ്. കണ്ണൂർ സർവകലാശാലയിലെ സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ നിയമ വിദ്യാർഥിയും സിപിഎം തിരുവണ്ണൂർ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ അലൻ ഷുഹൈബ് (20),കോഴിക്കോട്ട് ജേണലിസം വിദ്യാർഥിയും സിപിഎം പാറമ്മൽ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ താഹ ഫസൽ (24) എന്നിവരാണ് വെള്ളിയാഴ്ച രാത്രി പന്തീരാങ്കാവിൽ അറസ്റ്റിലായത്. സിനിമാ നടി സജിത മഠത്തിലിന്റെ സഹോദരി സബിത മഠത്തിലിന്റെ മകനാണ് അലൻ ഷുഹൈബ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.