വാവിട്ട വാക്കിൽ നിലമ്പൂർ വാരിക്കുഴിയിൽ അൻവർ വീഴുമോ?
- Published by:ASHLI
- news18-malayalam
- Written by:Anumod
Last Updated:
എംഎൽഎ സ്ഥാനം രാജിവച്ച് പിണറായി വിജയനെതിരെ നേരിട്ടുള്ള പോരാട്ടത്തിന് ഇറങ്ങിയ അൻവർ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും യുഡിഎഫുമായുള്ള സൗഹൃദവും അവരുടെ സഹകരണവുമാണ്
വളരെ പണ്ട് കേരളത്തിൽ കാട്ടാനകളെ മെരുക്കി നാട്ടാനകളാക്കാൻ വാരിക്കുഴിയിൽ വീഴ്ത്തിയിരുന്ന ഇടങ്ങളിൽ ഒന്ന് നിലമ്പൂരിൽ ഉണ്ടായിരുന്നു. നിലമ്പൂരിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ നിബിഡ വനവും പച്ചപ്പും നിറഞ്ഞ ഈ മേഖലയായ നെടുങ്കയം ആയിരുന്നു ഇത്. വലിയ കുഴി കുഴിച്ച് മുകളിൽ ദുർബലമായ കമ്പുകൾ നിരത്തി ഉണ്ടാക്കുന്ന അത്തരം വാരിക്കുഴികൾ ഇന്ന് കാട്ടിൽ ഇല്ലാതായി. എങ്കിലും രാഷ്ട്രീയത്തിലെ വാരിക്കുഴികളിൽ വമ്പൻമാർക്ക് അടി പതറുന്നത് സാധാരണയാണ്.
'പിണറായിസ'ത്തിനെതിരെ പോരാടാൻ എൽഡിഎഫിൽ നിന്നും കൊമ്പു കുലുക്കിയിറങ്ങിയ പി വി അൻവർ ഒടുവിൽ യുഡിഎഫ് ചെയർമാൻ വി ഡി സതീശനെ തോൽപ്പിക്കാൻ ആര്യാടൻ ഷൗക്കത്തിനെതിരെ നിലമ്പൂരിൽ കളത്തിൽ ഇറങ്ങി എന്നതാണ് ട്വിസ്റ്റ്. എം എൽ എ സ്ഥാനം രാജി വെച്ച് യു ഡി എഫിന്റെ ഭാഗമാകാൻ ഇറങ്ങിയ അൻവറിന് പിണറായിയെപ്പോലെ വി ഡി സതീശനും മുഖ്യശത്രുവായത് ദിവസങ്ങൾക്കിടെ.
എംഎൽഎ സ്ഥാനം രാജിവച്ച് പിണറായി വിജയനെതിരെ നേരിട്ടുള്ള പോരാട്ടത്തിന് ഇറങ്ങിയ അൻവർ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും യുഡിഎഫുമായുള്ള സൗഹൃദവും അവരുടെ സഹകരണവുമാണ്. മുസ്ലിം ലീഗ് വഴി അതിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിൽ വിജയിക്കുകയും ചെയ്തു. എൽഡിഎഫിൽ ആയിരുന്നപ്പോൾ കണ്ടൈനർ പണം എന്ന ആരോപണം ഒക്കെ ഉന്നയിച്ചിരുന്നു എങ്കിലും വി ഡി സതീശനെ കൈകോർത്ത് കെട്ടിപ്പിടിച്ചതോടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് ഇനിയെല്ലാം ശുഭം എന്ന് അൻവർ കരുതി.
advertisement
എന്നാൽ താൻ നിർദേശിച്ച വിഎസ് ജോയിക്കു പകരം താൻ എന്നും എതിർത്തു പോന്ന ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ അൻവർ പ്രതിഷേധം പരസ്യമാക്കി.തുടർന്നുള്ള സീറ്റ് ചർച്ചകൾ എവിടെയും എത്താതെ പോയതോടെ അസോസിയേറ്റഡ് അംഗമാക്കാം എന്ന വാഗ്ദാനവും അൻവർ തള്ളി. സ്ഥാനാർത്ഥി പ്രഖ്യാപനദിവസം ഷൗക്കത്തിനെതിരെ അൻവർ നടത്തിയ പരസ്യപ്രസ്താവന വി ഡി സതീശൻ ആയുധമാക്കുകയും ചെയ്തു.
ഒപ്പം കൂട്ടാൻ ആദ്യം അൻവർ സ്ഥാനാർത്ഥിക്കുള്ള പിന്തുണ വ്യക്തമാക്കട്ടെ എന്ന് വി ഡി സതീശനും, ആദ്യം തന്നെ ഒപ്പം കൂട്ടട്ടെ എന്ന നിലപാടിൽ അൻവറും ഉറച്ചുനിന്നതോടെ ഈസി വാക്ക് ഓവർ എന്ന് കരുതിയ തെരഞ്ഞെടുപ്പ് യുഡിഎഫിന് കടുപ്പമായി തുടങ്ങി. യുഡിഎഫിലെ മറ്റെല്ലാവരെയും പുകഴ്ത്തി വി ഡി സതീശനെതിരെ മാത്രം വിമർശനങ്ങൾ തുടർന്ന ഒപ്പം അൻവർ സമവായ സാധ്യതകളും തുടർന്നു. സതീശന്റെ വിശ്വസ്തൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പാതിരാകൂടിക്കാഴ്ചയ്ക്കും രാപകൽ ഭേദമില്ലാതെ മുസ്ലിംലീഗ് നടത്തിയ ഇടപെടലിനും പരിഹരിക്കാൻ കഴിയാത്ത വിധം അൻവറും സതീശനും ഇരുധ്രുവങ്ങളിലായി.
advertisement
ആദ്യം മത്സരിക്കില്ലെന്നും, പിന്നീട് മത്സരിക്കാൻ സമ്മർദം ഉണ്ടെങ്കിലും പണമില്ലെന്നും പറഞ്ഞിരുന്ന അൻവർ നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ നിലപാട് പ്രഖ്യാപിച്ചു നിലമ്പൂരിൽ മൂന്നാമങ്കത്തിനിറങ്ങി.ആര്യാടൻ ഷൗക്കത്ത് ജയിച്ചത് കൊണ്ട് പിണറായിയെ തോൽപ്പിക്കാനാകില്ലെന്നും വി ഡി സതീശനും പിണറായി വിജയനും നക്സസ് ആണെന്നും പറഞ്ഞ അൻവർ ഇരുകൂട്ടർക്കും എതിരെ താൻ ഒറ്റയ്ക്ക് നേടുന്ന വോട്ടാണ് പിണറായിക്കുള്ള മറുപടിയെ അവകാശപ്പെടുന്നു
ഇതിനിടെ തൃണമൂൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വം അൻവറിനെ സ്ഥാനാർത്ഥിയായും പ്രഖ്യാപിച്ചു. തൃണമൂൽ കോൺഗ്രസിൻറെ പുല്ലും പൂവും ചിഹ്നത്തിലാണ് അൻവർ മത്സരിക്കുക .ജയിച്ച രണ്ടുതവണയും എൽഡിഎഫിലെ വോട്ടുകൾക്ക് പുറമേ യുഡിഎഫിലെ അതൃപ്‌തരുടെ വോട്ടുകൾ കൂടി സമാഹരിച്ചാണ് അൻവർ വിജയിച്ചത്. എന്നാൽ ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് നിൽക്കുന്ന അൻവറിന് ഇത്തവണ ഈ വോട്ടുകൾ നേടാൻ കഴിയുമോ എന്നതാണ് കണ്ടറിയേണ്ടത്.
advertisement
അൻവർ നേടുന്ന വോട്ടുകൾ എൽഡിഎഫിന് ദോഷം ചെയ്യുമെന്ന് യുഡിഎഫും തിരിച്ചാകുമെന്ന് എൽഡിഎഫും താൻ തന്നെ ഹാട്രിക്ക് നേടുമെന്ന് അൻവറും പ്രതീക്ഷിക്കുമ്പോൾ നിലമ്പൂർ തെരഞ്ഞെടുപ്പിൻ്റെ സസ്പെൻസും ട്വിസ്റ്റുകളും തുടരുകയാണ്. പോരിനായി കൊമ്പന്മാർ നിരന്നു കഴിഞ്ഞു. വമ്പൻ കുഴികളിൽ വീഴുന്നത് ഏതു കൊമ്പൻ ആകും എന്നതും വീഴ്ചയുടെ ആഘാതം എന്തായിരിക്കും എന്നതാണ് കാത്തിരുന്നു കാണേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Nilambur,Malappuram,Kerala
First Published :
June 02, 2025 4:08 PM IST