സപ്ലൈകോ കൊടുവള്ളി ഗോഡൗണിലെ 784 ക്വിന്റല്‍ ധാന്യങ്ങൾ പോയ വഴിയേത്?
- Published by:Rajesh V
- news18-malayalam
Last Updated:
ജീവനക്കാരെ തൽക്കാലം മാറ്റി നിർത്തി തലയൂരാൻ ശ്രമമെന്ന് ആക്ഷേപം
കോഴിക്കോട്: സപ്ലൈകോയുടെ കൊടുവള്ളി ഗോഡൗണില്‍ നിന്ന് ഭക്ഷ്യധാന്യങ്ങൾ കാണാതായ സംഭവത്തിൽ നടപടി വൈകുന്നു. 784 ക്വിന്റല്‍ ധാന്യങ്ങൾ കാണാതായിട്ടും അഞ്ച് ഗോഡൗൺ ജീവനക്കാരെ താത്കാലികമായി മാറ്റി നിർത്തുക മാത്രമാണ് ചെയ്തത്.
കാണാതായ ധാന്യങ്ങൾ എവിടെയെന്നത് സംബന്ധിച്ച് ഒരു വ്യക്തതയും ഇല്ല. 563 ക്വിന്റൽ പുഴുങ്ങലരി, 139 ക്വിന്റൽ പച്ചരി, 10 ക്വിന്റൽ മട്ട അരി, 72 ക്വിന്റൽ ഗോതമ്പ് എന്നിങ്ങനെ വലിയ അളവിൽ ധാന്യങ്ങൾ ഉദ്യോഗസ്ഥരുടെ അറിവില്ലാതെ കാണാതാവാൻ ഒരു സാധ്യതയുമില്ല. താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ പി പ്രമോദിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ ഗുരുതരമായ ക്രമക്കേടാണ് കണ്ടെത്തിയത്.
ക്രമക്കേട് തെളിഞ്ഞിട്ടും നാല് ഗോഡൗൺ ജീവനക്കാരെയും ദിവസവേതന തൊഴിലാളിയെയും താൽക്കാലികമായി മാറ്റി നിർത്തുക മാത്രമാണ് സപ്ലൈകോ ചെയ്തത്. ഗോഡൗൺ ഇൻചാർജ് ആയ ഓഫീസർ ഡിസംബറിൽ ചുമതല ഏറ്റെടുക്കുമ്പോൾ സ്റ്റോക്ക് കൃത്യമാണെന്ന് രേഖപ്പെടുത്തിയിരുന്നു.എന്നാൽ മൂന്നുമാസം കൊണ്ട് ഇത്രയധികം ഭക്ഷ്യധാന്യങ്ങൾ എവിടെ പോയി എന്നതിന് സപ്ലൈകോയ്ക്ക് മറുപടി ഇല്ല.
advertisement
ഭക്ഷ്യ ധാന്യങ്ങൾ എവിടെ എന്ന് കണ്ടെത്താൻ വിശദമായ ഓഡിറ്റ് വേണമെന്നാണ് സപ്ലൈകോയുടെ നിലപാട്.ജീവനക്കാരെ തൽക്കാലം മാറ്റി നിർത്തി തലയൂരാനാണ് ശ്രമമെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. സപ്ലൈകോ ഉദ്യോഗസ്ഥർ തന്നെ പ്രതിയാകാൻ സാധ്യതയുള്ള സംഭവത്തിൽ അന്വേഷണം ഇഴയുന്നത് സംശയങ്ങൾ വർധിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 29, 2020 10:48 AM IST