കണ്ണൂർ: ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് പോയ കർഷക സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യൻ കടന്നുകളഞ്ഞത് ആസൂത്രിതമായാണെന്ന് സഹയാത്രികർ പറയുന്നു. വേതനവും ഇസ്രയേലിലെ തൊഴിൽ വേതനം അന്വേഷിച്ച് തിരിച്ചറിഞ്ഞാണ് കർഷക സംഘത്തില്‍ നിന്ന് കടന്നുകളഞ്ഞത്. കേരളത്തിൽ കൃഷി ചെയ്താൽ കിട്ടുന്നതിന്റെ പത്തിരട്ടിയിൽ കൂടുതൽ പണം ഇസ്രയേലിൽ കൂലിപ്പണിയെടുത്താൽ ലഭിക്കുമെന്ന് ബിജു മനസ്സിലാക്കിയിരുന്നു.
ഇസ്രയേലിൽ തങ്ങുക എന്ന ലക്ഷ്യത്തോടെ വളരെ മുന്നൊരുക്കത്തോടെയും ആസൂത്രണത്തോടെയുമാണ് ബിജു സംഘത്തിനൊപ്പം ചേർന്നതെന്ന നിഗമനത്തിലും അധികൃതർ എത്തിയിട്ടുണ്ട്. ഈ മാസം 12 നാണ് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോകിന്റെ നേതൃത്വത്തിൽ 27 കർഷകർ ഇസ്രയേലിലേക്ക് പോയത്. ഈ മാസം 20ന് വെളുപ്പിന് അവരിൽ ബിജു കുര്യൻ ഒഴികെയുള്ളവർ മടങ്ങിവരികയും ചെയ്തു. 17നാണ് ബിജുവിനെ സംഘത്തിൽ നിന്ന് കാണാതാവുന്നത്.
Also Read-‘ബാം വാങ്ങിക്കണമെന്നും ബീച്ചില്‍ പോകണമെന്നും പറഞ്ഞു’; ഇസ്രയേലിൽ കർഷകൻ അപ്രത്യക്ഷനായതിങ്ങനെ
ഇസ്രയേൽ യാത്രയിൽ കൃഷിയെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചതിനെക്കാള്‍ കൂടുതൽ ബിജു മനസ്സിലാക്കിയത് അവിടെ ലഭിക്കുന്ന പണത്തെക്കുറിച്ചാണെന്ന് സഹയാത്രികരുടെ പ്രതികരണത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഇസ്രയേലിൽ ശുചീകരണ ജോലി ചെയ്താൽ തന്നെ ദിവസം 15,000 രൂപ ലഭിക്കുമെന്നും കൃഷിപ്പണിക്ക് ഇരട്ടിയാണ് കൂലിയെന്നും ബിജു ഒപ്പമുള്ളവരോട് പറഞ്ഞിരുന്നു.
ഇസ്രയേലിലെ മിനിമം വേതനം എന്നത് 5,400 ഇസ്രയേലി ഷെക്കൽ ആണ്. ഇത് ഏകദേശം ഒന്നേകാൽ ലക്ഷം ഇന്ത്യൻ രൂപക്ക് തുല്യമാണ്. ഒരു മണിക്കൂറിന് 29 ഷെക്കൽ എന്നാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനം. അതായത് ഇസ്രയേലിൽ ഒരു മണിക്കൂർ ജോലി ചെയ്താൽ 670 ഇന്ത്യൻ രൂപ മിനിം വേതനമായി ലഭിക്കും.
സന്ദര്‍ശനത്തിനിടയിലും യാത്രയിലും ബിജു ഇസ്രായേലിലെ മലയാളി സുഹൃത്തുക്കളുമായി നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നെന്നാണ് കൂടെയുണ്ടായിരുന്ന കര്‍ഷകര്‍ പറയുന്നത്. കർഷക സംഘത്തെ അയയ്ക്കാനുള്ള തീരുമാനം വന്നയുടൻ ബിജു നീക്കങ്ങൾ തുടങ്ങി. പായം കൃഷി ഓഫിസിലാണ് ബിജു കുര്യൻ അപേക്ഷ നൽകിയത്. ഇസ്രായേലിലേക്കും തിരിച്ചും വിമാനടിക്കറ്റിന് 55,000 രൂപ സ്വയം മുടക്കിയാണ് ബിജു സംഘത്തോടൊപ്പം കൂടിയത്.
10 വർഷത്തിലേറെ കൃഷിപരിചയവും ഒരു ഏക്കറിനു മുകളിൽ കൃഷിഭൂമിയും ഉള്ള, 50 വയസ്സ് പൂർത്തിയാകാത്ത കർഷകരിൽ നിന്നുള്ള അപേക്ഷ സ്വീകരിച്ചാണ് കൃഷി വകുപ്പ് ഇസ്രയേൽ സന്ദർശന സംഘത്തെ തെരഞ്ഞെടുത്തത്. ബിജുവും സംഘത്തിൽ ഉൾപ്പെട്ടത് അങ്ങനെ തന്നെയാണ്.
Also Read-ഇസ്രയേലിൽ കൃഷി പഠിക്കാന്‍ പോയ സംഘം തിരികെയെത്തി; കാണാതായ ബിജുവിനായി തെരച്ചിൽ തുടരുന്നു
ബിജുവിനെ സംഘത്തില്‍ നിന്ന് കാണാതാവുന്നതിന് മുൻപ് താൻ സുരക്ഷിതനാണെന്നും അന്വേഷനിക്കേണ്ടെന്നും ഭാര്യയ്ക്ക് 16ന് വാട്സ്ആപ്പിൽ സന്ദേശം അയച്ചിരുന്നു. ഇതിന് ശേഷം ബിജുവിനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ബിജുവിനായി ഇസ്രയേൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മേയ് എട്ടുവരെയാണ് വിസ കലാവധി. ഇതിനകം ബിജു തിരികെ മടങ്ങിയില്ലെങ്കിൽ കർശന നടപടിയുണ്ടാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.