• HOME
  • »
  • NEWS
  • »
  • kerala
  • »
  • First on News 18 | 'എല്ലാവരുടെയും ജനപ്രതിനിധിയായി മാറും'; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകുന്ന ആര്യ രാജേന്ദ്രൻ

First on News 18 | 'എല്ലാവരുടെയും ജനപ്രതിനിധിയായി മാറും'; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകുന്ന ആര്യ രാജേന്ദ്രൻ

കോർപറേഷൻ മേയറായി ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്ത സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം പുറത്തു വന്നതിനു പിന്നാലെ News18 പ്രതിനിധി ടി.ജി സജിത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആര്യ.

ആര്യാ രാജേന്ദ്രൻ

ആര്യാ രാജേന്ദ്രൻ

  • Share this:
    തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടി പ്രതിനിധി എന്നതിലുപരി എല്ലാവരുടെയും ജനപ്രതിനിധിയായി മാറുമെന്ന് തിരുവനന്തപുരം കോർപറേഷനിലെ നിയുക്ത മേയർ ആര്യ രാജേന്ദ്രൻ. കോർപറേഷൻ മേയറായി ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്ത സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം പുറത്തു വന്നതിനു പിന്നാലെ News18 പ്രതിനിധി ടി.ജി സജിത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആര്യ.

    "വിദ്യാർത്ഥിനിയെന്ന നിലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിച്ചു. മുൻ കാലങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാർത്ഥി എന്ന പരിഗണനയും വിജയത്തിനു കാരണമായി. വാർഡ് കൗൺസിലർ എന്ന ഉത്തരവാദിത്തമാണ് പാർട്ടി ഇപ്പോൾ ഏൽപ്പിച്ചിരിക്കുന്നത്. പ്രായം കുറഞ്ഞ കൗൺസിലർ എന്ന നിലയിൽ മറ്റു കൗൺസിലർമാർക്ക് ഒരു വാത്സല്യമുണ്ടാകും. തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ ഒരു കൗൺസിലർ എല്ലാവരുടെയും കൗൺസിലറായി മാറുകയാണ്. എല്ലാവരും രാഷ്ട്രീയ പ്രതിനിധികളാണ്. എന്നാൽ ജനപ്രതിനിധികളെന്ന നിലയിലാണ് ജനങ്ങൾ നോക്കിക്കാണുന്നത്." ആര്യ പറഞ്ഞു.

    Also Read തിരുവനന്തപുരം കോർപറേഷൻ മേയർ; ആര്യ രാജേന്ദ്രൻ സ്വന്തമാക്കുന്നത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന പദവി

    'മുതിർന്നവരിൽ നിന്നും വ്യത്യസ്തമായി യുവജനങ്ങൾക്ക് പല കാര്യങ്ങളിലും വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ടാകും. എന്നാൽ മുതിർന്നവരുടെ അനുഭവമാണ് യുവജനങ്ങൾക്ക് കരുത്താകുന്നത്. സാങ്കേതിക രീതികൾ ഉപയോഗപ്പെടുത്താൻ അറിയുന്നവരാണ് യുവജനങ്ങൾ എന്ന പ്രത്യേകതയുമുണ്ട്. ഈ തെരഞ്ഞെടുപ്പിൽ നവമാധ്യങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നതും ശ്രദ്ധേയമാണ്. തന്നെ കൂടാതെ നിരവധി യുവാക്കൾ വിജയിച്ച് എത്തിയതിനാൽ യുവജനങ്ങളുടെ ഒരു കൂട്ടായ്മയും കോർപറേഷനിലുണ്ടാകുമെന്ന് ആര്യ പറഞ്ഞു.

    അച്ഛൻ പാർട്ടി അംഗമായതു മാത്രമല്ല ഇടതുപക്ഷത്തിലേക്ക് തന്നെ അടിപ്പിച്ചതെന്നും ആര്യ പറഞ്ഞു. "ഇടതുപക്ഷമാണ് ശരി എന്ന തോന്നലാണ് പാർട്ടിയോട് അടുപ്പിച്ചത്. കൗൺസിലർ സ്ഥാനത്തിനൊപ്പവും പഠനം മുന്നോട്ട് കൊണ്ടുപോകും. പ്രചാരണ സമയത്ത് വിദ്യാർത്ഥിനി എന്ന രീതിയിൽ ഒരു പരിഗണന ലഭിച്ചിരുന്നു. ജയിച്ചു കഴിഞ്ഞാലും പഠനം തുടരണമെന്നാണ് ജനങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ആവശ്യപ്പെട്ടത്. സംഘടനാ ചുമതലകൾ ഉള്ളപ്പോഴും പഠനം മുന്നോട്ടുകൊണ്ടു പോകാനായി." ആര്യ പറഞ്ഞു.

    യുവജനങ്ങളെയും സംഘടനാ രംഗത്ത് നിൽക്കുന്നവരെയും തെരഞ്ഞെടുപ്പ് രംഗത്തേക്ക് കൊണ്ടുവരാൻ പാർട്ടി എടുത്ത നിലപാട് പ്രശംസനായമാണ്. പ്രയം പക്വതയെ നിയന്ത്രിക്കുന്ന ഘടകമല്ലെന്നും ആര്യ കൂട്ടിച്ചേർത്തു.

    ഇരുപത്തിയൊന്നു വയസിൽ തിരുവനന്തപുരം കോർപറേഷൻ മേയറാകുന്നതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന  അപൂർവത കൂടിയാണ് ആര്യ സ്വന്തമാക്കുന്നത്. മുടവൻമുകൾ വാർഡിൽ നിന്നും വിജയിച്ച ആര്യ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു. ആൾ സെയിന്റ്സ് കോളേജിലെ ബി എസ് സി മാത്‌സ് വിദ്യാർത്ഥിയായ ആര്യ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം, സി പി എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലജനസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ് ആര്യ.
    Published by:Aneesh Anirudhan
    First published: