സ്വവർഗ പങ്കാളികൾക്കും കുട്ടികളെ ദത്തെടുക്കാമെന്നും ഇന്ത്യയിലെ നിയമം അതിനനുവദിക്കുന്നുണ്ടെന്നും സുപ്രീംകോടതി. സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ജൈവികമായി മക്കൾ ജനിക്കുന്ന, പരമ്പരാഗത രീതിയിലുള്ള കുടുംബ വ്യവസ്ഥയിൽ പെടാത്ത ദമ്പതികളെയും രാജ്യത്തെ നിയമ വ്യവസ്ഥ അംഗീകരിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ലിംഗം എന്ന ആശയത്തിൽ വ്യത്യാസങ്ങൾ വരാമെങ്കിലും അമ്മ, മാതൃത്വം എന്നിവയുടെ കാര്യം അങ്ങനെയല്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ കോടതിയിൽ വാദിച്ചു. ഇവിടെ കുട്ടികളുടെ ക്ഷേമമാണ് പരമപ്രധാനമെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനോട് പറഞ്ഞു.
കുട്ടിയെ ദത്തെടുക്കുക എന്നത് ഒരാളുടെ മൗലികാവകാശങ്ങളിൽപ്പെടുന്നതല്ലെന്ന് സുപ്രീം കോടതി തന്നെ മുൻപ് പല വിധിന്യായങ്ങളിൽ പറഞ്ഞിട്ടുണ്ട് എന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുക എന്ന തർക്കമില്ലാത്ത കാര്യമാണെന്നും എന്നാൽ വ്യത്യസ്ത കാരണങ്ങളാൽ ഇത്തരം ദത്തെടുക്കൽ ആവശ്യമായി വരാമെന്നും നിരീക്ഷിച്ചു.എതിര്‍ലിംഗത്തിൽ പെടുന്ന ദമ്പതിൾക്കും സ്വവർഗാനുരാഗികളായ ദമ്പതികൾക്കും സമൂഹത്തിൽ വ്യത്യസ്ത രീതിയിലുള്ള സമീപനമാണ് ലഭിക്കുന്നത് എന്നും ബാലാവകാശ കമ്മീഷനും മറ്റു ഹർജിക്കാർക്കും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സുപ്രീംകോടതി ബെഞ്ചിനോട് പറഞ്ഞു.
വിവിധ കാരണങ്ങൾ കൊണ്ട് കുട്ടികളെ ദത്തെടുക്കാൻ കഴിയുമെന്ന് രാജ്യത്തെ നിയമത്തിൽ പറയുന്നതായും സുപ്രീംകോടതി നിരീക്ഷിച്ചു. പങ്കാളികളില്ലാത്ത വ്യക്തികൾക്കും കുട്ടികളെ ദത്തെടുക്കാം. സ്വവർഗ ബന്ധങ്ങളിലുള്ളവർക്കും ദത്തെടുക്കാം. ജൈവികമായി കുട്ടിക്കു ജന്മം നൽകാൻ ശേഷിയുള്ളവർക്കും ദത്തെടുക്കുന്നതിനു തടസമില്ല. ജൈവികമായി കുട്ടിയുണ്ടാകണമെന്ന് ആരെയും നിർബന്ധിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി കഴിഞ്ഞ മാസം മുതൽ വാദം കേട്ടു തുടങ്ങിയിരുന്നു. സുപ്രീംകോടതിയിലെ അഞ്ചംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോഹ്‌ലി, പി എസ് നരസിംഹ എന്നിവർ കേന്ദ്രസർക്കാരിന്റെയും രണ്ട് സംസ്ഥാന സർക്കാരുകളുടെയും വിവിധ മതസംഘടനകളുടെയും പന്ത്രണ്ടോളം ഹർജിക്കാരുടെയും വാദം കേൾക്കുന്നത്. സ്വവർഗ ദമ്പതികളും എൽജിബിടിക്യു+ പ്രവർത്തകരും തങ്ങൾക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സർക്കാരും മതനേതാക്കളും ഒരേ സ്വരത്തിൽ ഇതിനെ എതിർക്കുകയാണ്.
സ്വവർഗ വിവാഹത്തിൽ തീരുമാനമെടുക്കേണ്ടത് ജനങ്ങളാണെന്നും ഇത്തരം വിഷയങ്ങളിൽ തീർപ്പു കൽപിക്കേണ്ടത് കോടതിയല്ലെന്നും കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു അടുത്തിടെ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ സർക്കാരും ജുഡീഷ്യറിയും തമ്മിൽ ഒരു തർക്കമുണ്ടാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. സ്വവർഗ വിവാഹം സംബന്ധിക്കുന്ന ഹർജികൾ സുപ്രിംകോടതി പരിഗണിക്കുന്നതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്വവർഗ പങ്കാളികളാണ് ഹർജികളുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Adoption, Same sex wedding, Supreme court